---
title: "ഇനിയെന്ന് തീരും;  അക്കരെ ഇക്കരെ ദുരിതം,കല്ലിക്കണ്ടിപ്പാലം പ്രക്ഷോഭ കേന്ദ്രമാകുന്നു"
english_title: "It will be over;Distress everywhere, Kallikandi Bridge is the center of agitation"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/94339/it-will-be-overdistress-everywhere-kallikandi-bridge-is-the-center-of-agitation"
published_at: "2023-02-03T13:49:00+05:30"
category: "Panoor Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dcc3b1463e7_5fceae68-bb68-45d0-bda6-95c1274b718b.jpg"
keywords: []
---

# ഇനിയെന്ന് തീരും;  അക്കരെ ഇക്കരെ ദുരിതം,കല്ലിക്കണ്ടിപ്പാലം പ്രക്ഷോഭ കേന്ദ്രമാകുന്നു

> **Lead Summary:** **കല്ലിക്കണ്ടി**: നാട്ടുകാരുടെയും യാത്രക്കാരുടെ ക്ഷമകെട്ടു . ഇനിയെന്ന് തീരും? അധികൃതർ ഈ ചോദ്യം കേൾക്കുന്നില്ല.നാടിനെ അക്കരെ ഇക്കരെ നിർത്തിയ ദുരിതം തുടങ്ങിയിട്ട് മാസങ്ങൾ പലത് കഴിഞ്ഞു.

## Article Content

**കല്ലിക്കണ്ടി**: നാട്ടുകാരുടെയും യാത്രക്കാരുടെ ക്ഷമകെട്ടു . ഇനിയെന്ന് തീരും? അധികൃതർ ഈ ചോദ്യം കേൾക്കുന്നില്ല.നാടിനെ അക്കരെ ഇക്കരെ നിർത്തിയ ദുരിതം തുടങ്ങിയിട്ട് മാസങ്ങൾ പലത് കഴിഞ്ഞു.

ഇനി കല്ലിക്കണ്ടിപ്പാലം പ്രക്ഷോഭ കേന്ദ്രമാകുന്നു. പണി പൂർത്തിയായ കല്ലിക്കണ്ടിപ്പാലം ഗതാഗതത്തിന് തുറന്നുകൊടുക്കുന്നത് വൈകുന്നത് അധികൃതരുടെ അനാസ്ഥ തന്നെ. ഇക്കഴിഞ്ഞ ജനുവരി 11-ന് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. തങ്കമണിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗ തീരുമാനങ്ങൾ പൂർണമായും പ്രാവർത്തികമാകാത്തതാണ് കാരണം.

റോഡിന്റെ ഇരുവശങ്ങളിലും പൊതുമരാമത്ത് അധികൃതർ അടയാളപ്പെടുത്തിയ സ്ഥലം കടയുടമകൾതന്നെ പൊളിച്ചുമാറ്റിക്കൊടുക്കുമെന്നായിരുന്നു ധാരണ.

മൂന്നുദിവസത്തിനകം പൊളിച്ചുമാറ്റിയാൽ പണി തുടങ്ങി ജനുവരി അവസാനത്തിൽ പാലം താത്കാലികമായി തുറന്നുകൊടുക്കാമെന്ന് വകുപ്പ് അധികൃതരും യോഗത്തിൽ ഉറപ്പുനൽകിയിരുന്നു. എന്നാൽ ഒരുവശത്തെ കൈയേറ്റം മാത്രമാണ് പൂർണമായും പൊളിച്ചുമാറ്റിയത്.

മറുവശം പാലത്തോടു ചേർന്നു കിടക്കുന്ന ഭാഗം ഉൾപ്പെടെ പൂർണമായായും പൊളിച്ചുമാറ്റിയിട്ടില്ല. ഈ ഭാഗത്ത് ഓവുചാൽ പണിയുന്നില്ല. പൊളിച്ചുമാറ്റിയ ഭാഗത്തെ ഓവുചാലിന്റെ പണി പൂർത്തിയാകാറായി. പാലത്തോടു ചേർന്നുള്ള മറ്റു അനുബന്ധ റോഡ്‌ നിർമാണവും നടന്നുകൊണ്ടിരിക്കുന്നു. ‌

പാലം ഗതാഗതത്തിന് തുറന്നുകൊടുക്കുന്നത് വൈകുന്നതിൽ പ്രതിഷേധിച്ച് എട്ടുമുതൽ പാനൂർ-പാറാട് റൂട്ടിൽ ബസ് സമരം നടത്താൻ ബസ് ഉടമസ്ഥസംഘം പാനൂർ യൂണിറ്റ് തീരുമാനിച്ചു.

പാലം നിർമാണം പൂർത്തിയായതിനുശേഷം കളക്ടർ ഉൾപ്പെടെയുള്ള അധികൃതർക്ക് രണ്ടുതവണ പരാതി നൽകിയെങ്കിലും പാലം തുറന്നുകൊടുക്കാൻ അടിയന്തരനടപടി ഉണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് ബസ് ഓട്ടം നിർത്തിവയ്ക്കാൻ നിർബന്ധിതരായതെന്ന് ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/94339/it-will-be-overdistress-everywhere-kallikandi-bridge-is-the-center-of-agitation)