---
title: "കൊളവല്ലൂർ പി.ആർ. മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ അരനൂറ്റാണ്ടിനിപ്പുറം പഴയ സഹപാഠികൾ വീണ്ടും ഒത്തുചേർന്നു."
english_title: "Kolavalloor PR Memorial School Old Students Reunion After 50 Years"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/390904/kolavalloor-pr-memorial-school-old-students-reunion-50-years"
published_at: "2026-11-09T18:50:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af1c90152a7e_kolavalloor-pr-memorial-school-old-students-reunion-50-years.jpg"
keywords: ["Kolavalloor PR Memorial School", "Old Students Reunion", "1976 SSLC Batch", "PK Praveen MLA", "Kolavalloor Reunion"]
---

# കൊളവല്ലൂർ പി.ആർ. മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ അരനൂറ്റാണ്ടിനിപ്പുറം പഴയ സഹപാഠികൾ വീണ്ടും ഒത്തുചേർന്നു.

> **Lead Summary:** കൊളവല്ലൂർ: 1976-77 അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി പഠനം നടത്തിയവരുടെ സതീർത്ഥ്യ സംഗമമാണ് വിദ്യാലയ അങ്കണത്തിൽ നടന്നത്.കൗമാരകാല ഓർമ്മകളും സൗഹൃദങ്ങളും പങ്കുവെച്ച് അറുപത് വയസ്സ് പിന്നിട്ടവർ വീണ്ടും പഴയ വിദ്യാർത്ഥികളായി മാറി. അന്നത്തെ ക്ലാസ് മുറികളും സമരകാല അനുഭവങ്ങളും പുനരാവിഷ്കരിച്ച സംഗമം വേറിട്ട കാഴ്ചയായി.

## Article Content

കൊളവല്ലൂർ: 1976-77 അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി പഠനം നടത്തിയവരുടെ സതീർത്ഥ്യ സംഗമമാണ് വിദ്യാലയ അങ്കണത്തിൽ നടന്നത്.കൗമാരകാല ഓർമ്മകളും സൗഹൃദങ്ങളും പങ്കുവെച്ച് അറുപത് വയസ്സ് പിന്നിട്ടവർ വീണ്ടും പഴയ വിദ്യാർത്ഥികളായി മാറി. അന്നത്തെ ക്ലാസ് മുറികളും സമരകാല അനുഭവങ്ങളും പുനരാവിഷ്കരിച്ച സംഗമം വേറിട്ട കാഴ്ചയായി.

അരനൂറ്റാണ്ട് മുമ്പത്തെ വിദ്യാർത്ഥി ജീവിതത്തിലേക്ക് ഒരു മടക്കയാത്ര. ക്ലാസ് മുറികൾ പുനഃസൃഷ്ടിച്ചും പഴയ സമരകാല ഓർമ്മകൾ പുതുക്കിയും സംഗമം ആഘോഷമാക്കി.വെറുമൊരു ഒത്തുചേരലായിരുന്നില്ല ഇത്...

അരനൂറ്റാണ്ട് മുമ്പത്തെ വിദ്യാർത്ഥി ജീവിതത്തിന്റെ പുനരാവിഷ്കാരം കൂടിയായിരുന്നു. അന്നത്തെ ക്ലാസ് മുറികൾ അതേപടി പുനഃസൃഷ്ടിച്ച് പഴയ ബെഞ്ചുകളിലും ഇരിപ്പിടങ്ങളിലും വീണ്ടും വിദ്യാർത്ഥികളായപ്പോൾ ഓർമ്മകൾക്ക് കാലാതീതമായ മധുരം.പഠനത്തോടൊപ്പം അവകാശപ്പോരാട്ടങ്ങളും സമരങ്ങളും നിറഞ്ഞുനിന്ന കൗമാരകാലം.

അന്നത്തെ സമരവീഥികളിലേക്ക് ഒരിക്കൽ കൂടി മടങ്ങിയെത്തിയ സഹപാഠികൾ വിദ്യാർത്ഥി ഐക്യം സിന്ദാബാദ് എന്ന മുദ്രാവാക്യം മുഴക്കി പ്രകടനം നടത്തി. അഞ്ച് പതിറ്റാണ്ടിനിപ്പുറം പഴയ വിദ്യാർത്ഥികളുടെ ആവേശപ്രകടനം കണ്ടപ്പോൾ അന്നത്തെ അധ്യാപകൻ വി.പി. ഗോവിന്ദൻ മാഷും വെറുതെയിരുന്നില്ല. വടിയുമായി വിദ്യാർത്ഥികൾക്ക് പിന്നാലെ ഓടിയെത്തിയ അധ്യാപകന്റെ രംഗം ചിരിയും കൗതുകവും നിറച്ച അപൂർവ കാഴ്ചയായി.പി.കെ. പ്രവീൺ എം.എൽ.എ സംഗമം ഉദ്ഘാടനം ചെയ്തു.

ഡോ. പുത്തൂർ മുസ്തഫ അധ്യക്ഷനായി. മുരളി മൂർക്കോത്ത് സ്വാഗതം പറഞ്ഞു.ടി.പി. വിജയൻ മാസ്റ്റർ, സ്കൂൾ പ്രധാനാധ്യാപകൻ കൃഷ്ണമുരളി, വി.പി. ഗോവിന്ദൻ മാസ്റ്റർ, കെ. രോഹിണി ടീച്ചർ, കെ.വി. ഭാനുമതി ടീച്ചർ, എം.പി. മൂസ മാസ്റ്റർ, എ.കെ. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.പ്രദീപ് കുമാർ പൂത്തോളിയുടെ ക്ലാസും വാഗ്ഭടാനന്ദ വനിത കോൽക്കളി സംഘത്തിന്റെ കോൽക്കളിയും പരിപാടിക്ക് മാറ്റുകൂട്ടി.ജീവിത സായാഹ്നത്തിൽ മറക്കാനാകാത്ത ഒരു ദിനത്തിന്റെ ഓർമ്മകൾ ഹൃദയത്തിലേറ്റിയാണ് പഴയ സഹപാഠികൾ വിദ്യാലയത്തിന്റെ പടിയിറങ്ങിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/390904/kolavalloor-pr-memorial-school-old-students-reunion-50-years)