---
title: "ഹൃദ്യം, അനുപമം ; ചമ്പാട് ശ്രീ ജന്മിപുത്തമ്പുര മഠപ്പുര കലാ ക്ഷേത്ര സംഘടിപ്പിച്ച ചിത്രരചനാ ക്യാമ്പ് നിറച്ചാർത്ത് ശ്രദ്ധേയമായി."
english_title: "Hridhyam, Anupamam ;The painting camp organized by Champat Sri Janmiputhampura Mathpura Kala Kshetra was remarkable."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/94992/hridhyam-anupamam-the-painting-camp-organized-by-champat-sri-janmiputhampura-mathpura-kala-kshetra-was-remarkable"
published_at: "2023-02-06T10:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e084c4da5c6_5e138eed-c006-4a34-a0ef-c67f96c23f8c.jpg"
keywords: []
---

# ഹൃദ്യം, അനുപമം ; ചമ്പാട് ശ്രീ ജന്മിപുത്തമ്പുര മഠപ്പുര കലാ ക്ഷേത്ര സംഘടിപ്പിച്ച ചിത്രരചനാ ക്യാമ്പ് നിറച്ചാർത്ത് ശ്രദ്ധേയമായി.

> **Lead Summary:** **ചമ്പാട്**: ചമ്പാട് ശ്രീ ജന്മിപുത്തമ്പുര മുത്തപ്പൻ മഠപ്പുര കലാക്ഷേത്രയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി ചിത്രരചനാ പഠനത്തിന് തുടക്കമായി. ചിത്ര രചനാ പഠനത്തിന് മുന്നോടിയായി ചിത്രരചനാ ക്യാമ്പ് നിറച്ചാർത്ത് സംഘടിപ്പിച്ചു. പ്രശസ്ത ചിത്രകാരൻ സെൽവൻ മേലൂർ ഉദ്ഘാടനം ചെയ്തു.

## Article Content

**ചമ്പാട്**: ചമ്പാട് ശ്രീ ജന്മിപുത്തമ്പുര മുത്തപ്പൻ മഠപ്പുര കലാക്ഷേത്രയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി ചിത്രരചനാ പഠനത്തിന് തുടക്കമായി. ചിത്ര രചനാ പഠനത്തിന് മുന്നോടിയായി ചിത്രരചനാ ക്യാമ്പ് നിറച്ചാർത്ത് സംഘടിപ്പിച്ചു. പ്രശസ്ത ചിത്രകാരൻ സെൽവൻ മേലൂർ ഉദ്ഘാടനം ചെയ്തു.

സാഹിത്യകാരൻ പ്രേമാനന്ദ് ചമ്പാട് അധ്യക്ഷനായി. കെ.സുനിൽകുമാർ സ്വാഗതവും, എം വി പ്രശാന്ത് നന്ദിയും പറഞ്ഞു. ചിത്രകാരന്മാരായ എ.രവീന്ദ്രൻ മാസ്റ്റർ, വിപിൻദാസ് കണ്ണൂർ, രാജേഷ് പുന്നോൽ, എം സി സജീവൻ, ടി.അശ്വതി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. കെ.സുരേഷ് ബാബു ക്യാമ്പ് കോർഡിനേറ്ററായി. ചിത്രകാരന്മാർ ക്യാമ്പിൽ വരച്ച ചിത്രങ്ങൾ ക്ഷേത്ര കമ്മിറ്റിക്ക് കൈമാറി. ക്യാമ്പിൽ കുട്ടികളുടെ ചിത്രം വരയും നടന്നു. കുട്ടികൾ വരച്ച ചിത്രങ്ങളുടെ പ്രദർശനം ക്ഷേത്രോത്സവത്തിൻ്റെ ഭാഗമായി നടക്കും. ഫിബ്രവരി 10 മുതൽ 14 വരെയാണ് തിരുവപ്പന മഹോത്സവം നടക്കുക.10 ന് ഗ്രാമലയം എന്ന പേരിൽ നൃത്തനൃത്യങ്ങൾ നടക്കും. 7 മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനം പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ അശോകൻ ഉദ്ഘാടനം ചെയ്യും.

ശനിയാഴ്ച വൈകീട്ട് 6ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ എഴുത്തുകാരനും പരിശീലകനുമായ എം.കെ ദീപക്ക് മുഖ്യ പ്രഭാഷണം നടത്തും. തുടർന്ന് മെഗാ സ്റ്റേജ് ഷോ, ജാനു തമാശകൾ എന്നിവ നടക്കും. 12 ന് വൈകീട്ട് 6 മണിക്ക് കലാക്ഷേത്ര ചെണ്ട കലാകാരന്മാർ അണി നിരക്കുന്ന ചെണ്ടമേളം, കലാക്ഷേത്ര വിദ്യാർത്ഥികളുടെ നൃത്തസന്ധ്യ എന്നിവയും, ഗ്രാമ്യകം അവതരിപ്പിക്കുന്ന സാമൂഹ്യ നാടകം അമ്മ വീട് എന്നിവ അരങ്ങിലെത്തും.

13 ന് മുത്തപ്പൻ വെള്ളാട്ടം, കളികപ്പാട്ട്, കലശം തേടൽ, ഭഗവതി വെള്ളാട്ടം എന്നിവ ഉണ്ടാകും. തുടർന്ന് മുത്തുക്കുടകളുടെയും, താള മേളങ്ങളുടെയും അകമ്പടിയോടെ വർണ ശബളമായ ഘോഷയാത്ര നടക്കും. 7 മണിക്ക് രങ്കീഷ് കടവത്തിൻ്റെ പ്രഭാഷണവും, നവകേരള വായനശാലയുടെ കോൽക്കളി അവതരണവും ഉണ്ടാകും.

14 ന് തിരുവപ്പന, അന്നദാനം, പള്ളിവേട്ട, പോതിത്തിറ എന്നിവയോടെ ഉത്സവത്തിന് സമാപനമാകും. ജന്മി പുത്തമ്പുര കലാക്ഷേത്രയുടെ ആഭിമുഖ്യത്തിൽ ചിത്രരചന, ചെണ്ടമേളം, നൃത്തം, അബാക്കസ് എന്നിവയിലേക്ക് പ്രവേശനം ആരംഭിച്ചതായി ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/94992/hridhyam-anupamam-the-painting-camp-organized-by-champat-sri-janmiputhampura-mathpura-kala-kshetra-was-remarkable)