---
title: "ഇനി ശരണമന്ത്രങ്ങളുടെ കാലം, ശബരിമല നട തുറന്നു ; മണ്ഡല, മകരവിളക്ക് തീർ‌ഥാടനത്തിന് തുടക്കം"
english_title: "Sabarimala Nada Opened Mandala Makaravilakku Pilgrimage Begins"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/391895/sabarimala-nada-opened-mandala-makaravilakku-pilgrimage"
published_at: "2026-11-16T21:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afb297c733ed_sabarimala-nada-opened-mandala-makaravilakku-pilgrimage.jpg"
keywords: ["Sabarimala", "Mandala Makaravilakku", "Ayyappa Darshan", "Nilakkal", "Pamba"]
---

# ഇനി ശരണമന്ത്രങ്ങളുടെ കാലം, ശബരിമല നട തുറന്നു ; മണ്ഡല, മകരവിളക്ക് തീർ‌ഥാടനത്തിന് തുടക്കം

> **Lead Summary:** ശരണം വിളികൾ ഭക്തിസാന്ദ്രമാക്കിയ അന്തരീക്ഷത്തിൽ മണ്ഡല മകരവിളക്ക് തീർഥാടനത്തിനായി പൊന്നമ്പല നട തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ നിലവിലെ മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരിയാണ് നട തുറന്നത്. ശ്രീകോവിലിലെ ദീപങ്ങൾ തെളിയിച്ച ശേഷം മാളികപ്പുറം നട തുറക്കാനായി മേൽശാന്തി മനു നമ്പൂതിരിക്ക് താക്കോൽ കൈമാറി.

## Article Content

ശരണം വിളികൾ ഭക്തിസാന്ദ്രമാക്കിയ അന്തരീക്ഷത്തിൽ മണ്ഡല മകരവിളക്ക് തീർഥാടനത്തിനായി പൊന്നമ്പല നട തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ നിലവിലെ മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരിയാണ് നട തുറന്നത്. ശ്രീകോവിലിലെ ദീപങ്ങൾ തെളിയിച്ച ശേഷം മാളികപ്പുറം നട തുറക്കാനായി മേൽശാന്തി മനു നമ്പൂതിരിക്ക് താക്കോൽ കൈമാറി.

പതിനെട്ടാംപടി ഇറങ്ങി ആഴി തെളിയിച്ചു. പിന്നെ കൈ പിടിച്ച് പുതിയ മേൽശാന്തിമാരായ അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരി (ശബരിമല), ദാമോദരൻ നമ്പൂതിരി (മാളികപ്പുറം ) എന്നിവരെ പടി കയറ്റി. തീർഥാടകരുടെ തിരക്ക് പരിഗണിച്ചാണ് ഒരു മണിക്കൂർ നേരത്തെ നട തുറന്നത്.

നിലയ്ക്കലിൽ അയ്യപ്പ ഭക്തരുടെ വൻ തിരക്കാണ് ഇപ്പോഴുള്ളത്. രണ്ടു ദിവസം മുൻപേ ഇവിടേക്ക് ഭക്തർ എത്തിയിരുന്നു. ഇന്ന് ഉച്ച കഴിഞ്ഞു മാത്രമേ ഭക്തരെ നിലയ്ക്കലിൽ നിന്നും പമ്പയിലേക്ക് കടത്തി വിടുകയുള്ളു. ശബരിമലയിൽ ഡ്യൂട്ടിക്കായി 5000ത്തോളം പൊലീസുകാരെയാണ് നിയോഗിച്ചിട്ടുള്ളത്.

ഇന്ന് മാത്രം ദർശനത്തിനു 30,000 പേർ ബുക്ക് ചെയ്തിട്ടുണ്ട്. നാളെ മുതൽ പ്രതിദിനം 80,000 പേർക്കാണു ദർശനം. വെർച്വൽ ക്യു വഴി 60,000, നിലയ്ക്കൽ സ്പോട് ബുക്കിങ് വഴി 10,000, എരുമേലി, പുല്ലുമേട് കാനനപാത വഴി 3000 വീതം ഓൺലൈൻ ടിക്കറ്റ് ലഭിക്കും. വണ്ടിപ്പെരിയാർ സത്രം വഴി ദിവസം 2000 പേർക്കും അനുമതിയുണ്ട്. പമ്പയിൽ സ്പോട്ബുക്കിങ് സൗകര്യം ഇല്ല.

എല്ലാ ദിവസവും പുലർച്ചെ 3നു നടതുറക്കും, 3.30 മുതൽ 11 വരെയാണു നെയ്യഭിഷേകം. ഉച്ചപൂജയ്ക്കു ശേഷം ഒന്നിനു നട അടച്ചാൽ വൈകിട്ട് 3നു വീണ്ടും തുറക്കും. രാത്രി 11നു ഹരിവരാസനം. മകരവിളക്ക് ജനുവരി 14ന് ആണ്. തീർഥാടനം പൂർത്തിയാക്കി 20ന് രാവിലെ 7ന് നട അടയ്ക്കും.

English Summary: The Sabarimala temple opened for the Mandala-Makaravilakku pilgrimage amid chanting of Saranam mantras. In the presence of Thanthri Kandarar Brahmadathan, outgoing Melshanthi E.D. Prasad Namboothiri opened the sanctum. After lighting the lamps, the key was handed over to Manu Namboothiri to open Malikappuram. The new Melshanthis were led up the 18 steps. The temple opened an hour early due to rush. Nilakkal is crowded, with devotees arriving two days ago. About 5,000 police personnel are on duty. 30,000 booked for darshan today, and 80,000 per day from tomorrow. Makaravilakku is on January 14, and the temple will close at 7 am on the 20th.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/391895/sabarimala-nada-opened-mandala-makaravilakku-pilgrimage)