---
title: "ഭാര്യ ഉദ്ഘാടനം ചെയ്തു,  സദസ്സിലിരുന്ന് പ്രോത്സാഹിപ്പിച്ച് മുൻ മന്ത്രി കെ.പി. മോഹനൻ ; പാനൂർ മദർ തെരേസ സ്കൂളിൽ ഗ്രാന്റ് പാരന്റ്സ് ഡേ ആഘോഷം വേറിട്ടതായി."
english_title: "Panoor Mother Teresa School Grandparents Day KP Mohanan Hemaja Mohan Inauguration"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/390667/panoor-mother-teresa-school-grandparents-day-kp-mohanan-hemaja"
published_at: "2026-11-07T18:24:00+05:30"
category: "Panoor Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aef1ff7ac82d_panoor-mother-teresa-school-grandparents-day-kp-mohanan-hemaja.jpg"
keywords: ["Panoor Grandparents Day", "Mother Teresa School Panoor", "KP Mohanan", "Hemaja Mohan", "Panoor News"]
---

# ഭാര്യ ഉദ്ഘാടനം ചെയ്തു,  സദസ്സിലിരുന്ന് പ്രോത്സാഹിപ്പിച്ച് മുൻ മന്ത്രി കെ.പി. മോഹനൻ ; പാനൂർ മദർ തെരേസ സ്കൂളിൽ ഗ്രാന്റ് പാരന്റ്സ് ഡേ ആഘോഷം വേറിട്ടതായി.

> **Lead Summary:** പാനൂർ: ഭാര്യ ആദ്യമായി ഉദ്ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ കാഴ്ചക്കാരനായി സദസ്സിലിരുന്ന് പ്രോത്സാഹനം നൽകി മുൻ മന്ത്രി കെ.പി. മോഹനൻ. പാനൂർ മദർ തെരേസ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ സംഘടിപ്പിച്ച ഗ്രാന്റ് പാരന്റ്സ് ഡേ ആഘോഷമാണ് വേറിട്ട കാഴ്ചയ്ക്കും കൗതുകത്തിനും വേദിയായത്. മുൻ മന്ത്രിയുടെ സാന്നിധ്യത്തിൽ ഭാര്യ ഹേമജ വി. മോഹൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഭാര്യ ഉദ്ഘാടകയായപ്പോൾ സദസ്സിലിരുന്ന് കൈയടിച്ചും ചിത്രങ്ങൾ പകർത്തിയും കെ.പി. മോഹനൻ പിന്തുണയറിയിച്ചത് ചടങ്ങിന് കൂടുതൽ കൗതുകമായി.

## Article Content

പാനൂർ: ഭാര്യ ആദ്യമായി ഉദ്ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ കാഴ്ചക്കാരനായി സദസ്സിലിരുന്ന് പ്രോത്സാഹനം നൽകി മുൻ മന്ത്രി കെ.പി. മോഹനൻ. പാനൂർ മദർ തെരേസ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ സംഘടിപ്പിച്ച ഗ്രാന്റ് പാരന്റ്സ് ഡേ ആഘോഷമാണ് വേറിട്ട കാഴ്ചയ്ക്കും കൗതുകത്തിനും വേദിയായത്. മുൻ മന്ത്രിയുടെ സാന്നിധ്യത്തിൽ ഭാര്യ ഹേമജ വി. മോഹൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഭാര്യ ഉദ്ഘാടകയായപ്പോൾ സദസ്സിലിരുന്ന് കൈയടിച്ചും ചിത്രങ്ങൾ പകർത്തിയും കെ.പി. മോഹനൻ പിന്തുണയറിയിച്ചത് ചടങ്ങിന് കൂടുതൽ കൗതുകമായി.

കെ.പി. മോഹനന്റെ മക്കളായ രാം മോഹൻ, രജില മോഹൻ, രമില മോഹൻ എന്നിവർ പഠനം നടത്തിയ വിദ്യാലയമാണ് പാനൂർ മദർ തെരേസ ഇംഗ്ലീഷ് മീഡിയം സ്കൂൾ. അതുകൊണ്ടുതന്നെ കുടുംബത്തിന് സ്കൂളുമായി ഏറെക്കാലത്തെ ആത്മബന്ധമുണ്ട്. ഈ ബന്ധത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് ഗ്രാന്റ് പാരന്റ്സ് ഡേ ആഘോഷത്തിലേക്ക് അതിഥികളായി എത്താനുള്ള സ്കൂൾ അധികൃതരുടെ ക്ഷണം ഇരുവരും സന്തോഷത്തോടെ സ്വീകരിച്ചത്.

ചടങ്ങ് ഉദ്ഘാടനം ചെയ്യണമെന്ന സ്കൂൾ അധികൃതരുടെ അഭ്യർഥന ഹേമജ വി. മോഹൻ സ്വീകരിച്ചതോടെ ഇത്തവണത്തെ ആഘോഷം കുടുംബത്തിന് തന്നെ വേറിട്ട അനുഭവമായി. പതിവിൽനിന്ന് വ്യത്യസ്തമായി ഭാര്യ ഉദ്ഘാടകയായപ്പോൾ മുൻ മന്ത്രി വേദിയിലല്ല, സദസ്സിലായിരുന്നു. ഉദ്ഘാടന വേളയിൽ ഭാര്യയെ പ്രോത്സാഹിപ്പിച്ചും ചിത്രങ്ങൾ പകർത്തിയും അദ്ദേഹം ചടങ്ങിൽ സജീവ സാന്നിധ്യമായി.

കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം പി. പ്രസന്ന മുഖ്യാതിഥിയായി. പ്രിൻസിപ്പൽ സോഫിയ ഫെർണാണ്ടസ് അധ്യക്ഷത വഹിച്ചു. കെ.പി. മോഹനൻ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ മാനേജർ ഡി. സിതാര, യു. നിഖില എന്നിവർ സംസാരിച്ചു. വി.പി. നീഷ്മ സ്വാഗതവും പ്രധാനാധ്യാപിക പി.വി. ജിഷ നന്ദിയും പറഞ്ഞു.

ഗ്രാന്റ് പാരന്റ്സ് ഡേയുടെ ഭാഗമായി മുത്തശ്ശിമാർക്കും മുത്തശ്ശന്മാർക്കും ആവേശം പകരുന്ന വിവിധ പരിപാടികളും അരങ്ങേറി. 'സുന്ദരിക്ക് പൊട്ടുതൊടൽ', പൊതുവിജ്ഞാന ക്വിസ് തുടങ്ങിയ മത്സരങ്ങൾ ആഘോഷത്തിന് നിറം പകർന്നു. കുടുംബബന്ധങ്ങളുടെ ഊഷ്മളതയും തലമുറകൾ തമ്മിലുള്ള സ്നേഹവും പങ്കുവെച്ച ആഘോഷത്തിൽ മുൻ മന്ത്രിയും ഭാര്യയും ഒരുമിച്ചെത്തിയത് ചടങ്ങിന്റെ പ്രത്യേക ആകർഷണമായി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/390667/panoor-mother-teresa-school-grandparents-day-kp-mohanan-hemaja)