---
title: "പാനൂരിൽ വാർഡ് സഭയിൽ ഉദ്യോഗസ്ഥരെത്തിയില്ല ; പ്രതിഷേധവുമായി നാട്ടുകാർ"
english_title: "Panoor Ward Sabha Officials Absent Protest Operation Tufan 2.0 Kooteri"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/390787/panoor-ward-sabha-officials-absent-protest-kooteri"
published_at: "2026-11-08T19:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af07c008ef0a_1001485571.jpg"
keywords: ["Panoor Ward Sabha", "Operation Tufan 2.0", "Kooteri Ward Sabha", "Panoor Municipality Protest", "KP Savithri"]
---

# പാനൂരിൽ വാർഡ് സഭയിൽ ഉദ്യോഗസ്ഥരെത്തിയില്ല ; പ്രതിഷേധവുമായി നാട്ടുകാർ

> **Lead Summary:** പാനൂർ : ഓപ്പറേഷൻ തുഫാൻ 2.0 പദ്ധതിയുടെ ഭാഗമായി പാനൂർ നഗരസഭയിലെ മൂന്നാം വാർഡായ കൂറ്റേരിയിൽ വിളിച്ചുചേർത്ത പ്രത്യേക വാർഡ് സഭയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പങ്കെടുക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധം.

## Article Content

പാനൂർ : ഓപ്പറേഷൻ തുഫാൻ 2.0 പദ്ധതിയുടെ ഭാഗമായി പാനൂർ നഗരസഭയിലെ മൂന്നാം വാർഡായ കൂറ്റേരിയിൽ വിളിച്ചുചേർത്ത പ്രത്യേക വാർഡ് സഭയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പങ്കെടുക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധം.

ലഹരി ഉപയോഗവും വിതരണവും തടയുന്നതിനും ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമായി സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഓപ്പറേഷൻ തുഫാൻ 2.0 പദ്ധതിയുടെ ഭാഗമായാണ് വാർഡ് സഭ വിളിച്ചുചേർത്തത്. പാനൂർ ഈസ്റ്റ് യു.പി. സ്കൂളിൽ നടന്ന യോഗത്തിൽ പങ്കെടുക്കാൻ നിശ്ചയിച്ച സമയമായ ഉച്ചയ്ക്ക് 3.30ന് തന്നെ വാർഡ് സഭാംഗങ്ങൾ എത്തിയിരുന്നു.

എന്നാൽ യോഗത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണം നടത്തുന്നതിനായി എത്തേണ്ട എക്സൈസ്, പൊലീസ് ഉദ്യോഗസ്ഥർ എത്തിയില്ല. ഉദ്യോഗസ്ഥരെ നിശ്ചയിച്ച് യോഗത്തിൽ പങ്കെടുപ്പിക്കേണ്ട ചുമതല നഗരസഭാ അധികൃതർക്കായിരുന്നിട്ടും വൈകിട്ട് 5.30 വരെ ആരും എത്തിച്ചേർന്നില്ല. നഗരസഭാ ചെയർപേഴ്സൺ, വൈസ് ചെയർമാൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ എന്നിവരും യോഗത്തിൽ പങ്കെടുത്തില്ല.

ഇതിൽ പ്രതിഷേധിച്ച് വാർഡ് സഭാംഗങ്ങൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പങ്കെടുത്ത അംഗങ്ങൾ മിനുട്സ് ബുക്കിൽ ഒപ്പുവെച്ചിരുന്നു.

നഗരസഭാ അധികൃതരുടെ സമീപനത്തിനെതിരെ വാർഡ് കൗൺസിലർ കെ.പി. സാവിത്രി, കൺവീനർ വി. മുരളി, മുൻ കൗൺസിലർ സി.മനോജ് എന്നിവർ രംഗത്തെത്തി. സംഭവത്തിൽ അന്വേഷണം നടത്തി ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. കൂറ്റേരിയിലെ വോട്ടർമാരോടുള്ള അവഗണനയും അപമാനവുമാണ് നഗരസഭയുടെ ഭാഗത്തുനിന്നുണ്ടായതെന്നും അവർ ആരോപിച്ചു.

വാർഡ് സഭയിൽ കെ.പി. സാവിത്രി, സി.മനോജ്, വി. മുരളി, മൈമൂന, ഫൗസിയ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/390787/panoor-ward-sabha-officials-absent-protest-kooteri)