---
title: "തലശേരിയിൽ വഴിയോര വിശ്രമ കേന്ദ്രം ടേക്ക് എ ബ്രേക്ക് പ്രവർത്തനം തുടങ്ങി."
english_title: "Roadside rest center Take a Break started functioning in Thalassery."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/91225/roadside-rest-center-take-a-break-started-functioning-in-thalassery"
published_at: "2023-01-19T14:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c90b2dbe5e3_6031555e-e47c-4fbe-910f-877b118b5de5.jpg"
keywords: []
---

# തലശേരിയിൽ വഴിയോര വിശ്രമ കേന്ദ്രം ടേക്ക് എ ബ്രേക്ക് പ്രവർത്തനം തുടങ്ങി.

> **Lead Summary:** **തലശ്ശേരി**:പദ്ധതികൾ നടപ്പാക്കുന്നതുപോലെ പ്രാധാന്യം അതിന്റെ നടത്തിപ്പിനും നൽകണമെന്നും കൃത്യമായി പരിപാലിക്കപ്പെടുന്ന കെട്ടിടങ്ങളും നിർമ്മിതികളും നാളെക്ക് മുതൽ കൂട്ടാകുമെന്നും നിയമസഭാ സ്പീക്കർ അഡ്വ. എ എൻ ഷംസീർ.

## Article Content

**തലശ്ശേരി**:പദ്ധതികൾ നടപ്പാക്കുന്നതുപോലെ പ്രാധാന്യം അതിന്റെ നടത്തിപ്പിനും നൽകണമെന്നും കൃത്യമായി പരിപാലിക്കപ്പെടുന്ന കെട്ടിടങ്ങളും നിർമ്മിതികളും നാളെക്ക് മുതൽ കൂട്ടാകുമെന്നും നിയമസഭാ സ്പീക്കർ അഡ്വ. എ എൻ ഷംസീർ.

തലശ്ശേരിയിൽ പുതുതായി നിർമ്മിച്ച വഴിയോര വിശ്രമ കേന്ദ്രം 'ടേക്ക് എ ബ്രേക്കി'ന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തലശ്ശേരി നഗരത്തിൽ എത്തുന്നവർക്ക് വിശ്രമിക്കാനും പ്രാഥമിക കൃത്യങ്ങൾ നിർവ്വഹിക്കുന്നതിനുമുള്ള ബുദ്ധിമുട്ടുകൾ ഇനി ഉണ്ടാവില്ല. ഷോപ്പിംഗ് കോംപ്ലക്സുകളോട് കിടപിടിക്കുന്ന രീതിയിൽ നിർമ്മിച്ച കെട്ടിടം ടൂറിസം രംഗത്തിനും മുതൽ കൂട്ടാണെന്നും സ്പീക്കർ പറഞ്ഞു.

സംസ്ഥാന സർക്കാറിന്റെ സ്വപ്ന പദ്ധതിയിൽ ഒന്നാണ് സംസ്ഥാനത്താകെ നഗരങ്ങളിൽ വഴിയോര വിശ്രമ കേന്ദ്ര നിർമ്മാണം. തലശ്ശേരിയിൽ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ സെൻട്രൽ ഫിനാൻസ് കമ്മീഷൻ ടൈഡ് ഫണ്ടിൽ നിന്നും 50ലക്ഷം രൂപ വിനിയോഗിച്ചാണ് ഇരുനില കെട്ടിടം ഒരുക്കിയത്.

താഴത്തെ നിലയിൽ സ്‌ത്രീകൾക്കും മുകളിലെ നിലയിൽ പുരുഷൻമാർക്കായി ആകെ 32 ടോയ്ലറ്റുകളുണ്ട്. ഇതുകൂടാതെ വിശ്രമമുറി, ക്ലോക്ക്റൂം, കഫറ്റീരിയ, പൂന്തോട്ടം എന്നിവയുമുണ്ട്. 2022 - 23 സാമ്പത്തിക വർഷത്തെ പദ്ധതി പ്രകാരം ഭിന്നശേഷി സൗഹൃദമായാണ് കെട്ടിടം നിർമ്മിച്ചത്.

തലശ്ശേരിയിലെ ചിത്രകലാധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് കെട്ടിടത്തിന്റെ ചുവരുകളിൽ തലശ്ശേരിയുടെ ചരിത്രം വിളിച്ചോതുന്ന ചിത്രങ്ങളും വരച്ചിട്ടുണ്ട്.

തലശ്ശേരി പുതിയ ബസ് സ്റ്റാന്റ് സദാനന്ദപൈ ജംഗ്ഷനിൽ നടന്ന ഉദ്ഘാടന പരിപാടിയിൽ നഗരസഭാ അധ്യക്ഷ കെഎം ജമുനാറാണി ടീച്ചർ അധ്യക്ഷത വഹിച്ചു.

സംസ്ഥാന ബഡ്സ് കലോത്സവത്തിൽ ലളിതഗാന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ നഗരസഭാ ബഡ്സ് സ്കൂൾ വിദ്യാർഥി അജ്ഞനക്കും കെട്ടിടം പണിപൂർത്തീകരിച്ച കോൺട്രാക്ടർ സിദ്ദിഖിനും സ്പീക്കർ ഉപഹാരം നൽകി.

നഗരസഭ വൈസ് ചെയർമാൻ വാഴയിൽ ശശി, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ടി കെ സാഹിറ, നഗരസഭാംഗം തബസം, എക്സിക്യൂട്ടീവ് എൻജിനീയർ എം സി ജസ്വന്ത്, നഗരസഭാ സെക്രട്ടറി ബിജുമോൻ ജേക്കബ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ രമേശൻ, പൊന്ന്യം കൃഷ്ണൻ, എം പി അരവിന്ദാക്ഷൻ, എം പി സുമേഷ്, വരക്കൂൽ പുരുഷു, മുസ്തഫ, ഒതയോത്ത് രമേശൻ, ജോർജ് പീറ്റർ, വർക്കി വട്ടപ്പാറ നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാർ, പാർട്ടി കൗൺസിൽ ലീഡർമാർ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/91225/roadside-rest-center-take-a-break-started-functioning-in-thalassery)