---
title: "മാഹിയിലെ ഇന്ധനവില കണ്ട്ക്കാ...!; പെട്രോളിന് 14 ഉം, ഡീസലിന് 13  ഉം രൂപയുടെ അന്തരം, മദ്യപർക്കും പെര്ത്ത്  സന്തോഷം"
english_title: "Can't see the fuel price in Mahi...!; The difference of 14 rupees for petrol and 13 rupees for diesel, Perth is also happy for alcoholics"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/94671/cant-see-the-fuel-price-in-mahi-the-difference-of-14-rupees-for-petrol-and-13-rupees-for-diesel-perth-is-also-happy-for-alcoholics"
published_at: "2023-02-04T18:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63de50e4b3f02_petrol.jpg"
keywords: []
---

# മാഹിയിലെ ഇന്ധനവില കണ്ട്ക്കാ...!; പെട്രോളിന് 14 ഉം, ഡീസലിന് 13  ഉം രൂപയുടെ അന്തരം, മദ്യപർക്കും പെര്ത്ത്  സന്തോഷം

> **Lead Summary:** **ഇ**ന്ധന വില കേരളവുമായി താരതമ്യം ചെയ്താൽ പെട്രോളിന് 12 രൂപയോളം വ്യത്യാസം മാഹിയിൽ നിലവിലുണ്ട്. ഡീസലിനും വൻ വ്യത്യാസം തന്നെയാണുള്ളത്. അതിനാൽ തന്നെ കണ്ണൂർ - കോഴിക്കോട് വഴി കടന്നു പോകുന്ന വാഹനങ്ങളെല്ലാം തന്നെ മാഹി മേഖലയിലെ പെട്രോൾ പമ്പുകളെയാണ് ആശ്രയിക്കുന്നത്.

## Article Content

**ഇ**ന്ധന വില കേരളവുമായി താരതമ്യം ചെയ്താൽ പെട്രോളിന് 12 രൂപയോളം വ്യത്യാസം മാഹിയിൽ നിലവിലുണ്ട്. ഡീസലിനും വൻ വ്യത്യാസം തന്നെയാണുള്ളത്. അതിനാൽ തന്നെ കണ്ണൂർ - കോഴിക്കോട് വഴി കടന്നു പോകുന്ന വാഹനങ്ങളെല്ലാം തന്നെ മാഹി മേഖലയിലെ പെട്രോൾ പമ്പുകളെയാണ് ആശ്രയിക്കുന്നത്.

കേരള ബജറ്റിൽ പെട്രോൾ, ഡീസൽ എന്നിവയ്ക്ക് രണ്ടു രൂപ സെസ് കൂട്ടുവാൻ തീരു മാനിച്ചതോടെ മാഹി മേഖലയിലെ പെട്രോൾ പമ്പുകളിലെ തിരക്ക് ഇനിയും കൂടും. 2022 മേയ് മൂന്നിന് കേന്ദ്ര സർക്കാർ ഇന്ധന വിലയിലെ എക്സ്സൈസ് ഡ്യൂട്ടി കുറച്ച ശേഷം കഴിഞ്ഞ എട്ടു മാസത്തോളമായി എണ്ണക്കമ്പനികൾ ഇന്ധന വില കൂട്ടിയിട്ടില്ല.

തുടർന്ന് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളോട് വിൽപ്പന നികുതി കുറയ്ക്കുവാൻ ആവശ്യപ്പെട്ടെങ്കിലും കേരളം മാത്രം കുറച്ചില്ല. അതേ സമയം കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരി ഉൾപ്പെട്ട മാഹിയിൽ പുതുച്ചേരി സർക്കാർ നികുതി കുറച്ചതോടെ കേരളവുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ധനങ്ങൾക്ക് വിലയിലെ അന്തരം വലുതായി.

മാഹിയിൽ ലിറ്ററിന് 10 രൂപയക്ക് മേൽ വ്യത്യാസം വന്നതോടെ മാഹിയിൽ ഇന്ധന വിൽപ്പന ഇരട്ടിയിലധികമായി തുടരുകയായിരുന്നു. മാഹിയിൽ പെട്രോൾ വില ലിറ്ററിന് 93.80 രൂപയു ള്ളപ്പോൾ കേരളത്തിൽ 106.03 രൂപയാണ് വില. ഡീസലിന് മാഹിയിൽ 83.72 രൂപയും കേരളത്തിൽ 94.96 രൂപയുമാണ് ഇന്നത്തെ വില.

മാഹിയിൽ നിന്ന് ഇന്ധന കടത്തും തകൃതിയായി നടക്കുന്നുണ്ട്. ഇതിനിടെയാണ് വീണ്ടും രണ്ട് രൂപ കേരളത്തിൽ കൂ ട്ടുന്നത്. ഇതോടെ കേരളത്തെ അപേക്ഷിച്ച് പെട്രോളിന് ലിറ്ററിന് 14 രൂപയും ഡീസലിന് 13 രൂപയും മാഹിയിൽ കുറയും. ബജറ്റിലെ സെസ് കൂടി കേരളത്തിൽ നിലവിൽ വരുമ്പോൾ മാഹിമേഖലയിലെ 16 പമ്പുകളിലും ഇനി തിരക്കോട് തിരക്ക് തന്നെയായിരിക്കും.

കേരളത്തിൽ 300 ശതമാനത്തോളം അന്യായ ടാക്സ് ഏർപ്പെടുത്തിയ മദ്യത്തിനും മാഹിയിൽ തിരക്കേറും. മദ്യത്തിനായി കേരളത്തെ ഉപേക്ഷിച്ച് മാഹിയെ ആശ്രയിക്കുന്നവരുടെ എണ്ണത്തിലും വൻ വർധനയാണ്. തലശേരി , പാനൂർ ഭാഗങ്ങളിൽ ബീവറേജ് ഇല്ലെന്നതും മാഹിക്ക് ഗുണകരമാണ്. ഫലത്തിൽ മാഹിയിലെത്തിയാൽ രണ്ടുണ്ട് കാര്യമെന്നാണ് പലരും അടക്കം പറയുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/94671/cant-see-the-fuel-price-in-mahi-the-difference-of-14-rupees-for-petrol-and-13-rupees-for-diesel-perth-is-also-happy-for-alcoholics)