---
title: "കതിരണിഞ്ഞ് വിദ്യാലയമുറ്റം ; ചിറക്കര ജി.വി.എച്ച്.എസ്.എസിൽ കൊയ്ത്തുത്സവം ആഘോഷപൂർവം"
english_title: "Harvest Festival Celebrated at Chirakkara GVHSS School"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/391615/chirakkara-gvhss-koythu-ulsavam-harvest-festival"
published_at: "2026-11-14T15:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af83076a1da3_Untitled-2_copy.jpg"
keywords: ["Chirakkara GVHSS", "Koythu Ulsavam", "Harvest Festival", "NSS", "Paddy Farming"]
---

# കതിരണിഞ്ഞ് വിദ്യാലയമുറ്റം ; ചിറക്കര ജി.വി.എച്ച്.എസ്.എസിൽ കൊയ്ത്തുത്സവം ആഘോഷപൂർവം

> **Lead Summary:** കാർഷിക സംസ്കാരത്തിന്റെ മഹത്വവും നെൽകൃഷിയുടെ പ്രാധാന്യവും പുതുതലമുറയ്ക്ക് പകർന്നുനൽകി ചിറക്കര ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ കൊയ്ത്തുത്സവം സംഘടിപ്പിച്ചു. വിദ്യാലയത്തിലെ VHSE എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ നെൽകൃഷിയുടെ വിളവെടുപ്പാണ് ആഘോഷപൂർവം നടന്നത്.

## Article Content

കാർഷിക സംസ്കാരത്തിന്റെ മഹത്വവും നെൽകൃഷിയുടെ പ്രാധാന്യവും പുതുതലമുറയ്ക്ക് പകർന്നുനൽകി ചിറക്കര ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ കൊയ്ത്തുത്സവം സംഘടിപ്പിച്ചു. വിദ്യാലയത്തിലെ VHSE എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ നെൽകൃഷിയുടെ വിളവെടുപ്പാണ് ആഘോഷപൂർവം നടന്നത്.

വിദ്യാലയമുറ്റത്ത് ഒരുക്കിയ നെൽപ്പാടത്ത് അധ്യാപകരും വിദ്യാർഥികളും ചേർന്ന് നടത്തിയ കൃഷിയുടെ വിളവെടുപ്പ് വിദ്യാർഥികൾക്ക് വേറിട്ട അനുഭവമായി. കൃഷിയുടെ വിവിധ ഘട്ടങ്ങളിൽ നേരിട്ട് പങ്കാളികളായതിലൂടെ നെൽകൃഷിയുടെ പ്രാധാന്യവും അധ്വാനത്തിന്റെ മൂല്യവും മനസ്സിലാക്കാൻ വിദ്യാർഥികൾക്ക് അവസരമായി. കാർഷിക സംസ്കാരം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ഭക്ഷ്യസ്വയംപര്യാപ്തതയുടെ പ്രാധാന്യവും വിളവെടുപ്പ് പരിപാടി ഓർമിപ്പിച്ചു.

ടൗൺഹാൾ വാർഡ് കൗൺസിലർ റാഷിദ ടീച്ചർ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. VHSE പ്രിൻസിപ്പൽ സുനീഷ് കുമാർ അധ്യക്ഷത വഹിച്ചു.

നെൽകൃഷിക്ക് ആവശ്യമായ നെൽവിത്തുകൾ സൗജന്യമായി നൽകി വിദ്യാലയത്തിന്റെ കാർഷിക പ്രവർത്തനത്തിന് പിന്തുണ നൽകിയ കർഷകൻ സുജിത്ത് കുമാറിനെ ചടങ്ങിൽ ആദരിച്ചു. വിദ്യാലയത്തിലെ കാർഷിക പ്രവർത്തനങ്ങൾക്ക് നൽകിയ സഹകരണത്തിനുള്ള അംഗീകാരമായിരുന്നു ആദരം.

ഹയർ സെക്കൻഡറി പ്രിൻസിപ്പൽ അനിത ടീച്ചർ, ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് രമ്യ ടീച്ചർ എന്നിവർ ആശംസകൾ നേർന്നു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സിതാര രാഘവൻ സ്വാഗതവും VHSE വിഭാഗം സ്റ്റാഫ് സെക്രട്ടറി അനുപമ ടീച്ചർ നന്ദിയും പറഞ്ഞു.

പാഠപുസ്തകങ്ങൾക്കപ്പുറം പ്രകൃതിയോടും മണ്ണിനോടും ചേർന്നുനിന്ന് പഠിക്കാനുള്ള അവസരമൊരുക്കിയ കൊയ്ത്തുത്സവം വിദ്യാർഥികൾക്കും അധ്യാപകർക്കും ഒരുപോലെ സന്തോഷകരമായ അനുഭവമായി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/391615/chirakkara-gvhss-koythu-ulsavam-harvest-festival)