---
title: "കേരളപ്പിറവി ദിനാചരണം ; എൽപി, യുപി വിദ്യാർത്ഥികൾക്കായി പ്രസംഗ മത്സരവുമായി പന്ന്യന്നൂർ പഞ്ചായത്ത് വിദ്യാഭ്യാസ സമിതി"
english_title: ": Kerala Piravi Day Speech Competition Panniyannur Panchayat"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/390361/kerala-piravi-day-speech-competition-panniyannur-panchayat"
published_at: "2026-11-05T16:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aec65d830150_kerala-piravi-day-speech-competition-panniyannur-panchayat.jpg"
keywords: ["Kerala Piravi Day", "Panniyannur Panchayat", "Speech Competition", "LP UP Students", "Panniyannur Education Committee"]
---

# കേരളപ്പിറവി ദിനാചരണം ; എൽപി, യുപി വിദ്യാർത്ഥികൾക്കായി പ്രസംഗ മത്സരവുമായി പന്ന്യന്നൂർ പഞ്ചായത്ത് വിദ്യാഭ്യാസ സമിതി

> **Lead Summary:** പന്ന്യന്നൂർ: കേരളപ്പിറവി ദിനാചരണത്തിന്റെ ഭാഗമായി പന്ന്യന്നൂർ പഞ്ചായത്ത് വിദ്യാഭ്യാസ സമിതി എൽ.പി, യു.പി വിഭാഗം വിദ്യാർത്ഥികൾക്കായി പ്രസംഗ മത്സരം സംഘടിപ്പിച്ചു. സ്വന്തം ഭാഷയോടുള്ള സ്നേഹവും കേരളത്തിന്റെ സാംസ്കാരിക പൈതൃകവും പുതിയ കാലത്തിന്റെ കാഴ്ചപ്പാടുകളും കുട്ടികളിലൂടെ അവതരിപ്പിക്കുകയായിരുന്നു മത്സരത്തിന്റെ ലക്ഷ്യം.

## Article Content

പന്ന്യന്നൂർ: കേരളപ്പിറവി ദിനാചരണത്തിന്റെ ഭാഗമായി പന്ന്യന്നൂർ പഞ്ചായത്ത് വിദ്യാഭ്യാസ സമിതി എൽ.പി, യു.പി വിഭാഗം വിദ്യാർത്ഥികൾക്കായി പ്രസംഗ മത്സരം സംഘടിപ്പിച്ചു. സ്വന്തം ഭാഷയോടുള്ള സ്നേഹവും കേരളത്തിന്റെ സാംസ്കാരിക പൈതൃകവും പുതിയ കാലത്തിന്റെ കാഴ്ചപ്പാടുകളും കുട്ടികളിലൂടെ അവതരിപ്പിക്കുകയായിരുന്നു മത്സരത്തിന്റെ ലക്ഷ്യം.

എൽ.പി വിഭാഗം വിദ്യാർത്ഥികൾക്ക് 'എന്റെ ഭാഷ, എന്റെ അഭിമാനം' എന്ന വിഷയവും യു.പി വിഭാഗത്തിന് 'നവകേരള ചിന്തകൾ' എന്ന വിഷയവുമാണ് പ്രസംഗത്തിനായി നൽകിയത്. ആവേശത്തോടെയാണ് വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തത്.

ചിലർ വാക്കുകൾക്കായി ഇടയ്ക്ക് തപ്പിത്തടഞ്ഞപ്പോൾ മറ്റു ചിലർ ആത്മവിശ്വാസത്തോടെയും വ്യക്തമായ ആശയാവതരണത്തോടെയും സദസ്സിന്റെ കൈയടി നേടി. പ്രായത്തെ വെല്ലുന്ന പ്രസംഗ മികവും വിഷയത്തെക്കുറിച്ചുള്ള കൃത്യമായ ധാരണയും ചില കുട്ടികളുടെ പ്രകടനത്തിൽ പ്രകടമായി. കൊച്ചുപ്രതിഭകളുടെ വാക്കുകളിലൂടെ മലയാള ഭാഷയുടെ മഹത്വവും നവകേരളത്തെക്കുറിച്ചുള്ള പ്രതീക്ഷകളും വേദിയിൽ നിറഞ്ഞു.

മത്സരം കുട്ടികൾക്ക് ഭാഷാപരമായ കഴിവുകൾ പ്രകടിപ്പിക്കാനും പൊതുവേദിയിൽ സംസാരിക്കാനുള്ള ആത്മവിശ്വാസം വളർത്താനും മികച്ച അവസരമായി.

എൽപി വിഭാഗത്തിൽ പന്ന്യന്നൂർ എൽപി സ്കൂളിലെ നിലൻ ദേവ് ഒന്നാം സ്ഥാനവും, കുന്നുമ്മൽ യു.പിയിലെ സി.കെ വാഗ്നി രണ്ടാം സ്ഥാനവും, ചമ്പാട് എൽപിയിലെ നിയതി പി. വിജേഷ് മൂന്നാം സ്ഥാനവും നേടി.യു.പി വിഭാഗത്തിൽ പന്ന്യന്നൂർ അരയാക്കൂൽ യു.പി സ്കൂളിലെ അവനിക രാജീവ് ഒന്നാം സ്ഥാനവും, കുന്നുമ്മൽ യൂപി സ്കൂളിലെ ആർ. ഹെൽന രണ്ടാം സ്ഥാനവും, ചമ്പാട് വെസ്റ്റ് യു.പി സ്കൂളിലെ ആയിഷ അസ്റ മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് പഞ്ചായത്ത് പ്രസിഡണ്ട് എസ്. സ്നോയ ഉപഹാരങ്ങൾ കൈമാറി. പി.ഇ.സി കൺവീനർ ജാനറ്റ് നൗറിൻ അധ്യക്ഷയായി. വൈസ് പ്രസിഡണ്ട് ഇ.മണിലാൽ, വാർഡംഗങ്ങളായ കെ.പി. ലീല ടീച്ചർ, നസീർ ഇടവലത്ത്, ടി.ഉമ്മർ, ജസീല നൗഷാദ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/390361/kerala-piravi-day-speech-competition-panniyannur-panchayat)