---
title: "ഇടിത്തീയായി കേരള ബജറ്റ്  ; പെട്രോൾ, ഡീസൽ വില  കൂടും, ഭൂമി, കെട്ടിട നികുതിയും കൂട്ടി, സാധാരണക്കാരൻ്റെ ജീവിതം ദുസ്സഹമാകും."
english_title: "Kerala budget is on fire; Petrol and diesel prices will increase, land and building taxes "
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/94353/kerala-budget-is-on-fire-petrol-and-diesel-prices-will-increase-land-and-building-taxes"
published_at: "2023-02-03T14:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dcd04e83598_Untitled-1_copy.jpg"
keywords: []
---

# ഇടിത്തീയായി കേരള ബജറ്റ്  ; പെട്രോൾ, ഡീസൽ വില  കൂടും, ഭൂമി, കെട്ടിട നികുതിയും കൂട്ടി, സാധാരണക്കാരൻ്റെ ജീവിതം ദുസ്സഹമാകും.

> **Lead Summary:** ഇന്ധന വിലയും മദ്യ വിലയും വാഹന നികുതിയും വൈദ്യുതി തീരുവയും കൂട്ടിയതുൾപ്പെടെ നിർണായക പ്രഖ്യാപനങ്ങളുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ സംസ്ഥാന ബജറ്റ് നിയമസഭയിൽ അവതരിപ്പിച്ചു. സാധാരണക്കാരുടെ ജീവിത ചെലവ് വല്ലാതെ ഉയര്‍ത്തുന്നതാണ് സംസ്ഥാന ബജറ്റ്.

## Article Content

ഇന്ധന വിലയും മദ്യ വിലയും വാഹന നികുതിയും വൈദ്യുതി തീരുവയും കൂട്ടിയതുൾപ്പെടെ നിർണായക പ്രഖ്യാപനങ്ങളുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ സംസ്ഥാന ബജറ്റ് നിയമസഭയിൽ അവതരിപ്പിച്ചു. സാധാരണക്കാരുടെ ജീവിത ചെലവ് വല്ലാതെ ഉയര്‍ത്തുന്നതാണ് സംസ്ഥാന ബജറ്റ്.

മദ്യത്തിനും ഇന്ധനത്തിനും സാമൂഹിക സുരക്ഷാ സെസ് ഏർപ്പെടുത്തിയതോടെ രണ്ടിനും ക്രമാനുഗതമായി വില കൂടും എന്ന് ഉറപ്പായി. പെട്രോള്‍, ഡീസല്‍ എന്നിവയ്ക്ക് ലിറ്ററിന് രണ്ട് രൂപാ നിരക്കില്‍ സാമൂഹ്യ സുരക്ഷാ സെസ് ഏര്‍പ്പെടുത്തുമെന്നാണ് ബജറ്റിലെ സുപ്രധാന പ്രഖ്യാപനം.

ഇതിലൂടെ സാമൂഹ്യസുരക്ഷാ സീഡ് ഫണ്ടിലേയ്ക്ക് അധികമായി 750 കോടി രൂപയാണ് പ്രതീക്ഷിക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു. ഉയരുന്ന ഇന്ധന വിലയ്ക്കൊപ്പം സുരക്ഷാ സെസ്സ് കൂടി ചേര്‍ന്നാല്‍ വീണ്ടും സാധരണക്കാരുടെ കീശ കാലിയാക്കും എന്ന് ഉറപ്പായി. കൂടാതെ, വിദേശ മദ്യ വിലയും കൂടും. 500 രൂപ മുതല്‍ 999 രൂപ വരെ വില വരുന്ന ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന് ഒരു ബോട്ടിലിന് 20 രൂപാനിരക്കിലും 1000 രൂപാ മുതല്‍ മുകളിലോട്ട് വില വരുന്ന മദ്യത്തിന് ബോട്ടിലിന് 40 രൂപാ നിരക്കിലും ഒരു സാമൂഹ്യ സുരക്ഷാ സെസ്സ് ഏര്‍പ്പെടുത്തും.

400 കോടി രൂപയാണ് ഇതിലൂടെ സര്‍ക്കാര്‍ അധികമായി പ്രതീക്ഷിക്കുന്നത്. സംസ്ഥാന ബജറ്റില്‍ കെട്ടിട നികുതിയും പരിഷ്കരിച്ചു. ഭൂമിയുടെ ന്യായവില 20 ശതമാനം കൂട്ടി. ഭൂമി, കെട്ടിട നികുതിയിൽ വലിയ പരിഷ്കാരമാണ് സർക്കാർ വരുത്തിയത്. ഒഴിഞ്ഞു കിടക്കുന്ന കെട്ടിട്ടങ്ങൾക്ക് പ്രത്യേക നികുതി കൊണ്ട് വരും. ഒന്നിലേറെ വീടുകൾക്ക് പ്രത്യേക നികുതി ഏർപ്പെടുത്തു. പട്ടയ ഭൂമിയിലെ നികുതി ഭൂനിവിയോഗത്തിന് അനുസരിച്ച് പരിഷ്കരിക്കുമെന്നും ബജറ്റിൽ പറയുന്നു. ത​ദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഈടാക്കുന്ന കെട്ടിട നികുതി കുറേക്കാലമായി നടപ്പാക്കിയിട്ടില്ലെന്നും സർക്കാർ വ്യക്തമാക്കി. അപേക്ഷാ ഫീസ്, ​കെട്ടിട നിർമാണത്തിനുള്ള പെർമിറ്റ് ഫീസ് എന്നിവയും പരിഷ്കരിക്കും.

ഒരു വ്യക്തിയുടെ  ഉടമസ്ഥതയിലുള്ള ഒന്നിലധികം വീടുകൾക്കും പുതിയതായി നിർമിച്ചതും ഒഴിഞ്ഞു കിടക്കുന്നതുമായ വീടുകൾക്കും നികുതിയും ചുമത്തും. ഭൂമി, കെട്ടിട നികുതി പരിഷ്കാരത്തിലൂടെ ഏകദേശം 1000 കോടിയുടെ വരുമാന വർധനവാണ് സംസ്ഥാന സർക്കാർ പ്രതീക്ഷിക്കുന്നത്. ഖനന മേഖലയിൽ നികുതി വർധിപ്പിക്കാനും പാറകളുടെ വലിപ്പവും തരവും അടിസ്ഥാനത്തിൽ റോയൽറ്റി പരിഷ്കരിക്കാനും തീരുമാനമായി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/94353/kerala-budget-is-on-fire-petrol-and-diesel-prices-will-increase-land-and-building-taxes)