---
title: "വടകര തിരുവള്ളൂരിൽ യുവാവിൻ്റെ മരണകാരണം  പ്രണയബന്ധത്തിലെ തകർച്ചയെന്ന് ; മരണത്തിന് തൊട്ട് മുമ്പ് വീഡിയോ കോൾ ചെയ്തെന്ന് ബന്ധുക്കളുടെ ആരോപണം"
english_title: "Thiruvallur Youth Death Relationship Distress Preliminary Report"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/391421/thiruvallur-youth-death-relationship-distress-avishnav"
published_at: "2026-11-13T10:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af69b3ce3e23_thiruvallur-youth-death-relationship-distress-avishnav.jpg"
keywords: ["Thiruvallur Youth Death", "Avishnav Thiruvallur", "Mental Health Kerala", "Relationship Distress"]
---

# വടകര തിരുവള്ളൂരിൽ യുവാവിൻ്റെ മരണകാരണം  പ്രണയബന്ധത്തിലെ തകർച്ചയെന്ന് ; മരണത്തിന് തൊട്ട് മുമ്പ് വീഡിയോ കോൾ ചെയ്തെന്ന് ബന്ധുക്കളുടെ ആരോപണം

> **Lead Summary:** തിരുവള്ളൂരിലെ യുവാവിന്റെ മരണത്തിന് പിന്നിൽ പ്രണയബന്ധത്തിലുണ്ടായ തകർച്ചയെ തുടർന്നുള്ള മാനസിക വിഷമമാണെന്നാണ് പ്രാഥമിക വിവരം. മരണത്തിന് തൊട്ടുമുമ്പ് വീഡിയോ കോളിലൂടെ യുവതിയുമായി ബന്ധപ്പെട്ടിരുന്നതായും സൂചനയുണ്ട്. തിരുവള്ളൂർ നീലിയാരത്ത് അവിഷ്ണവ് ആണ് മരിച്ചത്.

## Article Content

തിരുവള്ളൂരിലെ യുവാവിന്റെ മരണത്തിന് പിന്നിൽ പ്രണയബന്ധത്തിലുണ്ടായ തകർച്ചയെ തുടർന്നുള്ള മാനസിക വിഷമമാണെന്നാണ് പ്രാഥമിക വിവരം. മരണത്തിന് തൊട്ടുമുമ്പ് വീഡിയോ കോളിലൂടെ യുവതിയുമായി ബന്ധപ്പെട്ടിരുന്നതായും സൂചനയുണ്ട്. തിരുവള്ളൂർ നീലിയാരത്ത് അവിഷ്ണവ് ആണ് മരിച്ചത്.

ബുധനാഴ്ച രാത്രി സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഏറെ നാളായി പ്രണയത്തിലായിരുന്ന യുവതി ബന്ധത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്ന് അവിഷ്ണവ് കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്നാണ് ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ലഭിക്കുന്ന വിവരം. വ്യക്തിപരമായ ബന്ധത്തിലുണ്ടായ വിഷമമാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്.

വിദ്യാഭ്യാസ ആവശ്യത്തിനായി വീട്ടുകാർ എടുത്ത വായ്പയുടെ തിരിച്ചടവിനുള്ള തുക അവിഷ്ണവ് അമ്മയെ ഏൽപ്പിച്ചിരുന്നു. പ്രിയപ്പെട്ട ഒരാൾ തന്നെ വിട്ടുപോയതിലുള്ള മനോവിഷമം അന്ന് രാത്രി അമ്മയുമായി പങ്കുവെച്ചിരുന്നതായും പറയപ്പെടുന്നു. സംഭവദിവസം യുവതി ബന്ധം തുടരാൻ തയ്യാറാകുമെന്ന പ്രതീക്ഷയിൽ അവിഷ്ണവ് ശ്രമിച്ചിരുന്നതായും മരണത്തിന് തൊട്ടുമുമ്പ് വീഡിയോ കോളിലൂടെ യുവതിയുമായി ബന്ധപ്പെട്ടിരുന്നതായും വിവരമുണ്ട്. സംഭവത്തിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ട്.

മരണവിവരമറിഞ്ഞ് യുവാവിനെ അവസാനമായി കാണാൻ യുവതി സുഹൃത്തുക്കൾ വഴി ശ്രമിച്ചെങ്കിലും സുഹൃത്തുക്കളുടെ ഇടപെടലിനെ തുടർന്ന് എത്തിയില്ലെന്നാണ് ലഭിക്കുന്ന വിവരം. എല്ലാവരോടും സൗമ്യമായി പെരുമാറിയിരുന്ന അവിഷ്ണവ് നാട്ടുകാർക്കും വീട്ടുകാർക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു. പഠനവും ജോലിയും ഒരുമിച്ച് കൊണ്ടുപോയി കുടുംബത്തിന് താങ്ങാകാൻ ശ്രമിച്ച യുവാവിന്റെ വിയോഗത്തിൽ ദുഃഖത്തിലാണ് നാട്. അച്ഛൻ: അശോകൻ. അമ്മ: ഷൈമ. സഹോദരി: അഭിനന്ദ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/391421/thiruvallur-youth-death-relationship-distress-avishnav)