---
title: "പാനൂർ നഗരസഭായോഗം: നിർദേശിച്ച സമയത്ത് പ്രവൃത്തികൾ പൂർത്തിയാക്കണം"
english_title: "Panur Municipal Council: The works should be completed within the prescribed time"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/91302/panur-municipal-council-the-works-should-be-completed-within-the-prescribed-time"
published_at: "2023-01-19T19:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c9537dab460_download_(4).jpg"
keywords: []
---

# പാനൂർ നഗരസഭായോഗം: നിർദേശിച്ച സമയത്ത് പ്രവൃത്തികൾ പൂർത്തിയാക്കണം

> **Lead Summary:** പാനൂർ : നിശ്ചിത സമയത്തിനുള്ളിൽ നിർമാണം പൂർത്തീകരിക്കാത്ത കരാറുകാർക്കെതിരേ നടപടി സ്വീകരിക്കണമെന്ന് പാനൂർ നഗരസഭ കൗൺസിൽ യോഗത്തിൽ ആവശ്യമുയർന്നു.

## Article Content

പാനൂർ : നിശ്ചിത സമയത്തിനുള്ളിൽ നിർമാണം പൂർത്തീകരിക്കാത്ത കരാറുകാർക്കെതിരേ നടപടി സ്വീകരിക്കണമെന്ന് പാനൂർ നഗരസഭ കൗൺസിൽ യോഗത്തിൽ ആവശ്യമുയർന്നു.

കുടിവെള്ള പദ്ധതികളും റോഡ് നവീകരണ പ്രവൃത്തികളും സമയബന്ധിതമായി പൂർത്തിയാക്കാൻ അടിയന്തര ഇടപെടലുകൾ നടത്തണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു. കാട്ടിമുക്ക്, കണ്ണംവെള്ളി -എലാങ്കോട് റോഡ്, അണിയാരം ശിവ ക്ഷേത്രം റോഡ്, കുഞ്ഞിത്തൈയ്യുള്ളതിൽ പാറക്കണ്ടി റോഡ്, പാലക്കൂൽ അവയാട് കുന്ന് ലക്ഷം വീട് കോളനി റോഡ് എന്നിവയുടെ ശോച്യാവസ്ഥ പരിഹരിക്കാൻ അടിയന്തര നടപടികൾ വേണമെന്ന് ഷീജ കണ്ണമ്പ്രത്ത്, കെ. ദാസൻ, ശ്രീന പ്രമോദ്, സജിത അനീവൻ എന്നിവർ ആവശ്യപ്പെട്ടു.

ഉപ്പുവെള്ളം കയറി കുടിവെള്ളം കിട്ടാത്ത സ്ഥിതിക്ക് പരിഹാരമുണ്ടാക്കണമെന്ന് എം.ടി.കെ. ബാബു ആവശ്യപ്പെട്ടു. പ്രോജക്ടുകൾ പലതുമുണ്ടായിട്ടും നടപ്പാക്കാനാവുന്നില്ല.

കുടിവെള്ള പദ്ധതികൾക്ക് ആവശ്യമായ തുക വകയിരുത്തണമെന്നും ആവശ്യമുയർന്നു. നഗരസഭാ പരിധിയിലെ 49 ആശാവർക്കർമാരുടെ സേവനം എല്ലാ മേഖലകളിലും ഒരേ പോലെ ലഭ്യമാക്കാൻ ആവശ്യമായ ക്രമീകരണം നടത്തണമെന്ന് കെ.അൻസാർ ആവശ്യപ്പെട്ടു

ചില വാർഡുകളിൽ സാങ്കേതികാനുമതി ലഭിച്ച് പണി തുടങ്ങുമ്പോൾ തൊട്ടടുത്ത വാർഡിലെ അടങ്കൽ പോലും തയ്യാറാക്കാത്ത സ്ഥിതിയുണ്ടെന്നും ഇതിന് പരിഹാരം ഉണ്ടാകണമെന്നും ആവശ്യമുയർന്നു.

എം. രത്നാകരൻ, കെ.കെ. സുധീർ കുമാർ കെ.പി. സാവിത്രി എ.എം. രാജേഷ്, എം.പി. ശ്രീജ തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു. ഈ മാസം അവസാനത്തോടെ എല്ലാ പ്രവൃത്തികളുടെയും എസ്റ്റിമേറ്റ് തയ്യാറാക്കുമെന്ന് ചെയർമാൻ വി. നാസർ പറഞ്ഞു.

നിർമാണം കാലാവധിക്കു മുൻപ്‌ പൂർത്തിയാക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ചെയർമാൻ അറിയിച്ചു. നഗരസഭ വികസന സെമിനാർ 25-ന് 10-ന് പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ നടത്തും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/91302/panur-municipal-council-the-works-should-be-completed-within-the-prescribed-time)