---
title: "മനേക്കര– പാനൂർ റൂട്ടിൽ സേവന തത്പരതയുടെ  അരനൂറ്റാണ്ട് ; സജിത്ത്  ബസിന് നാട്ടുകാരുടെ സ്നേഹാദരം"
english_title: "Half a century of service enthusiasm on the Manekkara-Panur route;Sajith Bus is loved by the locals"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/93223/half-a-century-of-service-enthusiasm-on-the-manekkara-panur-routesajith-bus-is-loved-by-the-locals"
published_at: "2023-01-29T19:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d67e650d152_ea6ec0b4-2ea0-420a-bbb8-be48bb76ed98.jpg"
keywords: []
---

# മനേക്കര– പാനൂർ റൂട്ടിൽ സേവന തത്പരതയുടെ  അരനൂറ്റാണ്ട് ; സജിത്ത്  ബസിന് നാട്ടുകാരുടെ സ്നേഹാദരം

> **Lead Summary:** ** പാനൂർ**:മനേക്കര–പാനൂർ റൂട്ടിൽ 53 വർഷം സർവീസ് നടത്തി യാത്രക്കാരുടെ ജീവിതത്തിന്റെ ഭാഗമായ സജിത്ത് ബസിനും ബസ് ഉടമയ്ക്കും നാട്ടുകാരുടെ സ്നേഹാദരം. മനേക്കര പൗരാവലിയും ഇഎംഎസ് സ്മാരക വായനശാലയുമാണ് സ്നേഹാദരം ഒരുക്കിയത്. പേരും റൂട്ടും മാറാതെയുള്ള സജിത്തിൻ്റെ ഓട്ടം 53 വർഷത്തിലെത്തിയത് അക്ഷരാർത്ഥത്തിൽ നാട്ടുകാർ ആഘോഷമാക്കി. മധുര പലഹാര വിതരണവും നടത്തി.

## Article Content

** പാനൂർ**:മനേക്കര–പാനൂർ റൂട്ടിൽ 53 വർഷം സർവീസ് നടത്തി യാത്രക്കാരുടെ ജീവിതത്തിന്റെ ഭാഗമായ സജിത്ത് ബസിനും ബസ് ഉടമയ്ക്കും നാട്ടുകാരുടെ സ്നേഹാദരം. മനേക്കര പൗരാവലിയും ഇഎംഎസ് സ്മാരക വായനശാലയുമാണ് സ്നേഹാദരം ഒരുക്കിയത്. പേരും റൂട്ടും മാറാതെയുള്ള സജിത്തിൻ്റെ ഓട്ടം 53 വർഷത്തിലെത്തിയത് അക്ഷരാർത്ഥത്തിൽ നാട്ടുകാർ ആഘോഷമാക്കി. മധുര പലഹാര വിതരണവും നടത്തി.

തലശ്ശേരിയിൽ‌ നിന്ന് മനേക്കര വഴി പാനൂരിൽ ആദ്യമായി സർവീസ് നടത്തിയതും സജിത്ത് ബസാണ്. 1969ലാണ് കോടിയേരിയിലെ കെ.വേലായുധൻ ബസ് വാങ്ങിയത്. തലശ്ശേരിയിൽ നിന്ന് മനേക്കര വരെയായിരുന്നു ആദ്യ സർവീസ്. പന്ന്യന്നൂർ പഞ്ചായത്ത് ഓഫിസിനു സമീപത്തു നിന്ന് തിരിച്ചു പോകും.

മനേക്കരയിൽ നിന്ന് പാനൂരിലേക്കുള്ള വീതി കുറഞ്ഞ മൺ റോഡിൽ ബസ് ഗതാഗതം സാധ്യമായിരുന്നില്ല. നാട്ടുകാരുടെ ശ്രമത്തിൽ റോഡിന് വീതി കൂട്ടിയതോടെ 1971ൽ പാനൂരിലേക്ക് ഓട്ടം ആരംഭിച്ചു. രാവിലെ 6.30 ന് ആരംഭിക്കുന്ന ട്രിപ്പ് രാത്രി 10.30ന് പാനൂരിൽ അവസാനിക്കുകയായിരുന്നു പതിവ്.

ബസുകളുടെ എണ്ണം കൂടിയതോടെ ട്രിപ്പിലും കുറവ് വന്നിട്ടുണ്ട്. കൾ .വേലായുധൻ്റെ രണ്ടാമത്തെ മകൻ സജിത്തിന്റെ പേരാണ് ബസിനു നൽകിയത്. കെഎൽസി 5343 നമ്പർ ബസിൽ തുടങ്ങി. 1980ൽ 7 ബസുകളുടെ ഉടമയാകാൻ വേലായുധന് കഴിഞ്ഞു. തലശ്ശേരിയിൽ നിന്ന് സുൽത്താൻ ബത്തേരിയിലേക്കും, കോഴിക്കോട്ടേക്കും, തൃശൂരിലേക്കും ബസ് സർവീസ് നടത്താൻ കഴിഞ്ഞു. ഇപ്പോൾ പാനൂർ–മനേക്കര–തലശ്ശേരി റൂട്ടിലോടുന്ന സജിത്ത് ബസ് മാത്രമേ ഉള്ളൂ. ഓട്ടത്തിന്റെ സമയത്തിലും ജീവനക്കാരുടെ പെരുമാറ്റത്തിലും ഉടമയുടെ സൗമനസ്യത്തിലും നാട്ടുകാരുടെ പ്രിയപ്പെട്ട ബസായി സജിത്ത് ഇതിനകം മാറിക്കഴി‍ഞ്ഞിരുന്നു. ഇക്കഴിഞ്ഞ കോവിഡ് കാലത്ത് നഷ്ടം സഹിച്ചും സജിത്ത് നാട്ടുകാർക്ക് തുണയായി സർവീസ് നടത്തിയിരുന്നു.

മനേക്കര ഇ എം എസ് വായനശാലാ പരിസരത്ത് നടന്ന സ്നേഹാദരവ് പന്ന്യന്നൂർ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അശോകൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി.കെ.രമ അധ്യക്ഷത വഹിച്ചു. വി.പി. ചാത്തു മാസ്റ്റർ, എൻ.പി രാജൻ, ഇ.ഗോപാലൻ, സി.കെ ഗംഗാധരൻ, കെ. ചന്ദ്രബാബു, എൻ പവിത്രൻ എന്നിവർ സംസാരിച്ചു. സജിത്ത് ബസുടമ കെ.വേലായുധൻ മറുപടി പ്രസംഗം നടത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/93223/half-a-century-of-service-enthusiasm-on-the-manekkara-panur-routesajith-bus-is-loved-by-the-locals)