---
title: "'ഡ്രൈവര്‍മാര്‍ റോഡുകളുടെ ഉടയോന്മാരല്ല, കാലന്മാര്‍' ;  സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലില്‍ ഹൈക്കോടതി"
english_title: "Private Bus Rash Driving High Court Criticizes Drivers Kakkanad Accident"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/390593/high-court-private-bus-rash-driving-kakkanad-accident"
published_at: "2026-11-07T10:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeeace0b56b3_high-court-private-bus-rash-driving-kakkanad-accident.jpg"
keywords: ["High Court Kerala", "Private Bus Rash Driving", "Kakkanad Accident", "Justice Devan Ramachandran", "Infopark Employee Death"]
---

# 'ഡ്രൈവര്‍മാര്‍ റോഡുകളുടെ ഉടയോന്മാരല്ല, കാലന്മാര്‍' ;  സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലില്‍ ഹൈക്കോടതി

> **Lead Summary:** സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിൽ പൊലീസിനെ നിർത്തിപ്പൊരിച്ച് ഹൈക്കോടതി. സുരക്ഷിതമായി വീടിലെത്താം എന്നതിന് എന്താണ് ഉറപ്പെന്ന് കോടതിയുടെ ചോദ്യം. കാക്കനാട് അപകടത്തിൽ ഇൻഫോപാർക്ക് ജീവനക്കാരി മരിച്ചത് സിസ്റ്റത്തിന്‍റെ പരാജയമാണെന്ന് കോടതി വിമർശിച്ചു.

## Article Content

സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിൽ പൊലീസിനെ നിർത്തിപ്പൊരിച്ച് ഹൈക്കോടതി. സുരക്ഷിതമായി വീടിലെത്താം എന്നതിന് എന്താണ് ഉറപ്പെന്ന് കോടതിയുടെ ചോദ്യം. കാക്കനാട് അപകടത്തിൽ ഇൻഫോപാർക്ക് ജീവനക്കാരി മരിച്ചത് സിസ്റ്റത്തിന്‍റെ പരാജയമാണെന്ന് കോടതി വിമർശിച്ചു.

ഡ്രൈവർമാർ റോഡിലെ ഉടയോന്മാർ അല്ല, കാലന്മാരാണെന്നും കുറ്റപ്പെടുത്തിയ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ക്രിമിനലുകളെ ജീവനക്കാരാകുന്ന ബസ് ഉടമകൾക്കെതിരെ നടപടി വേണമെന്നും നിർദേശിച്ചു. സ്വകാര്യ ബസ് ഇടിച്ച് മരിച്ച അക്ഷരയുടെ കുടുംബത്തോട് മാപ്പ് പറയുന്നുവെന്നും കോടതി കൂട്ടിച്ചേർത്തു. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

കാക്കനാട് സ്വകാര്യ ബസിടിച്ച് ഇൻഫോപാർക്ക് ജീവനക്കാരി മരിച്ചതിന് പിന്നാലെയാണ് ഹൈക്കോടതിയുടെ ഇടപെടല്‍. അപകടത്തിന്‍റെ ദൃശ്യങ്ങള്‍ കണ്ട് നിൽക്കാനാവാത്തതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. നടക്കാൻ നടപ്പാതകൾ എവിടെയെന്നും യാത്രക്കാര്‍ക്ക് സുരക്ഷിതമായി വീടിലെത്താം എന്നതിന് എന്താണ് ഉറപ്പെന്നും കോടതി ചോദിച്ചു.

അപകടമുണ്ടായാൽ ഇനി വാഹനം ഓടിക്കാൻ ആകില്ലെന്ന ഭയം ഡ്രൈവർമാർക്ക് ഉണ്ടാകണമെന്ന് കോടതി പറഞ്ഞു. വിഷയത്തില്‍ പൊലീസ് നടപടി എടുത്തില്ലെങ്കിൽ ജനം ശബ്ദം ഉയർത്താൻ ആവശ്യപ്പെടുമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

ബസ് ഉടമകൾക്ക് ജീവനക്കാർ ക്രമിനലുകളാണെന്ന് അറിയാമോ എന്ന് ചോദിച്ച കോടതി, കാക്കനാട് അപകടമുണ്ടാക്കിയ ഡ്രൈവർക്കെതിരെ എത്ര കേസുകൾ ഉണ്ടെന്ന് കോടതി ചോദിച്ചു. ഡ്രൈവർമാർ റോഡിലെ കാലന്മാരാണെന്നും ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചു.നടക്കാൻ നടപ്പാതകൾ എവിടെയെന്ന് കോടതി

നടപ്പാതകൾ സ്ഥാപിക്കാത്തതില്‍ കൊച്ചി കോര്‍പ്പറേഷന് ഹൈക്കോടതിയുടെ അന്ത്യശാസനം. ഫുട്പാത്ത് സ്ഥാപിച്ചില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് കോടതി പറഞ്ഞു. ഇനിയും നടപ്പാതകൾ സ്ഥാപിച്ചില്ലെങ്കില്‍ കോര്‍പ്പറേഷന്‍ സെക്രട്ടറിയെ വിളിച്ചുവരുത്തുമെന്നും ഹൈക്കോടതി അറിയിച്ചു. നിരത്തുകളിലെ ക്യാമറകൾ ഒന്നും കാണുന്നില്ലേ എന്നും കോടതി ചോദിച്ചു.

കൊച്ചി പഴയ കൊച്ചി അല്ലെന്നും വാഹനങ്ങളുടെ എണ്ണം കൂടിയെന്നും കോടതി പറഞ്ഞു. ഈ സാഹചര്യത്തില്‍ അപകടകരമായ ഡ്രൈവിംഗ് ന്യായമായി സമയക്രമം എങ്ങനെ പറയാനാകുമെന്ന് കോടതി ചോദിച്ചു. ഫോണിൽ സംസാരിച്ചാണ് പല ഡ്രൈവർമാരും ബസ് ഓടിക്കുന്നതെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/390593/high-court-private-bus-rash-driving-kakkanad-accident)