---
title: "അമിതഭാരം : പാനൂരിൽ  ടിപ്പറുകൾ പിടിച്ചു"
english_title: "Overload: Tippers caught in Panur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/91215/overload-tippers-caught-in-panur"
published_at: "2023-01-19T14:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c904e0263be_download_(3).jpg"
keywords: []
---

# അമിതഭാരം : പാനൂരിൽ  ടിപ്പറുകൾ പിടിച്ചു

> **Lead Summary:** **കണ്ണൂർ**: അമിതഭാരം കയറ്റുന്ന വാഹനങ്ങൾ പിടികൂടാൻ വിജിലൻസ് നടത്തിയ ‘ഓപ്പറേഷൻ ഓവർ ലോഡ്-രണ്ട്’ പ്രകാരം ജില്ലയിൽനിന്ന് 27 ടിപ്പറുകൾ പിടിച്ചു.

## Article Content

**കണ്ണൂർ**: അമിതഭാരം കയറ്റുന്ന വാഹനങ്ങൾ പിടികൂടാൻ വിജിലൻസ് നടത്തിയ ‘ഓപ്പറേഷൻ ഓവർ ലോഡ്-രണ്ട്’ പ്രകാരം ജില്ലയിൽനിന്ന് 27 ടിപ്പറുകൾ പിടിച്ചു.

തളിപ്പറമ്പിൽ അഞ്ചും ഇരിട്ടിയിൽ 11-ഉം പാനൂരിൽ ആറും പയ്യന്നൂർ, പെരിങ്ങോം ഭാഗങ്ങളിൽനിന്ന് അഞ്ചും ടിപ്പറുകളുമാണ് പിടികൂടിയതെന്ന് വിജിലൻസ് ഡിവൈ.എസ്.പി. ബാബു പെരിങ്ങേത്ത് അറിയിച്ചു. ഇവരിൽനിന്ന് പിഴയായി 5,19,250 രൂപ മോട്ടോർ വാഹനവകുപ്പ് ഈടാക്കി.

ചട്ടംലംഘിച്ചും നികുതിവെട്ടിച്ചും വൻതോതിൽ കരിങ്കല്ലും മറ്റും കടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന വ്യാപകമായി വിജിലൻസിന്റെ നേതൃത്വത്തിൽ വാഹന പരിശോധന നടന്നു. രാവിലെ ഏഴുമുതൽ എട്ടുവരെ നടത്തിയ പരിശോധനയിലാണ് ഇത്രയും വാഹനങ്ങൾ പിടിച്ചത്.

വിജിലൻസ് പരിശോധനയുണ്ടെന്നറിഞ്ഞ് പിന്നീട് ടിപ്പറുകൾ റോഡിലിറങ്ങിയില്ല. അംഗീകൃതമായതിന്റെ മൂന്നിരട്ടിയിലധികം ഭാരം കയറ്റിയാണ് ടിപ്പറുകൾ പോകുന്നതെന്ന് കണ്ടെത്തി.

ജി.എസ്.ടി.യുടെ ബില്ല് പോലും വാഹനത്തിലുണ്ടായിരുന്നില്ല. രാവിലെ എട്ടിന് ലോറികൾ പിടിച്ച വിവരം അറിയിച്ചിട്ടും മോട്ടോർ വാഹന-ജി.എസ്.ടി. അധികൃതർ എത്തിയത് 11 മണിക്കുശേഷം.

വാഹനങ്ങൾ തടയുന്നത് ഒഴിവാക്കാൻ മോട്ടോർ വാഹന-ജി.എസ്.ടി. ഉദ്യോഗസ്ഥർക്ക് മാസപ്പടി നൽകുന്നുണ്ടെന്ന് പിടിയിലായ ലോറി ജീവനക്കാർ വിജിലൻസ് ഉദ്യോഗസ്ഥരോട് പറഞ്ഞുവെന്നാണ് വിവരം.

ഇൻസ്പെക്ടർമാരായ കെ.വി. പ്രമോദൻ, പി. സുനിൽകുമാർ, ഷാജിപട്ടേരി എന്നിവരും വാഹന പരിശോധനയ്ക്ക് നേതൃത്വം നൽകി.ഉദ്യോഗസ്ഥർക്ക് മാസപ്പടി നൽകുന്നുണ്ടെന്ന് കണ്ടെത്തി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/91215/overload-tippers-caught-in-panur)