---
title: "വൈദ്യുതാഘാതമേറ്റ് 14കാരൻ മരിച്ച സംഭവം; കെഎസ്ഇബി അസിസ്റ്റന്റ് എഞ്ചിനീയറെ സസ്പെൻഡ് ചെയ്തു"
english_title: "Tirurangadi Electrocution Death KSEB Assistant Engineer Suspended 10 Lakh Aid"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/391974/tirurangadi-electrocution-death-kseb-assistant-engineer-suspended"
published_at: "2026-11-17T12:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afc00f8c0d1e_Untitled-1_copy.jpg"
keywords: ["Tirurangadi", "KSEB", "Electrocution Death", "Sunny Joseph", "Vennur"]
---

# വൈദ്യുതാഘാതമേറ്റ് 14കാരൻ മരിച്ച സംഭവം; കെഎസ്ഇബി അസിസ്റ്റന്റ് എഞ്ചിനീയറെ സസ്പെൻഡ് ചെയ്തു

> **Lead Summary:** തിരൂരങ്ങാടിയിൽ സ്റ്റേ വയറിൽനിന്ന് വൈദ്യുതാഘാതമേറ്റ് 14കാരൻ മരിച്ച സംഭവത്തിൽ നടപടിയുമായി കെഎസ്ഇബി. സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ വെണ്ണിയൂർ സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയറെ സർവീസിൽ നിന്ന് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു.

## Article Content

തിരൂരങ്ങാടിയിൽ സ്റ്റേ വയറിൽനിന്ന് വൈദ്യുതാഘാതമേറ്റ് 14കാരൻ മരിച്ച സംഭവത്തിൽ നടപടിയുമായി കെഎസ്ഇബി. സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ വെണ്ണിയൂർ സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയറെ സർവീസിൽ നിന്ന് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു.

ഉത്തരവാദികളെന്ന് കണ്ടെത്തുന്ന മറ്റ് ജീവനക്കാർക്കെതിരെയും ഉചിതമായ അച്ചടക്കനടപടികൾ സ്വീകരിക്കുമെന്നും കെഎസ്ഇബി വ്യക്തമാക്കി. സംഭവം ഒരു പ്രത്യേക കേസ് ആയി പരിഗണിച്ച് മരിച്ച വിദ്യാർത്ഥിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ സാമ്പത്തിക സഹായം അനുവദിക്കുന്നതിന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് സംസ്ഥാന വൈദ്യുതി ബോർഡിന് നിർദേശം നൽകി.

ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കുന്നതിനായി സംസ്ഥാനത്തുടനീളമുള്ള വൈദ്യുതി ലൈനുകളും അനുബന്ധ സംവിധാനങ്ങളും കെഎസ്ഇബി ജീവനക്കാർ അടിയന്തരമായി പട്രോളിങ് നടത്തി പരിശോധിക്കും.

ഈ സുരക്ഷാ പരിശോധനാ ഡ്രൈവിന്റെ ഭാഗമായി അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ പ്രത്യേക സുരക്ഷാ ഓഡിറ്റും നടത്താൻ വൈദ്യുതി മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. പരിശോധനയിലും ഓഡിറ്റിലും കണ്ടെത്തുന്ന സുരക്ഷാവീഴ്ചകളും അപകടസാധ്യതകളും അടിയന്തരമായി പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.

ഇതോടൊപ്പം ഇക്കാര്യത്തിലുള്ള നിയമപരമായ പരിശോധന പൂർത്തിയാക്കുന്നതിന് ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. പൊതുജനങ്ങളുടെയും പ്രത്യേകിച്ച് കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് വൈദ്യുതി വിതരണ സംവിധാനങ്ങളുമായി ബന്ധപ്പെട്ട എല്ലാ സുരക്ഷാ മുൻകരുതലുകളും കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും ബോർഡ് നടപടി സ്വീകരിക്കും.

അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട വിദ്യാർത്ഥിയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും കുടുംബത്തിന് ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കുമെന്നും വൈദ്യുതി മന്ത്രി അറിയിച്ചു. നേരത്തെ, കുട്ടിയുടെ പിതാവിനെ സണ്ണി ജോസഫ് നേരിട്ട് ഫോണിൽ വിളിച്ചിരുന്നു. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ നിർദേശം നൽകിയതായി അദ്ദേഹം കുട്ടിയുടെ പിതാവിനെ അറിയിച്ചിരുന്നു.

സംഭവത്തിൽ വൈദ്യുതി മന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ് രംഗത്തെത്തിയിരുന്നു. വൈദ്യുതി മന്ത്രി നേരത്തെ ഇടപെടണമെന്നാണ് യൂത്ത് ലീഗ് വിമർശിച്ചത്. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരായ നടപടി അനന്തമായി നീളുകയാണെന്നും കേസ് ഇപ്പോൾ അട്ടിമറിക്കാനുള്ള ശ്രമം ആണ് നടക്കുന്നതെന്നും യൂത്ത് ലീഗ് കുറ്റപ്പെടുത്തി. വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടിരുന്നു.

അതേസമയം, സ്റ്റേ വയർ പൊട്ടിയ സംഭവത്തിൽ തങ്ങളുടെ ഭാഗം ന്യായീകരിക്കാനും കെഎസ്ഇബി ശ്രമിച്ചിരുന്നു. കൃഷി സ്ഥലത്ത് ഉണ്ടായിരുന്ന ട്രാക്ടർ നിലം ഉഴുതുന്നതിനിടെയാണ് സ്റ്റേ വയർ പൊട്ടിയതെന്നാണ് കെഎസ്ഇബിയുടെ വാദം. ഇതിൽ പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. വെന്നിയൂർ സെക്ഷൻ അസിസ്റ്റന്റ് എൻജിനിയറാണ് താനൂർ പോലീസിൽ പരാതി നൽകിയത്. സംഭവത്തിൽ തങ്ങളുടെ വീഴ്ചയല്ലെന്നും കെഎസ്ഇബി പരാതിയിൽ പറഞ്ഞിരുന്നു.

English Summary: KSEB has taken action in the Tirurangadi incident in which a 14-year-old boy died after suffering electric shock from a stay wire. Based on a preliminary assessment, the Vennur section Assistant Engineer has been suspended pending inquiry. KSEB said appropriate disciplinary action will also be taken against other employees found responsible. Electricity Minister Sunny Joseph has directed the Board to grant Rs 10 lakh financial aid to the deceased student's family as a special case. KSEB staff will urgently patrol and inspect power lines and allied systems across the state, and special safety audits will be conducted at high-risk locations. The Chief Electrical Inspector has been asked to complete the legal examination. The min…

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/391974/tirurangadi-electrocution-death-kseb-assistant-engineer-suspended)