---
title: "യൂണിഫോമിനപ്പുറം മനുഷത്വത്തിന്റെ കരുതലുമായി ജനമൈത്രി പൊലീസുകാർ കൈപിടിച്ചപ്പോൾ രാമായണത്തിന്റെ  ഇതിഹാസക്കാഴ്ചയിൽ കണ്ണുനിറഞ്ഞ് തലശേരി സമിരറ്റൻ ഹോമിലെ അന്തേവാസികൾ"
english_title: "Thalassery Janamaithri Police Takes Elders to Ramayana Film"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/391512/thalassery-janamaithri-police-takes-elders-to-ramayana-film"
published_at: "2026-11-13T20:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af728ddda38c_thalassery-janamaithri-police-takes-elders-ramayana-film.jpg"
keywords: ["Janamaithri Police", "Thalassery", "Ramayana Movie", "Prashanthi Senior Citizen", "Samiritan Home"]
---

# യൂണിഫോമിനപ്പുറം മനുഷത്വത്തിന്റെ കരുതലുമായി ജനമൈത്രി പൊലീസുകാർ കൈപിടിച്ചപ്പോൾ രാമായണത്തിന്റെ  ഇതിഹാസക്കാഴ്ചയിൽ കണ്ണുനിറഞ്ഞ് തലശേരി സമിരറ്റൻ ഹോമിലെ അന്തേവാസികൾ

> **Lead Summary:** തലശ്ശേരി: ഇന്ത്യൻ ഇതിഹാസമായ രാമായണത്തെ ആസ്പദമാക്കി അത്യാധുനിക 3D ദൃശ്യസാങ്കേതികവിദ്യയിൽ ഒരുക്കിയ ബിഗ് ബജറ്റ് സിനിമ കാണാൻ തലശ്ശേരി ജോസ്ഗിരി സമിരറ്റൻ ഹോമിലെ അന്തേവാസികളുമെത്തിയപ്പോൾ സിനിമയുടെ വിസ്മയക്കാഴ്ചകൾക്കൊപ്പം സ്നേഹത്തിന്റെയും കരുതലിന്റെയും വേറിട്ട അനുഭവം കൂടിയായത്.. ജീവിത യാത്രയിൽ മറക്കാനാവാത്ത നിമിഷങ്ങളാണ് സമ്മാനിച്ചതെന്ന് കണ്ണീർ കലർന്ന ചിരികളോടെ വയോജനങ്ങൾ പ്രതികരിച്ചപ്പോൾ ജനമൈത്രി പൊലീസിനും അഭിമാനം.

## Article Content

തലശ്ശേരി: ഇന്ത്യൻ ഇതിഹാസമായ രാമായണത്തെ ആസ്പദമാക്കി അത്യാധുനിക 3D ദൃശ്യസാങ്കേതികവിദ്യയിൽ ഒരുക്കിയ ബിഗ് ബജറ്റ് സിനിമ കാണാൻ തലശ്ശേരി ജോസ്ഗിരി സമിരറ്റൻ ഹോമിലെ അന്തേവാസികളുമെത്തിയപ്പോൾ സിനിമയുടെ വിസ്മയക്കാഴ്ചകൾക്കൊപ്പം സ്നേഹത്തിന്റെയും കരുതലിന്റെയും വേറിട്ട അനുഭവം കൂടിയായത്.. ജീവിത യാത്രയിൽ മറക്കാനാവാത്ത നിമിഷങ്ങളാണ് സമ്മാനിച്ചതെന്ന് കണ്ണീർ കലർന്ന ചിരികളോടെ വയോജനങ്ങൾ പ്രതികരിച്ചപ്പോൾ ജനമൈത്രി പൊലീസിനും അഭിമാനം.

കേരള പൊലീസിന്റെ 'പ്രശാന്തി സീനിയർ സിറ്റിസൺ' പദ്ധതിയുടെ ഭാഗമായാണ് സമിരറ്റൻ ഹോമിലെ അന്തേവാസികൾക്ക് തലശേരി ലിബർട്ടി പാരഡൈയ്സിൽ സിനിമ കാണാൻ അവസരമൊരുക്കിയത്. സിറ്റി പൊലീസ് കമ്മീഷണർ വിജയ് ഭരത് റെഡ്ഡിയുടെ നിർദ്ദേശപ്രകാരം തലശ്ശേരി എ.എസ്.പി ഡോ. എം. നന്ദഗോപന്റെ നേതൃത്വത്തിലായിരുന്നു അമ്മമാർ ഉൾപ്പെടെയുള്ള വയോജനങ്ങളെ തിയേറ്ററിലെത്തിച്ചത്.

ജനമൈത്രി അസി. ജില്ലാ നോഡൽ ഓഫീസർ എ.എസ്.ഐ സി. വിജേഷ്, പിങ്ക് പൊലീസുകാരായ ജിബിന റോയ്, അനിഷ ഷാജി, എ. മായ എന്നിവരോടൊപ്പം 21 അന്തേവാസികളും അഞ്ച് ജീവനക്കാരുമാണ് സിനിമ കാണാനെത്തിയത്.

ഇതിഹാസകഥയുടെ ദൃശ്യവിസ്മയങ്ങൾ കണ്ട് തിയേറ്ററിൽനിന്ന് പുറത്തിറങ്ങിയപ്പോൾ പലരുടെയും കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞിരുന്നു. ചേർത്ത് പിടിക്കേണ്ടയാൾ കൂടെയില്ലാതിരുന്നിട്ടും, കരുതലോടെ ചേർത്ത് പിടിച്ച് സിനിമ കാണിച്ച ജനമൈത്രി പൊലീസിനോടുള്ള നന്ദിയായിരുന്നു ഒരമ്മയുടെ വാക്കുകളിൽ. സ്നേഹവും പരിഗണനയും നിറഞ്ഞ ഈ അനുഭവം പലർക്കും കണ്ണുനിറയുന്ന ഓർമയായി.

സിനിമയുടെ സാങ്കേതിക മികവിനെക്കുറിച്ചായിരുന്നു മറ്റൊരു അന്തേവാസിക്ക് പറയാനുണ്ടായിരുന്നത്. ഇത്രയേറെ മനോഹരമായ ദൃശ്യങ്ങൾ തിയേറ്ററിൽ കാണാൻ കഴിഞ്ഞതിന്റെ സന്തോഷവും അദ്ദേഹം പങ്കുവെച്ചു. പഴയകാലത്തെപ്പോലെ കൊമ്പൻ മീശ പിരിച്ച് ഗൗരവം മാത്രം നിറഞ്ഞ പൊലീസല്ല ഇന്നുള്ളതെന്നും, സ്നേഹവും കരുതലും നൽകുന്ന പൊലീസുകാരെയാണ് ഇപ്പോൾ കാണാനാകുന്നതെന്നും മറ്റൊരു അന്തേവാസിയുടെ പ്രതികരണം.

വയോജനങ്ങളുടെ മുഖത്ത് വിരിഞ്ഞ സന്തോഷവും പൊലീസിനോടുള്ള സ്നേഹപ്രകടനങ്ങളും ഈ ഉദ്യമത്തിന്റെ വിജയമായി. പൊലീസിനെക്കുറിച്ച് നല്ല വാക്കുകൾ കേൾക്കുന്നത് ഏറെ സന്തോഷകരമാണെന്ന് ജനമൈത്രി അസി. ജില്ലാ നോഡൽ ഓഫീസർ കൂടിയായ എ.എസ്.ഐ- സി. വിജേഷ് പറഞ്ഞു. വയോജനങ്ങൾക്കെന്നല്ല, സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും കരുതലിന്റെ സ്പർശമേകാൻ ജനമൈത്രി പൊലീസ് എന്നും കൂടെയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.സിനിമാപ്രദർശനത്തിനുശേഷം എല്ലാവർക്കും സ്നേഹവിരുന്നും ഒരുക്കിയ ശേഷമാണ് പൊലീസ് സംഘം വയോജനങ്ങളെ യാത്രയാക്കിയത്.

ഇത് ഒറ്റപ്പെട്ടൊരു പരിപാടിയിൽ മാത്രം ഒതുങ്ങുന്നില്ലെന്നതും ശ്രദ്ധേയമാണ്. നേരത്തേ തലശ്ശേരി എ.എസ്.പി ഡോ. എം. നന്ദഗോപന്റെ നേതൃത്വത്തിൽ തലശ്ശേരി ജോസ്ഗിരി സമിരറ്റൻ ഹോമിലെയും ധർമ്മടം സ്നേഹക്കൂടിലെയും അന്തേവാസികളെ പങ്കെടുപ്പിച്ച് മുഴപ്പിലങ്ങാട് ബീച്ചിൽ നടത്തിയ സ്നേഹയാത്രയും വേറിട്ട പരിപാടിയായിരുന്നു.

നിയമവും സുരക്ഷയും ഉറപ്പാക്കുന്നതിനൊപ്പം മനുഷ്യസ്നേഹത്തിന്റെയും സാമൂഹിക ഉത്തരവാദിത്വത്തിന്റെയും മുഖം കൂടി പൊലീസിനുണ്ടെന്ന് ഇത്തരം പ്രവർത്തനങ്ങളിലൂടെ അടിവരയിടുകയാണ് തലശേരി എ.എസ്.പി - ഡോ. നന്ദഗോപനും, ഒപ്പം ജനമൈത്രിയും...

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/391512/thalassery-janamaithri-police-takes-elders-to-ramayana-film)