---
title: "പുതിയ ജോലിയുടെ പ്രതീക്ഷകളുമായി പോയ സങ്കീർത്ത  മടങ്ങിയെത്തിയത് ചേതനയറ്റ ശരീരമായി ;  യുവ എഞ്ചിനീയർക്ക്  കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയേകി മനേക്കര"
english_title: "Sankeertha Manekkara Ras Al Khaimah Bus Accident Young Engineer Death Funeral Manekkara Suresh Babu Vimala Samridh Dubai Oman Visa Change November 24 Al Manai Al Watan Street Hemanth Mattannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/393436/sankeertha-manekkara-ras-al-khaimah-bus-accident-funeral"
published_at: "2026-11-27T14:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0947c5dbab6_sankeertha-manekkara-ras-al-khaimah-bus-accident-funeral.jpg"
keywords: ["Sankeertha Manekkara", "Ras Al Khaimah Bus Accident", "Young Engineer Death", "Manekkara Funeral", "Oman Visa Change Accident"]
---

# പുതിയ ജോലിയുടെ പ്രതീക്ഷകളുമായി പോയ സങ്കീർത്ത  മടങ്ങിയെത്തിയത് ചേതനയറ്റ ശരീരമായി ;  യുവ എഞ്ചിനീയർക്ക്  കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയേകി മനേക്കര

> **Lead Summary:** റാസൽഖൈമയിലുണ്ടായ ദാരുണമായ ബസ് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട യുവ എൻജിനീയർ സങ്കീർത്തയ്ക്ക് മനേക്കരയുടെ കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി. പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും നിറവിൽ പുതിയൊരു ജോലിയിൽ പ്രവേശിക്കാനായി യാത്ര തിരിച്ച സങ്കീർത്തയുടെ ചേതനയറ്റ ശരീരം വീട്ടിലെത്തിയപ്പോൾ നാടൊന്നാകെ ദുഃഖത്തിലമർന്നു. പ്രിയപ്പെട്ടവളെ അവസാനമായി ഒരുനോക്കു കാണാനും ആദരാഞ്ജലികൾ അർപ്പിക്കാനും വെള്ളിയാഴ്ച മനേക്കരയിലെ വീട്ടിലേക്ക് ജനപ്രവാഹമായിരുന്നു.

## Article Content

റാസൽഖൈമയിലുണ്ടായ ദാരുണമായ ബസ് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട യുവ എൻജിനീയർ സങ്കീർത്തയ്ക്ക് മനേക്കരയുടെ കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി. പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും നിറവിൽ പുതിയൊരു ജോലിയിൽ പ്രവേശിക്കാനായി യാത്ര തിരിച്ച സങ്കീർത്തയുടെ ചേതനയറ്റ ശരീരം വീട്ടിലെത്തിയപ്പോൾ നാടൊന്നാകെ ദുഃഖത്തിലമർന്നു. പ്രിയപ്പെട്ടവളെ അവസാനമായി ഒരുനോക്കു കാണാനും ആദരാഞ്ജലികൾ അർപ്പിക്കാനും വെള്ളിയാഴ്ച മനേക്കരയിലെ വീട്ടിലേക്ക് ജനപ്രവാഹമായിരുന്നു.

നവംബർ 24ന് പുലർച്ചെ റാസൽഖൈമയിലെ അൽ മനായി മേഖലയിലുള്ള അൽ വതൻ സ്ട്രീറ്റിലുണ്ടായ ബസ് അപകടത്തിലാണ് സങ്കീർത്ത ഉൾപ്പെടെ 13 പേർ മരിച്ചത്. നിർത്തിയിട്ടിരുന്ന ട്രക്കിന് പിന്നിൽ ബസ് ഇടിച്ചുണ്ടായ അപകടത്തിൽ മട്ടന്നൂർ ഉരുവച്ചാൽ സ്വദേശി ഹേമന്തും ഉൾപ്പെടെ നിരവധി പേർക്കാണ് ജീവൻ നഷ്ടമായത്.

മനേക്കര കൃഷിഭവന് സമീപം സമൃദ് നിവാസിൽ സുരേഷ് ബാബുവിന്റെയും വിമലയുടെയും മകളാണ് സങ്കീർത്ത. ദുബായിൽ എൻജിനീയറായി ജോലി ചെയ്തുവരികയായിരുന്നു. മകളുടെ അപ്രതീക്ഷിത വിയോഗം കുടുംബത്തിനും നാട്ടുകാർക്കും ഒരുപോലെ തീരാനോവായി.

15 വർഷത്തോളം അബുദാബിയിൽ ജോലി ചെയ്തിരുന്ന സുരേഷ് ബാബു അടുത്തകാലത്താണ് പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയത്. ഇതിനിടെ മകൻ സമൃദ് അബുദാബിയിൽ എൻജിനീയറായി ജോലിയിൽ പ്രവേശിച്ചു. പിന്നാലെയാണ് മകൾ സങ്കീർത്തയും ഗൾഫിലെത്തിയത്. രണ്ടുവർഷത്തോളമായി ഗൾഫിലുണ്ടായിരുന്ന സങ്കീർത്തയ്ക്ക് സ്ഥിരമായി ജോലി ലഭിച്ചിട്ട് ഒരു വർഷം മാത്രമേ ആയിരുന്നുള്ളൂ.

എൻജിനീയറായ സങ്കീർത്തയ്ക്ക് മറ്റൊരു കമ്പനിയിൽ കൂടുതൽ മെച്ചപ്പെട്ട ജോലി ലഭിച്ചതോടെ പുതിയ പ്രതീക്ഷകളിലായിരുന്നു കുടുംബം. ജോലിയിൽ പ്രവേശിക്കുന്നതിനായുള്ള വീസ മാറ്റത്തിന്റെ നടപടികൾക്കായി സ്വകാര്യ ഏജൻസി മുഖേന ഒമാനിലേക്ക് പോയി മടങ്ങിവരുന്നതിനിടെയാണ് ദുരന്തം സംഭവിച്ചത്. വീസ മാറ്റം പൂർത്തിയാക്കി പുതിയ ജോലിയിൽ പ്രവേശിക്കാനുള്ള ഒരുക്കങ്ങളുമായി മടങ്ങിയ യാത്രയാണ് സങ്കീർത്തയുടെ ജീവിതത്തിലെ അവസാന യാത്രയായി മാറിയത്.

കുടുംബത്തിന്റെ പ്രതീക്ഷകളും സ്വപ്നങ്ങളും നിറഞ്ഞുനിന്നിരുന്ന മകൾ ഇനി തിരിച്ചുവരില്ലെന്ന യാഥാർഥ്യം ഉൾക്കൊള്ളാനാകാതെ വിതുമ്പുകയായിരുന്നു ബന്ധുക്കളും സുഹൃത്തുക്കളും.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സങ്കീർത്തയുടെ മൃതദേഹം മനേക്കരയിലെ വീട്ടിലെത്തിച്ചത്. സഹോദരൻ സമൃദ് മൃതദേഹത്തെ അനുഗമിച്ചെത്തി. വിവരമറിഞ്ഞ് നേരത്തേ തന്നെ വീട്ടിലും പരിസരത്തും നിരവധി പേർ തടിച്ചുകൂടിയിരുന്നു. സങ്കീർത്തയെ അവസാനമായി ഒരുനോക്കു കാണാൻ സ്ത്രീകളും കുട്ടികളുമടക്കം നാടിന്റെ നാനാഭാഗത്തുനിന്നും ആളുകളെത്തി. ഏറെ നേരം വീട്ടിൽ പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും നാട്ടുകാരും അന്തിമോപചാരമർപ്പിച്ചു.

മുൻമന്ത്രി കെ.പി. മോഹനൻ, പി.കെ. പ്രവീൺ എം.എൽ.എ, കെ.പി. സാജു, വി.എ. നാരായണൻ, സജീവ് മാറോളി, പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സ്നോയി, വി.എം. ബാബു മാസ്റ്റർ തുടങ്ങിയവർ വീട്ടിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു.

ഷാഫി പറമ്പിൽ എം.പി, തലശ്ശേരി എം.എൽ.എ കാരായി രാജൻ എന്നിവർ കഴിഞ്ഞ ദിവസം സങ്കീർത്തയുടെ വസതിയിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചിരുന്നു.

English Summary: Sankeertha, who left with hopes of a new job, returned as a lifeless body; Manekkara gave a tearful farewell to the young engineer. Manekkara gave a tearful farewell to young engineer Sankeertha, who lost her life in the tragic bus accident in Ras Al Khaimah. When Sankeertha's lifeless body, who had set out to join a new job full of hopes and dreams, reached home, the whole village was plunged into grief. Sankeertha was among 13 people who died in the bus accident on Al Watan Street in Al Manai area of Ras Al Khaimah in the early hours of November 24. Many people, including Hemanth, a native of Uruvachal, Mattannur, lost their lives when the bus hit a parked truck from behind. Sankeertha is the daughter of Suresh Babu and Vimala of Samridh Nivas near Manekka…

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/393436/sankeertha-manekkara-ras-al-khaimah-bus-accident-funeral)