---
title: "ബൈക്ക് മോഷ്ടിച്ചതായി പരാതി നല്‍കിയ ആളും കൂട്ടാളിയും സ്‌കൂട്ടര്‍ മോഷണക്കേസില്‍ പിടിയിൽ"
english_title: "Man and his accomplice arrested for stealing bike"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/41658/man-and-his-accomplice-arrested-for-stealing-bike"
published_at: "2022-05-09T13:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6278c9ab7dbd1_baik teft.jpg"
keywords: []
---

# ബൈക്ക് മോഷ്ടിച്ചതായി പരാതി നല്‍കിയ ആളും കൂട്ടാളിയും സ്‌കൂട്ടര്‍ മോഷണക്കേസില്‍ പിടിയിൽ

> **Lead Summary:** കണ്ണൂര്‍ : ബൈക്ക് മോഷ്ടിച്ചതായി പരാതി നല്‍കിയ ആളും കൂട്ടാളിയും സ്‌കൂട്ടര്‍ മോഷണക്കേസില്‍ പിടിയിൽ. പരിയാരം പെരുവളങ്ങയിലെ തെ ക്കന്‍ ബബിത്ത്‌ലാല്‍, മുടിക്കാനത്തെ ആല്‍ഫിന്‍ സോജന്‍ എന്നിവരെയാണ് കീച്ചേരിയില്‍ പരിയാരം പൊലീസ്‌ അറസ്റ്റ് ചെയ്തത്.

## Article Content

കണ്ണൂര്‍ : ബൈക്ക് മോഷ്ടിച്ചതായി പരാതി നല്‍കിയ ആളും കൂട്ടാളിയും സ്‌കൂട്ടര്‍ മോഷണക്കേസില്‍ പിടിയിൽ. പരിയാരം പെരുവളങ്ങയിലെ തെ ക്കന്‍ ബബിത്ത്‌ലാല്‍, മുടിക്കാനത്തെ ആല്‍ഫിന്‍ സോജന്‍ എന്നിവരെയാണ് കീച്ചേരിയില്‍ പരിയാരം പൊലീസ്‌ അറസ്റ്റ് ചെയ്തത്.

മെയ് മൂന്നിന് മുടിക്കാനത്തെ ജിഷയുടെ സ്‌കൂട്ടര്‍ മോഷ്ടിച്ച സംഭവത്തിലാണ് ഇരുവരും പിടിയിലായത്. ജിഷയും ഭര്‍ത്താവ് സുരേഷും കാസര്‍കോടാണ് താമസം. മുടിക്കാനത്തെ വീട്ടില്‍ അച്ഛനും അമ്മയും മാത്രമേയുള്ളൂ. വീട്ടില്‍ പാര്‍ക്ക് ചെയ്ത സ്‌കൂട്ടര്‍ കാണാതായതിനെ തുടര്‍ന്ന് ഇരുവരും നാട്ടിലെത്തി നടത്തിയ അന്വേഷണത്തില്‍ മൂന്നിന് പുലര്‍ച്ചെ അഞ്ചോടെ രണ്ടുപേർ സ്‌കൂട്ടറില്‍ പോകുന്നത് കണ്ടതായി നാട്ടുകാര്‍ പറഞ്ഞു.

തുടര്‍ന്ന് പരിയാരം പൊലീസില്‍ പരാതി നൽകി. ഏപ്രില്‍ 30 ന് ബബിത്‌ലാലിന്റെ വീട്ടില്‍ നിര്‍ത്തിയിട്ട ബൈക്ക് മോഷ്ടിച്ച സംഭവത്തില്‍ മെയ് അഞ്ചിന്‌ പരിയാരം സിഎം നഗറിലെ ചെറുവത്തൂര്‍ ഹൗസില്‍ അമിത് ജോണ്‍(23), പാറക്കല്‍ വീട്ടില്‍ സി എസ് ആദിത്ത്(18) എന്നിവരെ പരിയാരം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ റിമാന്‍ഡിലാണ്.

മൂന്നിന് മോഷ്ടിക്കപ്പെട്ട സ്‌കൂട്ടറിന്റെ ഉടമ ജിഷയുടെ മകനാണ് നേരത്തെ പിടിയിലായ ആദിത്ത്. കണ്ണൂര്‍ സിറ്റി മരക്കാര്‍കണ്ടിയിലെ ഷായിദാണ് ബബിത്ത്‌ലാലിന്റെ ബൈക്ക് മോഷ്ടിച്ച കേസിലെ പ്രധാനപ്രതി. ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണത്തിനിടെയാണ്‌ പരാതിക്കാരന്‍ തന്നെ സ്‌കൂട്ടർ മോഷണക്കേസില്‍ പിടിയിലായത്.

കഞ്ചാവ് കടത്ത്‌ സംഘത്തിലെ മുഖ്യകണ്ണിയാണ് ബബിത്തെന്ന് പൊലീസ് പറഞ്ഞു. മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് ബബിത്ത്‌ലാല്‍ ഷായിദിന് നല്‍കാനുള്ള പണം നല്‍കാത്തതിനാലാണ് ബൈക്ക് മോഷ്ടിച്ചതെന്നും ഇതിന്റെ പ്രതികാരമായാണ് ആദിത്തിന്റെ അമ്മ ജിഷയുടെ സ്‌കൂട്ടർ മോഷ്ടിച്ചതെന്നുമാണ് പൊലീസ് പറയുന്നത്. 

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/41658/man-and-his-accomplice-arrested-for-stealing-bike)