---
title: "കണ്ണൂരിൽ ബിജെപിയുടെ ജനാധിപത്യ സംരക്ഷണ പദയാത്രയിൽ ആയിരങ്ങൾ അണിനിരന്നു"
english_title: "BJP Democracy Protection Padayatra in Kannur, Thousands Participate"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/390630/bjp-democracy-protection-padayatra-kannur"
published_at: "2026-11-07T13:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeed9e1adf6b_bjp-democracy-protection-padayatra-kannur.jpg"
keywords: ["BJP Kannur", "Democracy Protection Padayatra", "Kummanam Rajasekharan", "Shobha Surendran"]
---

# കണ്ണൂരിൽ ബിജെപിയുടെ ജനാധിപത്യ സംരക്ഷണ പദയാത്രയിൽ ആയിരങ്ങൾ അണിനിരന്നു

> **Lead Summary:** കണ്ണൂർ: അരാജകത്വത്തിനെതിരെ ജനാധിപത്യ സംരക്ഷണം എന്ന മുദ്രാവാക്യമുയർത്തി ബിജെപി കണ്ണൂർ നോർത്ത്, സൗത്ത് ജില്ലാ കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ കണ്ണൂർ നഗരത്തിൽ ആയിരങ്ങൾ അണിനിരന്ന ജനാധിപത്യ സംരക്ഷണ പദയാത്ര നടന്നു. മേലെചൊവ്വ പാതിരിപ്പറമ്പ് ഗ്രൗണ്ടിൽ നിന്നും ആരംഭിച്ച പദയാത്ര മേലെ ചൊവ്വ, താണ, കാൽടെക്സ്, താലൂക്ക് ഓഫീസ് പരിസരം വഴി സ്റ്റേഡിയം കോർണറിൽ സമാപിച്ചു.

## Article Content

കണ്ണൂർ: അരാജകത്വത്തിനെതിരെ ജനാധിപത്യ സംരക്ഷണം എന്ന മുദ്രാവാക്യമുയർത്തി ബിജെപി കണ്ണൂർ നോർത്ത്, സൗത്ത് ജില്ലാ കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ കണ്ണൂർ നഗരത്തിൽ ആയിരങ്ങൾ അണിനിരന്ന ജനാധിപത്യ സംരക്ഷണ പദയാത്ര നടന്നു. മേലെചൊവ്വ പാതിരിപ്പറമ്പ് ഗ്രൗണ്ടിൽ നിന്നും ആരംഭിച്ച പദയാത്ര മേലെ ചൊവ്വ, താണ, കാൽടെക്സ്, താലൂക്ക് ഓഫീസ് പരിസരം വഴി സ്റ്റേഡിയം കോർണറിൽ സമാപിച്ചു.

ബിജെപി അഖിലേന്ത്യാ സെക്രട്ടറി എം. വെങ്കിടേഷ്, ദേശീയ നിർവ്വാഹക സമിതിയംഗം കുമ്മനം രാജശേഖരൻ, സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ, മുൻ സംസ്ഥാന അധ്യക്ഷൻ സി.കെ. പത്മനാഭൻ, മുൻ ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടി, സംസ്ഥാന വക്താവ് ടി.പി. ജയചന്ദ്രൻ മാസ്റ്റർ, സംസ്ഥാന സെൽ കോഡിനേറ്റർ അഡ്വ. വി.കെ. സജീവൻ, കണ്ണൂർ മേഖലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്ത്, നോർത്ത് ജില്ലാ പ്രസിഡണ്ട് കെ.കെ. വിനോദ്കുമാർ, സൗത്ത് ജില്ലാ പ്രസിഡണ്ട് ബിജു ഏളക്കുഴി തുടങ്ങിയവർ പദയാത്രക്ക് നേതൃത്വം നൽകി.

തുടർന്ന് സ്റ്റേഡിയം കോർണറിൽ നടന്ന പൊതുസമ്മേളനം ബിജെപി മുൻ സംസ്ഥാന പ്രസിഡണ്ടും ദേശീയ നിർവ്വാഹക സമിതി അംഗവുമായ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യാ സെക്രട്ടറി എം. വെങ്കിടേഷ്, സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

English Summary: Thousands participated in BJP Kannur North and South district committees' joint Democracy Protection Padayatra in Kannur city against anarchy. The march started from Melechovva Pathiripparamba Ground and ended at Stadium Corner via Melechovva, Thana, Caltex and Taluk Office. Kummanam Rajasekharan inaugurated the public meeting. He alleged Congress and Communists were trying to create confusion over SIR.

എസ്‌ഐആറിന്റെ പേരിൽ അടിസ്ഥാന രഹിതമായ ആരോപണങ്ങളുന്നയിച്ച് പൊതു സമൂഹത്തിൽ ആശയകുഴപ്പമുണ്ടാക്കി അരാജകത്വം സൃഷ്ടിച്ച് നിയമ വ്യവസ്ഥ തകർക്കാനാണ് കോൺഗ്രസും കമ്മ്യൂണിസ്റ്റുകളും ശ്രമിക്കുന്നതെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു. രാജ്യത്ത് റേഷൻ കാർഡും വോട്ടർ പട്ടികയും കാലാനുസൃതമായി പരിഷ്ക്കരിക്കപ്പെടേണ്ടതല്ലെ എന്നും അദ്ദേഹം ചോദിച്ചു. രണ്ടിലും പേര് കൂട്ടിചേർക്കാനും ഒഴിവാക്കാനും നിയമാനുസൃതമായ നടപടി ക്രമങ്ങളുണ്ട്. അത് ചെയ്യുമ്പോൾ പറ്റില്ലെന്ന് പറയുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. വളരെ ദ്രുത ഗതിയിൽ വ്യവസ്ഥാപിതമായി, സുതാര്യമായി ഇലക്ഷൻ കമ്മീഷൻ പ്രവർത്തിക്കുകയാണ്.

തമിഴ്നാട്ടിലും കേരളത്തിലും എസ്‌ഐആർ നല്ലതും മറ്റിടങ്ങളിൽ മോശവുമാകുന്നതെങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു. നരേന്ദ്രമോദി സർക്കാരും ബിജെപിയും ആദർശാധിഷ്ഠിതവും തത്വാധിഷ്ഠിതവും സർഗ്ഗാത്മകവുമായ രാഷ്ട്രീയമാണ് മുന്നോട്ട്വെയ്ക്കുന്നത്. എന്നാൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അരാജകത്വ-അക്രമ രാഷ്ട്രീയമാണ് മുന്നോട്ട്വെയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി നോർത്ത് ജില്ലാ പ്രസിഡണ്ട് കെ.കെ. വിനോദ്കുമാർ അധ്യക്ഷത വഹിച്ചു. സൗത്ത് ജില്ലാ പ്രസിഡണ്ട് ബിജു ഏളക്കുഴി സ്വാഗതവും നോർത്ത് ജില്ലാ ജനറൽ സെക്രട്ടറി ടി.സി. മനോജ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/390630/bjp-democracy-protection-padayatra-kannur)