---
title: "അങ്ങനങ്ങ് പോയാലൊ.. ?, പ്രായം കഴിഞ്ഞിട്ടും വിവാഹമാകാത്ത  യുവതീ - യുവാക്കളെ   'കെട്ടിക്കാൻ' കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്ത് ; വിവരശേഖരണത്തിന് ഉപസമിതി"
english_title: "Kunnothuparamba Panchayat to Survey Unmarried Youth"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/391664/kunnothuparamba-panchayat-survey-unmarried-youth"
published_at: "2026-11-14T22:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af892cb91ef7_kunnothuparamba-panchayat-survey-unmarried-youth.jpg"
keywords: ["Kunnothuparamba Panchayat", "Unmarried Youth Survey", "PK Muhammedali", "Marriage", "TV Kunjikannan"]
---

# അങ്ങനങ്ങ് പോയാലൊ.. ?, പ്രായം കഴിഞ്ഞിട്ടും വിവാഹമാകാത്ത  യുവതീ - യുവാക്കളെ   'കെട്ടിക്കാൻ' കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്ത് ; വിവരശേഖരണത്തിന് ഉപസമിതി

> **Lead Summary:** പാനൂർ: വിവാഹപ്രായമെത്തിയിട്ടും വിവാഹം നടക്കാതെ കഴിയുന്ന യുവാക്കളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ വിഷയം ഗൗരവമായി ഏറ്റെടുത്ത് സമഗ്രമായ കണക്കെടുപ്പിനൊരുങ്ങി കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്ത്. കേവലം അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളിൽ മാത്രം ഒതുങ്ങാതെ, നാട്ടിലെ യുവാക്കൾ നേരിടുന്ന സാമൂഹികവും വ്യക്തിപരവുമായ പ്രശ്നങ്ങളിൽ കൂടി ഇടപെടണമെന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്തിന്റെ പുതിയ നീക്കം.

## Article Content

പാനൂർ: വിവാഹപ്രായമെത്തിയിട്ടും വിവാഹം നടക്കാതെ കഴിയുന്ന യുവാക്കളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ വിഷയം ഗൗരവമായി ഏറ്റെടുത്ത് സമഗ്രമായ കണക്കെടുപ്പിനൊരുങ്ങി കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്ത്. കേവലം അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളിൽ മാത്രം ഒതുങ്ങാതെ, നാട്ടിലെ യുവാക്കൾ നേരിടുന്ന സാമൂഹികവും വ്യക്തിപരവുമായ പ്രശ്നങ്ങളിൽ കൂടി ഇടപെടണമെന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്തിന്റെ പുതിയ നീക്കം.

കഴിഞ്ഞ ദിവസം ചേർന്ന ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച സുപ്രധാന തീരുമാനമുണ്ടായത്. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. മുഹമ്മദലി നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ അജണ്ടയിൽ ഉൾപ്പെടുത്തിയ വിഷയം ഭരണസമിതി വിശദമായി ചർച്ച ചെയ്തു. വിവാഹപ്രായം കഴിഞ്ഞിട്ടും വിവാഹം നടക്കാതെ കഴിയുന്ന യുവാക്കളുടെ സാഹചര്യം വ്യക്തിപരമായ പ്രശ്നം എന്നതിലുപരി ഗൗരവത്തോടെ പരിഗണിക്കേണ്ട സാമൂഹിക വിഷയമാണെന്ന അഭിപ്രായമാണ് ചർച്ചയിൽ ഉയർന്നത്.

വിവാഹം നടക്കാത്തതിന്റെ പേരിൽ നിരവധി യുവാക്കൾ മാനസികമായും സാമൂഹികമായും പലവിധ പ്രയാസങ്ങൾ നേരിടുന്നുണ്ടെന്ന വിലയിരുത്തലും യോഗത്തിലുണ്ടായി. സാമ്പത്തിക പരാധീനതകൾ, കുടുംബ സാഹചര്യങ്ങൾ, തൊഴിൽ-ജീവിത പ്രതിസന്ധികൾ തുടങ്ങി വിവിധ കാരണങ്ങൾ വിവാഹത്തിന് തടസ്സമാകുന്നുണ്ടാകാം. ഇത്തരം സാഹചര്യങ്ങൾ കൃത്യമായി മനസ്സിലാക്കാതെ പ്രശ്നത്തിന് പരിഹാരം കാണാനാവില്ലെന്ന നിലപാടും അംഗങ്ങൾ മുന്നോട്ടുവെച്ചു.

ഒരു പ്രാദേശിക ഭരണകൂടം എന്ന നിലയിൽ സമൂഹത്തിലെ ഇത്തരം വിഷയങ്ങളിൽ ക്രിയാത്മകമായ ഇടപെടൽ നടത്തേണ്ട ഉത്തരവാദിത്വമുണ്ടെന്നും ചർച്ചയിൽ അഭിപ്രായമുയർന്നു. വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് കക്ഷിരാഷ്ട്രീയ ഭേദമന്യേ അംഗങ്ങൾ പിന്തുണച്ചതോടെ ആദ്യഘട്ടത്തിൽ പഞ്ചായത്തിലെ ഇത്തരത്തിലുള്ള യുവാക്കളുടെ എണ്ണം കണ്ടെത്താനും ആവശ്യമായ വിവരങ്ങൾ ശേഖരിക്കാനും സമഗ്രമായ കണക്കെടുപ്പ് നടത്താൻ ഭരണസമിതി ഐകകണ്ഠേന തീരുമാനിക്കുകയായിരുന്നു.

കണക്കെടുപ്പിലൂടെ ലഭിക്കുന്ന വിവരങ്ങൾ വിലയിരുത്തിയ ശേഷമായിരിക്കും തുടർനടപടികൾ ആസൂത്രണം ചെയ്യുക. യുവാക്കൾ നേരിടുന്ന പ്രശ്നങ്ങളുടെ സ്വഭാവം തിരിച്ചറിഞ്ഞ് അവർക്ക് ആവശ്യമായ പിന്തുണയും സഹായവും ലഭ്യമാക്കാൻ എന്തെല്ലാം പദ്ധതികളും ഇടപെടലുകളും നടത്താനാകുമെന്ന കാര്യവും ഭരണസമിതി പിന്നീട് ചർച്ച ചെയ്യും.

പദ്ധതിയുടെ പ്രാഥമിക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. മുഹമ്മദലി ചെയർമാനും ടി.വി. കുഞ്ഞിക്കണ്ണൻ മാസ്റ്റർ കൺവീനറുമായി ഉപസമിതിയെയും ഭരണസമിതി നിയോഗിച്ചിട്ടുണ്ട്.

സമൂഹത്തിൽ പലപ്പോഴും തുറന്ന ചർച്ചകൾക്ക് ഇടം ലഭിക്കാതെ പോകുന്ന വിഷയത്തെ ഒരു തദ്ദേശഭരണ സ്ഥാപനം ഔദ്യോഗികമായി ഏറ്റെടുക്കുന്നത് ശ്രദ്ധേയമായിരിക്കുകയാണ്. വിവാഹം നടക്കാത്ത യുവാക്കളുടെ എണ്ണം കണ്ടെത്തുക എന്നതിലുപരി, അതിന് പിന്നിലെ കാരണങ്ങൾ മനസ്സിലാക്കി ആവശ്യമായ സാമൂഹിക പിന്തുണ ഉറപ്പാക്കാനുള്ള സാധ്യതകളാണ് ഈ നീക്കത്തിലൂടെ തുറക്കുന്നത്. പഞ്ചായത്തിന്റെ ഇടപെടലിനെ പ്രദേശത്തെ യുവാക്കളും പൊതുസമൂഹവും സ്വാഗതം ചെയ്യുകയാണ്.

ഗ്രാമപഞ്ചായത്ത് എന്നത് റോഡുകളും പാലങ്ങളും കെട്ടിടങ്ങളും നിർമിക്കുന്നതിനുള്ള സംവിധാനം മാത്രമല്ല. നാടിന്റെ സാമൂഹിക ജീവിതത്തെയും മനുഷ്യരുടെ വ്യക്തിപരമായ പ്രശ്നങ്ങളെയും അടുത്തറിഞ്ഞ് ആവശ്യമായ ഇടപെടലുകൾ നടത്തേണ്ട ജനകീയ ഭരണസംവിധാനം കൂടിയാണ്. വികസനത്തിന്റെ അർഥം അടിസ്ഥാന സൗകര്യങ്ങളുടെ വളർച്ചയിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും മനുഷ്യരുടെ ജീവിതപ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് അവയ്ക്ക് പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങൾ കൂടിയാണെന്നും കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്തിന്റെ ഈ തീരുമാനം വ്യക്തമാക്കുന്നു.ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തിൽ വൈസ് പ്രസിഡന്റ് കെ.പി. രാമചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

English Summary: Kunnothuparamba Grama Panchayat has decided to conduct a comprehensive survey of youth who remain unmarried despite reaching marriageable age. The decision was taken at the panchayat governing council meeting, based on a letter from Health-Education Standing Committee Chairman PK Muhammedali. Members said the issue is not just personal but a social issue, as many youth face mental and social difficulties, with reasons ranging from financial constraints and family circumstances to job and life crises. The council unanimously decided to first find the number of such youth and collect data. A sub-committee with PK Muhammedali as chairman and TV Kunjikannan Master as convenor has been appointed to coordinate the work. Vice President KP Ramachandran Master chaired the meeting.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/391664/kunnothuparamba-panchayat-survey-unmarried-youth)