---
title: "കലോത്സവ മാലിന്യം നീക്കി പഞ്ചായത്ത് പ്രസിഡന്റും സംഘവും ; ശുചിത്വത്തിന്റെ മാതൃകയായി ചൊക്ലി സബ്ജില്ലാ കലോത്സവം"
english_title: "Chokli Kalolsavam Sets Example in Cleanliness Drive"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/391619/chokli-sub-district-kalolsavam-cleanliness-model"
published_at: "2026-11-14T15:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af83547ebc72_chokli-sub-district-kalolsavam-cleanliness-model.jpg"
keywords: ["Chokli Kalolsavam", "Cleanliness", "Green Protocol", "Haritha Sena", "Chokli Panchayat"]
---

# കലോത്സവ മാലിന്യം നീക്കി പഞ്ചായത്ത് പ്രസിഡന്റും സംഘവും ; ശുചിത്വത്തിന്റെ മാതൃകയായി ചൊക്ലി സബ്ജില്ലാ കലോത്സവം

> **Lead Summary:** ചൊക്ലി: കലാപ്രകടനങ്ങൾക്കും സംഘാടന മികവിനുമൊപ്പം ശുചിത്വ പ്രവർത്തനങ്ങളിലും മാതൃകയായി രാമകൃഷ്ണ സ്കൂൾ ഒളവിലത്ത് നടന്ന ചൊക്ലി സബ്ജില്ലാ സ്കൂൾ കലോത്സവം. പൂർണമായും ഗ്രീൻ പ്രോട്ടോകോൾ പാലിച്ചുകൊണ്ട് സംഘടിപ്പിച്ച അഞ്ചുദിവസത്തെ കലാമേള പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ കൊണ്ടും ശ്രദ്ധേയമായി.

## Article Content

ചൊക്ലി: കലാപ്രകടനങ്ങൾക്കും സംഘാടന മികവിനുമൊപ്പം ശുചിത്വ പ്രവർത്തനങ്ങളിലും മാതൃകയായി രാമകൃഷ്ണ സ്കൂൾ ഒളവിലത്ത് നടന്ന ചൊക്ലി സബ്ജില്ലാ സ്കൂൾ കലോത്സവം. പൂർണമായും ഗ്രീൻ പ്രോട്ടോകോൾ പാലിച്ചുകൊണ്ട് സംഘടിപ്പിച്ച അഞ്ചുദിവസത്തെ കലാമേള പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ കൊണ്ടും ശ്രദ്ധേയമായി.

കലോത്സവത്തിനെത്തിയ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനൊപ്പം സ്കൂളും പരിസരവും വൃത്തിയായി നിലനിർത്തുന്നതിനും സംഘാടകസമിതി പ്രത്യേക ശ്രദ്ധ നൽകി. കലോത്സവ ദിവസങ്ങളിൽ പരിസരത്ത് രൂപപ്പെടുന്ന മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയാതെ കൃത്യമായി ശേഖരിച്ച് തരംതിരിച്ച് സൂക്ഷിക്കുന്നതിന് ആതിര ടീച്ചറുടെ നേതൃത്വത്തിലുള്ള വിദ്യാർത്ഥികളുടെ ഗ്രീൻ പോലീസും സജീവമായി രംഗത്തുണ്ടായിരുന്നു.

ഓരോ ദിവസവും ചൊക്ലി ഗ്രാമപഞ്ചായത്തിലെ ഹരിതസേന അംഗങ്ങൾ സ്കൂളും പരിസരവും ശുചീകരിച്ച് മാലിന്യങ്ങൾ നീക്കം ചെയ്തു. വിദ്യാർത്ഥികളിൽ ശുചിത്വബോധവും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യവും വളർത്തുന്ന പ്രവർത്തനങ്ങൾക്കും കലോത്സവ വേദി സാക്ഷിയായി.

കലോത്സവത്തിന്റെ അവസാനദിനം ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. അനൂപിന്റെ നേതൃത്വത്തിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധേയമായി. ഹരിതസേന അംഗങ്ങൾ, അധ്യാപകർ, സംഘാടകസമിതി പ്രവർത്തകർ, നാട്ടുകാർ എന്നിവർ ഒത്തുചേർന്ന് സ്കൂളിലും പരിസരത്തും ശേഷിച്ച മാലിന്യങ്ങൾ ശേഖരിച്ച് പഞ്ചായത്ത് മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റിയിൽ (എം.സി.എഫ്) എത്തിച്ചു.

കലോത്സവം അവസാനിച്ചപ്പോൾ മാലിന്യങ്ങൾ അവശേഷിപ്പിക്കാതെ വേദിയും പരിസരവും വൃത്തിയാക്കി മടങ്ങിയ സംഘാടകരുടെ പ്രവർത്തനം പൊതുസമൂഹത്തിന് തന്നെ മാതൃകയായി. ആഘോഷങ്ങൾക്കും വലിയ ജനപങ്കാളിത്തമുള്ള പരിപാടികൾക്കും ശുചിത്വവും പരിസ്ഥിതി സംരക്ഷണവും ഒരുപോലെ പ്രധാനമാണെന്ന സന്ദേശമാണ് ചൊക്ലി സബ്ജില്ലാ കലോത്സവം പകർന്നുനൽകിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/391619/chokli-sub-district-kalolsavam-cleanliness-model)