---
title: "നാളെ മുതൽ  പാനൂർ നഗരസഭയിൽ ഹോട്ടലുകൾക്കും, റസ്റ്റോറൻ്റുകൾക്കും, ഭക്ഷണ നിർമാണശാലകൾക്കും  ഹെൽത്ത് കാർഡ് നിർബന്ധം ; ഇല്ലെങ്കിൽ ലൈസൻസ് റദ്ദാക്കുന്നതുൾപ്പടെയുള്ള നടപടികൾ"
english_title: "Health card mandatory for hotels, restaurants and food factories in Panur municipality from tomorrow"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/93548/health-card-mandatory-for-hotels-restaurants-and-food-factories-in-panur-municipality-from-tomorrow"
published_at: "2023-01-31T10:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d8a0008a9b3_faa89408-2c94-4420-9239-c46f77be31fd.jpg"
keywords: []
---

# നാളെ മുതൽ  പാനൂർ നഗരസഭയിൽ ഹോട്ടലുകൾക്കും, റസ്റ്റോറൻ്റുകൾക്കും, ഭക്ഷണ നിർമാണശാലകൾക്കും  ഹെൽത്ത് കാർഡ് നിർബന്ധം ; ഇല്ലെങ്കിൽ ലൈസൻസ് റദ്ദാക്കുന്നതുൾപ്പടെയുള്ള നടപടികൾ

> **Lead Summary:** പാനൂർ : നഗരസഭയിൽ ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് ഹെൽത്ത് കാർഡ് നിർബന്ധമാക്കി. ഫിബ്രവരി മുതൽ ഹെൽത്ത് കാർഡ് കൈവശം വയ്ക്കാത്ത ഹോട്ടലുകൾ, റസ്റ്റോറൻ്റുകൾ എന്നിവക്കെതിരെ കർശന നടപടിയുണ്ടാകും.

## Article Content

പാനൂർ : നഗരസഭയിൽ ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് ഹെൽത്ത് കാർഡ് നിർബന്ധമാക്കി. ഫിബ്രവരി മുതൽ ഹെൽത്ത് കാർഡ് കൈവശം വയ്ക്കാത്ത ഹോട്ടലുകൾ, റസ്റ്റോറൻ്റുകൾ എന്നിവക്കെതിരെ കർശന നടപടിയുണ്ടാകും.

സ്ഥാപനത്തിലെ ഓരോ ജീവനക്കാരനും ഹെൽത്ത് കാർഡ് കൈവശം വയ്ക്കണം. പാനൂർ താലൂക്കാശുപത്രിയും - പാനൂർ നഗരസഭയും സംയുക്തമായാണ് ഹെൽത്ത് കാർഡും, ഹെൽത്ത് ഫയലും നിർബന്ധമാക്കിയത്. നഗരസഭാ പരിധിക്ക് കീഴിലെ ഹോട്ടലുകൾ, റസ്റ്റോറൻ്റുകൾ ഭക്ഷ്യ വിതരണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഹെൽത്ത് കാർഡ് നിർബന്ധമാക്കി. പരിശോധനാ സമയത്ത് ഹെൽത്ത് കാർഡില്ലാത്ത സ്ഥാപനങ്ങൾക്കെതിരെ ലൈസൻസ് റദ്ദ് ചെയ്യുന്നതുൾപ്പടെയുള്ള നടപടികളുണ്ടാകും. ഭക്ഷണം പാകം ചെയ്യുന്നവരും, വിളമ്പുന്നവരും വ്യക്തി ശുചിത്വം പാലിക്കുക, ആഴ്ചയിൽ 2 ദിവസം നഖം മുറിക്കുക, വൃത്തിയുള്ള വസ്ത്രം ധരിക്കുക, തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ നൽകുക, പ്ലേറ്റ് ഗ്ലാസ് എന്നിവ നൽകുന്നതിന് മുമ്പ് തിളച്ച വെള്ളത്തിൽ കഴുകുക തുടങ്ങിയ ഒട്ടേറെ നിർദ്ദേശങ്ങൾ ഹെൽത്ത് കാർഡിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

പാനൂർ നഗരസഭാധ്യക്ഷൻ വി.നാസർ മാസ്റ്റർ ഹെൽത്ത് കാർഡ് വിതരണ ഉദ്ഘാടനം നിർവഹിച്ചു. പാനൂർ താലൂക്കാശുപത്രിയിലെ ഡോ. രോഷിത്ത് അധ്യക്ഷനായി. ഹെൽത്ത് സൂപ്പർ വൈസർ സി.പി രാജൻ, സി. തുഹിന എന്നിവർ സംസാരിച്ചു. മുനിസിപ്പാലിറ്റി ജെ.എച്ച്.ഐ മജീദ് ക്ലാസെടുത്തു. ഹെൽത്ത് ഇൻസ്പെക്ടർ സി എം ഗോപാലൻ സ്വാഗതവും, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി. ലതിഷ ഭായ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/93548/health-card-mandatory-for-hotels-restaurants-and-food-factories-in-panur-municipality-from-tomorrow)