---
title: "പുകയുന്ന പൂക്കോം ; സർവ്വകക്ഷി യോഗം വിളിക്കണമെന്ന് ആവശ്യം ശക്തം"
english_title: "Pukoom is smoldering There is a demand to call an all-party meeting"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/93333/pukoom-is-smoldering-there-is-a-demand-to-call-an-all-party-meeting"
published_at: "2023-01-30T11:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d75fcf3b273_Untitled-1_copy.jpg"
keywords: []
---

# പുകയുന്ന പൂക്കോം ; സർവ്വകക്ഷി യോഗം വിളിക്കണമെന്ന് ആവശ്യം ശക്തം

> **Lead Summary:** പാനൂർ:പന്ന്യന്നൂർ കൂർമ്പക്കാവിലുണ്ടായ കോൺഗ്രസ് -ബി.ജെ.പി, ആർ എസ് എസ് സംഘർഷത്തെ തുടർന്ന് പന്ന്യന്നൂർ, പൂക്കോം, പാനൂർ മേഖലയിൽ ഉരുത്തിരിയുന്ന അക്രമ രാഷ്ട്രീയ കാർമേഘം ഇരു വിഭാഗത്തിലേയും നേതാക്കളേയും പ്രവർത്തകരേയും സമ്മർദ്ദത്തിലാക്കുന്നു.

## Article Content

പാനൂർ:പന്ന്യന്നൂർ കൂർമ്പക്കാവിലുണ്ടായ കോൺഗ്രസ് -ബി.ജെ.പി, ആർ എസ് എസ് സംഘർഷത്തെ തുടർന്ന് പന്ന്യന്നൂർ, പൂക്കോം, പാനൂർ മേഖലയിൽ ഉരുത്തിരിയുന്ന അക്രമ രാഷ്ട്രീയ കാർമേഘം ഇരു വിഭാഗത്തിലേയും നേതാക്കളേയും പ്രവർത്തകരേയും സമ്മർദ്ദത്തിലാക്കുന്നു.

പന്ന്യന്നൂരിൽ ആർ.എസ്.എസ് ഘണ്ഡ് ശാരീരിക് ശിക്ഷൺ പ്രമുഖ് സി.ടി.കെ അനീഷ്,പാനൂർ ബ്ലോക്ക് പ്രസിഡൻ്റ് കെ.പി ഹാഷിം ഉൾപ്പെടെ നിരവധി പേർക്ക് നേരെ ശാരീരിക അക്രമം നടന്നിരുന്നു. വീടുകൾക്ക് നേരെയും അക്രമവും നടന്നു.സംഭവങ്ങളിൽ പോലീസിനെതിരെ ഇരു കക്ഷികളും ഗുരുതരമായ ആരോപണങ്ങളും ഉന്നയിച്ചിട്ടുണ്ട്. ഒരാഴ്ച്ചക്ക് ശേഷം അക്രമ സംഭവങ്ങൾക്ക് അറുതി വന്നെന്ന ആശ്വാസത്തിനിടെയാണ് കഴിഞ്ഞ ദിവസം പൂക്കാത്ത് ആർ.എസ്.എസ് നേതാവ് വീട്ടിന് നേരെ അക്രമം ഉണ്ടായത്.പൊതുവേ സി.പി.എം-ബി.ജെ.പി സംഘർഷത്തിന് പേര് കേട്ട പാനൂർ – ചൊക്ലി പോലീസ് സ്റ്റേഷൻ പരിധിയിൽ ഇപ്പോൾ കോൺഗ്രസ് – ബി.ജെ.പി സംഘർഷമാണ് നിലനിൽക്കുന്നത്.

അവിചാരിതമായ രീതിയിൽ നേതാക്കൾക്ക് നേരെ അക്രമമുണ്ടാകാമെന്ന നിഗമനത്തിൽ പോലീസ് സുരക്ഷാ സംവിധാനം ശക്തമാക്കിയിട്ടുണ്ട്. രാത്രി റോഡുകളിൽ പരിശോധനയും കർശനമാക്കി.

എന്നാൽ സംഘർഷം പുകയുന്ന സാഹചര്യത്തിൽ ഇരു കക്ഷികളേയും വിളിച്ച് സമാധാനയോഗം വിളിക്കാൻ ഇതുവരെ പോലീസ് മുതിർന്നിട്ടില്ല. പാനൂരിൽ നടത്തിയ പ്രതിഷേധ പ്രകടനങ്ങളിലും പ്രകോപനപരമായ മുദ്രാവാക്യങ്ങൾ ഉയർന്നു. നീണ്ട കാലത്തെ ഇടവേളക്ക് ശേഷം കൊറോണ കാലത്തിന് ശേഷം വ്യാപാരങ്ങളും ഉത്സവങ്ങളും കൂട്ടായ്മകളും സജീവമാകുന്ന കാലത്ത് നേതാക്കളും പ്രവർത്തകരും അക്രമ ഭീതിയിൽ കഴിയേണ്ടി വരുന്നത് ഒട്ടും ആശാസ്യമല്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/93333/pukoom-is-smoldering-there-is-a-demand-to-call-an-all-party-meeting)