---
title: "ബസ്‌ സ്റ്റോപ്പ് പോലീസ് പൊളിച്ചു നീക്കിയതിനെതിരെ കടവത്തൂരിൽ ഹർത്താൽ"
english_title: "Kadavathur Hartal Bus Shelter Demolished Police Protest Koothuparamba Martyrs Memorial Bus Shelter Protection Committee"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/392541/kadavathur-hartal-bus-shelter-demolished-police-protest"
published_at: "2026-11-21T09:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b011caf0351e_kadavathur-hartal-bus-shelter-demolished-police-protest.jpg"
keywords: ["Kadavathur Hartal", "Bus Shelter Demolished", "Police Protest", "Koothuparamba Martyrs", "Bus Shelter Protection Committee"]
---

# ബസ്‌ സ്റ്റോപ്പ് പോലീസ് പൊളിച്ചു നീക്കിയതിനെതിരെ കടവത്തൂരിൽ ഹർത്താൽ

> **Lead Summary:** കടവത്തൂർ: കൂത്തുപറമ്പ് രക്തസാക്ഷി സ്മാരക ബസ് ഷെൽട്ടർ പൊളിച്ചു നീക്കിയ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് വൈകീട്ട് 6 വരെ ഹർത്താൽ.ബസ് ഷെൽട്ടർ സംരക്ഷണ സമിതിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്

## Article Content

കടവത്തൂർ: കൂത്തുപറമ്പ് രക്തസാക്ഷി സ്മാരക ബസ് ഷെൽട്ടർ പൊളിച്ചു നീക്കിയ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് വൈകീട്ട് 6 വരെ ഹർത്താൽ.ബസ് ഷെൽട്ടർ സംരക്ഷണ സമിതിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്

പാനൂരിനടുത്ത കടവത്തൂർ ടൗണിൽ റോഡ് വികസനത്തിന്റെ ഭാഗമായി തടസം നിന്ന ബസ് ഷെൽട്ടറാണ് പോലീസ് സഹായത്തോടെ പൊതുമരാമത്ത് പൊളിച്ചുനീക്കിയത്. റോഡ് വികസനത്തിന് തടസ്സമാകുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പി.ഡബ്ല്യു.ഡി അധികൃതർ നടപടി സ്വീകരിച്ചത്.

കൂത്തുപറമ്പ് രക്തസാക്ഷികളുടെ സ്മരണയ്ക്കായി സി.പി.എം സ്ഥാപിച്ച ബസ് ഷെൽട്ടറാണ് അധികൃതർ നീക്കം ചെയ്തത്. ബസ് ഷെൽട്ടർ പൊളിച്ചുനീക്കാനുള്ള നീക്കത്തിനെതിരെ സി.പി.എം പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി.

പോലീസ് സഹായത്തോടെ പി.ഡബ്ല്യു.ഡി അധികൃതർ പൊളിക്കൽ നടപടി ആരംഭിച്ചതോടെ പ്രവർത്തകരും പോലീസും തമ്മിൽ വാക്കേറ്റവും സംഘർഷവും ഉണ്ടായി. തുടർന്ന് പോലീസ് ബലപ്രയോഗത്തിലൂടെ പ്രതിഷേധക്കാരെ നിയന്ത്രിക്കുകയും അറസ്റ്റുചെയ്ത് നീക്കുകയും ചെയ്തു.

സംഭവത്തെ തുടർന്ന് കടവത്തൂർ ടൗണിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. പാനൂർ സി.ഐ കെ. സന്തോഷ് കുമാർ, കൊളവല്ലൂർ, പാനൂർ എസ്.ഐമാരായ അനുശ്രുതി സി. ബാലൻ, മരിയ പ്രിൻസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പൊലീസ് നടപടി. റോഡ് വീതികൂട്ടി പൊതുമരാമത്ത് യാത്ര സുഖമമാക്കുമ്പോഴാണ് വിലങ്ങ് തടിയായി ബസ് കാത്തിരിപ്പ് കേന്ദ്രം ഉണ്ടായിരുന്നത്. പൊളിക്കണമെന്ന് പലതവണ പൊതുമരാമത്തും, തൃപ്പങ്ങോട്ടൂർ പഞ്ചായത്തും ആവശ്യപ്പെട്ടിരുന്നെങ്കിലും നടന്നിരുന്നില്ല. ഒടുവിലാണ് പുലർച്ചെ പൊലീസ് നടപടി സ്വീകരിച്ചത്.

English Summary: Hartal in Kadavathur against police demolishing the bus stop. Hartal till 6 pm in protest against the police action of demolishing the Koothuparamba Martyr Memorial Bus Shelter. The Bus Shelter Protection Committee called for the hartal.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/392541/kadavathur-hartal-bus-shelter-demolished-police-protest)