---
title: "പാനൂർ പൊലീസിൽ ബിജെപിയുടെ ഫ്രാക്ഷൻ പ്രവർത്തിക്കുന്നു, പന്ന്യന്നൂരിൽ ഇന്ന് കോൺഗ്രസിൻ്റെ പ്രതിഷേധ കൂട്ടായ്മ."
english_title: "A faction of the BJP is working in the Pannur police, a protest group of the Congress today in Panniannur."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/91718/a-faction-of-the-bjp-is-working-in-the-pannur-police-a-protest-group-of-the-congress-today-in-panniannur"
published_at: "2023-01-22T10:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ccc2dea574f_4481a1c3-ba02-475e-a7e5-318a28000480.jpg"
keywords: []
---

# പാനൂർ പൊലീസിൽ ബിജെപിയുടെ ഫ്രാക്ഷൻ പ്രവർത്തിക്കുന്നു, പന്ന്യന്നൂരിൽ ഇന്ന് കോൺഗ്രസിൻ്റെ പ്രതിഷേധ കൂട്ടായ്മ.

> **Lead Summary:**  പന്ന്യന്നൂര്‍ കൂറുമ്പക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചു നടന്ന സംഘര്‍ഷത്തില്‍ അക്രമികൾക്കെതിരെ നടപടിയെടുക്കാത്ത പാനൂർ പോലിസ് നിരപരാധികളായ സ്ത്രികൾ ഉൾപെടെയുള്ള പ്രവർത്തകരെ വേട്ടയാടുകയാണെന്ന ആരോപണവുമായി കോൺഗ്രസ് നേതാക്കൾ.

## Article Content

 പന്ന്യന്നൂര്‍ കൂറുമ്പക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചു നടന്ന സംഘര്‍ഷത്തില്‍ അക്രമികൾക്കെതിരെ നടപടിയെടുക്കാത്ത പാനൂർ പോലിസ് നിരപരാധികളായ സ്ത്രികൾ ഉൾപെടെയുള്ള പ്രവർത്തകരെ വേട്ടയാടുകയാണെന്ന ആരോപണവുമായി കോൺഗ്രസ് നേതാക്കൾ.

പൊലീസിൻ്റെ നിഷേധാത്മക സമീപനത്തിനെതിരെ കൂറുമ്പക്കാവ് പരിസരത്ത് ഇന്ന് വൈകീട്ട് 4 മണിക്ക് നടക്കുന്ന പ്രതിഷേധ കൂട്ടായ്മ കെ.മുരളീധരൻ എം പി ഉദ്ഘാടനം ചെയ്യുമെന്ന് നേതാക്കൾ തലശേരിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഉത്സവ സ്ഥലത്ത് സംഘര്‍ഷ സാധ്യത ഉണ്ടെന്ന്  കാണിച്ച് നിരവധി തവണ പോലീസിനോട് സഹായം ആവശ്യപ്പെട്ടിട്ടും അത് കേള്‍ക്കാനൊ, ഉത്സവത്തിന് സംരക്ഷണം നൽകാനൊ പോലീസ് കൂട്ടാക്കിയില്ല. പാനൂരിലെ ആര്‍.  എസ്. എസ് നേതാവ് ജയകുമാറിന്റെ സഹോദരന്‍ ജയദേവന്‍ എന്ന അഡീഷണൽ എസ്‌ഐ.യെയാണ് സ്ഥലത്ത് പോലിസിനെ നിയന്ത്രിച്ചത്. ഇദ്ദേഹമാണ് ആർ.എസ്.എസ്.അനുകൂല സമീപനം സ്വീകരിക്കുന്നത്.

പാനൂർ പോലിസിൽ ബി.ജെ.പി.യുടെ ഫ്രാക്ഷൻ പ്രവർത്തിക്കുന്നുണ്ട്. സി.പി.എം.സംസ്ഥാന സിക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ ഇക്കാര്യം നേരത്തെ പറഞ്ഞതും കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടി.

-കോൺഗ്രസ് പ്രവർത്തകർ നേരിടുന്ന ആക്രമങ്ങളെ പറ്റി നാട്ടുകാരെ അറിയിക്കാൻ പ്രദേശത്തെ ഓരോ വീടുകളിലും കയറി വിശദീകരണം നൽകും. കുടുംബയോഗങ്ങൾ വിളിച്ചു ചേർത്തും വസ്തുതകൾ നിരത്തും.

ആർ.എസ്.എസ്.അക്രമത്തിനിരയായി ഗുരുതരാവസ്ഥയിൽ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ കഴിയുന്ന യൂത്ത് കോൺഗ്രസ് നേതാവ് സന്ദീപിൻ്റെ ചികിത്സാ ചിലവും കുടുംബങ്ങളിൽ നിന്ന് ശേഖരിക്കും.

പന്ന്യനൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഞായറാഴ്ച വൈകിട്ട് 4 ന് പന്യനൂർ പനക്കാട്ട് ശ്രീ കുറുമ്പ ഭഗവതി  ക്ഷേത്ര പരിസരത്ത്  പ്രതിഷേധ കൂട്ടായ്മ നടത്തും.

കെ. മുരളീധരൻ എം.പി പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ വി. രാധാകൃഷ്ണൻ മാസ്റ്റർ, അഡ്വ. സി ടി. സജിത്ത്, വി. സി പ്രസാദ്, ടി. പി. പ്രേമനാഥൻ മാസ്റ്റർ, കെ. ശശിധരൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/91718/a-faction-of-the-bjp-is-working-in-the-pannur-police-a-protest-group-of-the-congress-today-in-panniannur)