---
title: "പെരിയാണ്ടി -  പന്ന്യന്നൂർ - മൊകേരി വയൽ റോഡ് നിർമ്മാണം ; ഉദ്യോഗസ്ഥരെയും കരാറുകാരനെയും നിർത്തിപ്പൊരിച്ച് സ്പീക്കർ എ.എൻ ഷംസീർ."
english_title: "Construction of Periandi-Panniannur-Mokeri field road; Speaker A.N. Shamseer stopped the officials and the contractor"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/92513/construction-of-periandi-panniannur-mokeri-field-road-speaker-an-shamseer-stopped-the-officials-and-the-contractor"
published_at: "2023-01-26T12:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d2221db818f_e92ca7a3-0187-46fa-ac0d-ee69485fcdd7.jpg"
keywords: []
---

# പെരിയാണ്ടി -  പന്ന്യന്നൂർ - മൊകേരി വയൽ റോഡ് നിർമ്മാണം ; ഉദ്യോഗസ്ഥരെയും കരാറുകാരനെയും നിർത്തിപ്പൊരിച്ച് സ്പീക്കർ എ.എൻ ഷംസീർ.

> **Lead Summary:** ** പന്ന്യന്നൂർ**: വഴിയാത്ര പോലും ദുസ്സഹമായ പെരിയാണ്ടി - പന്ന്യന്നൂർ - മൊകേരി വയൽ റോഡിന്റെ നവീകരണ പ്രവൃത്തി എങ്ങുമെത്താത്തതിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ ഉദ്യോഗസ്ഥർക്കും, കരാറുകാരനും അന്ത്യശാസനം നൽകി സ്പീക്കർ അഡ്വ.എ.എൻ ഷംസീർ. എം എൽ എ ഓഫീസിലാണ് യോഗം ചേർന്നത്.

## Article Content

** പന്ന്യന്നൂർ**: വഴിയാത്ര പോലും ദുസ്സഹമായ പെരിയാണ്ടി - പന്ന്യന്നൂർ - മൊകേരി വയൽ റോഡിന്റെ നവീകരണ പ്രവൃത്തി എങ്ങുമെത്താത്തതിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ ഉദ്യോഗസ്ഥർക്കും, കരാറുകാരനും അന്ത്യശാസനം നൽകി സ്പീക്കർ അഡ്വ.എ.എൻ ഷംസീർ. എം എൽ എ ഓഫീസിലാണ് യോഗം ചേർന്നത്.

ഡിസം: 31 ന് റോഡ് പണി പൂർത്തിയാക്കി ഉദ്ഘാടനം നടത്താൻ എ.ഡി.എമ്മിൻ്റെ അധ്യക്ഷതയിൽ നടന്ന ജില്ലാതലയോഗത്തിൽ തീരുമാനമെടുത്തെങ്കിലും പണി എങ്ങുമെത്തിയില്ല. ഇതേ തുടർന്നാണ് സ്പീക്കറും സ്ഥലം എം എൽ എ യുമായ സ്പീക്കർ നേരിട്ട് യോഗം വിളിച്ചത്.

ഏപ്രിൽ മാസത്തോടെ റോഡ് പണി പൂർത്തിയാക്കാമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞെങ്കിലും എം എൽ എ അനുവദിച്ചില്ല. ഫിബ്രവരി മാസത്തിനുള്ളിൽ പണി പൂർത്തിയാക്കണമെന്നും അല്ലെങ്കിൽ കരാറുകാരനെ കരിമ്പട്ടികയിൽ പെടുത്തുന്നതടക്കമുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് സ്പീക്കർ മുന്നറിയിപ്പ് നൽകി. ജനങ്ങളുടെ ദുരിതം ഒരു ജന പ്രതിനിധിയെന്നനിലയിൽ കണ്ടു നിൽക്കാനാവില്ലെന്നും സ്പീക്കർ യോഗത്തിൽ പറഞ്ഞു.

ജില്ലാ പഞ്ചായത്തംഗം ഇ. വിജയൻ മാസ്റ്റർ, പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ. ശൈലജ, പന്ന്യന്നൂർ പഞ്ചായത്ത് പ്രസി. സി.കെ അശോകൻ, പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.കെ മണിലാൽ, കെ.സുരേന്ദ്രൻ എന്നിവരും പങ്കെടുത്തു. പ്രധാനമന്ത്രി ഗ്രാമീൺ സഡക്ക് യോജന പദ്ധതിയിലുൾപ്പെടുത്തി ഒരു വർഷം മുമ്പ് ആരംഭിച്ച റോഡ് പ്രവൃത്തിയാണ് അനിശ്ചിതമായി നീളുന്നത്. ജലജീവൻ മിഷൻ പദ്ധതിയിൽ  കുടിവെള്ള വിതരണത്തിനായുളള പൈപ്പിടൽ പ്രവൃത്തി പൂർത്തിയാവാത്തതാണ് റോഡിന്റെ ദുസ്ഥിതിക്ക് കാരണമാവുന്നത്.

കാലം തെറ്റിയെത്തിയ മഴ കാരണം കുഴിയെടുക്കാൻ കഴിയാത്തതാണ് പൈപ്പിടൽ വൈകിയതെന്നാണ് ജലവിഭവവകുപ്പ് പറയുന്നത്. അരയാക്കൂൽ ഭാഗം വരെയുള്ള ഒന്നാം ഘട്ടവും, മൊകേരി വയൽ വരെയുള്ള രണ്ടാം ഘട്ടവും പൂർത്തിയായി. എന്നാൽ കുഴികൾ പൂർണമായും നികത്തി ജലവിഭവ വകുപ്പ് റോഡ് വിട്ടുനൽകാത്തതിനാൽ ഒന്നാം ഘട്ടത്തിലെ പ്രവൃത്തിയാരംഭിക്കാൻ കഴിയുന്നില്ലെന്നാണ് പി.എം.ജി.എസ്.വൈ. എൻജിനീയർ പറയുന്നത്.    

  പൈപ്പിടൽ പ്രവൃത്തി നവംബർ 13 ന് ആരംഭിച്ച് 28 ന് പൂർത്തിയാക്കാനായിരുന്നു കണ്ണൂരിൽ എ.ഡി.എം കെ.കെ. ദിവാകരന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചത്. എന്നാൽ പൈപ്പിടാൻ റോഡിൽ കുഴിയെടുക്കുന്നതിന് പി.എം.ജി.എസ്.വൈ. വിഭാഗത്തിന് അടയ്ക്കാൻ കണക്കാക്കിയ തുക വർധിച്ചതിനാൽ മന്ത്രിതലത്തിൽ ഇടപെടേണ്ടി വന്നതാണ് നടപടികൾ വൈകിച്ചത്.

നിശ്ചയിച്ച തുകയിൽ കുറവ് വരുത്തി പണമടച്ചപ്പോഴേക്കും മഴയും പെയ്തു. എട്ടുമീറ്റർ വീതിയിൽ ചൊക്ളി പെരിയാണ്ടി മുതൽ മൊകേരി പാത്തിപ്പാലം ടൗൺ വരെയുള്ള 5845 മീറ്റർ റോഡ് നവീകരണത്തിന് 3.13 കോടി രൂപയാണ് അനുവദിക്കപ്പെട്ടത്. എടയന്നൂർ സ്വദേശി കരാറേറ്റെടുത്ത് 2022 ജനുവരിയിൽ പ്രവൃത്തിയാരംഭിച്ചിരുന്നു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/92513/construction-of-periandi-panniannur-mokeri-field-road-speaker-an-shamseer-stopped-the-officials-and-the-contractor)