---
title: "ആഫ്രിക്കൻ ഒച്ച് ശല്യത്തിനെതിരെ കിഴക്കെ ചമ്പാട് ജനകീയ കൂട്ടായ്മ ; പങ്കെടുത്തവർക്ക് തുരിശ് വിതരണം ചെയ്തു"
english_title: "African Snail Menace: Kizhakke Champad Meet, Thurisu Given"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/390359/african-snail-menace-kizhakke-champad-meet-thurisu-distributed"
published_at: "2026-11-05T16:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aec642de4c5e_african-snail-menace-kizhakke-champad-meet-thurisu-distributed.jpg"
keywords: ["African Snail Menace", "Kizhakke Champad", "Panniyannur Panchayat", "Kurichikkara Meeting", "Thurisu Distribution"]
---

# ആഫ്രിക്കൻ ഒച്ച് ശല്യത്തിനെതിരെ കിഴക്കെ ചമ്പാട് ജനകീയ കൂട്ടായ്മ ; പങ്കെടുത്തവർക്ക് തുരിശ് വിതരണം ചെയ്തു

> **Lead Summary:** ചമ്പാട്: കിഴക്കെ ചമ്പാട് കുറിച്ചിക്കരയിൽ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം കാരണം പ്രദേശവാസികൾ അനുഭവിക്കുന്ന ദുരിതത്തിൽ ഒടുവിൽ നടപടിയുമായി പഞ്ചായത്ത്. പെറ്റുപെരുകുന്ന ഒച്ചുകൾ വീടുകളുടെ ചുമരുകളിലും അകത്തളങ്ങളിലും വരെ കൂട്ടത്തോടെ കയറിക്കൂട്ടാൻ തുടങ്ങിയതോടെയാണ് നാട്ടുകാർ പരാതിയുമായി രംഗത്തെത്തിയത്. വീടും പരിസരവും ഒച്ചുകൾ കൈയടക്കിയതോടെ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലായിരുന്നു നാട്ടുകാർ.

## Article Content

ചമ്പാട്: കിഴക്കെ ചമ്പാട് കുറിച്ചിക്കരയിൽ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം കാരണം പ്രദേശവാസികൾ അനുഭവിക്കുന്ന ദുരിതത്തിൽ ഒടുവിൽ നടപടിയുമായി പഞ്ചായത്ത്. പെറ്റുപെരുകുന്ന ഒച്ചുകൾ വീടുകളുടെ ചുമരുകളിലും അകത്തളങ്ങളിലും വരെ കൂട്ടത്തോടെ കയറിക്കൂട്ടാൻ തുടങ്ങിയതോടെയാണ് നാട്ടുകാർ പരാതിയുമായി രംഗത്തെത്തിയത്. വീടും പരിസരവും ഒച്ചുകൾ കൈയടക്കിയതോടെ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലായിരുന്നു നാട്ടുകാർ.

കൃഷിയിടങ്ങളിലെ സസ്യലതാദികൾ വ്യാപകമായി നശിപ്പിക്കുന്നതിനാൽ കാർഷിക പ്രവർത്തനങ്ങളും പ്രതിസന്ധിയിലായിരുന്നു. ഇതേ തുടർന്നാണ് പന്ന്യന്നൂർ പഞ്ചായത്തിലെ ആറ്, പന്ത്രണ്ട് വാർഡുകളിൽ ഒച്ചുകളുടെ വ്യാപനം തടയുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനുമായി നാട്ടുകാരുടെ പരാതിയെ തുടർന്ന് പഞ്ചായത്ത് ജനകീയ യോഗം വിളിച്ചുചേർത്തത്.

കുറിച്ചിക്കര ശ്രീനാരായണ മഠത്തിൽ ചേർന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് എസ്. സ്നോയ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.കെ. മണിലാൽ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ എസ്.ആർ. സ്നേഹ ബോധവൽക്കരണ ക്ലാസെടുത്തു. പാനൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം രാജേഷ്, വാർഡംഗങ്ങളായ കെ.പി. ലീല, സി.എച്ച്. ഖാദർ, ജിൻഷ എന്നിവർ സംസാരിച്ചു. സന്തോഷ് ഒടക്കാത്ത് സ്വാഗതം പറഞ്ഞു.

നൂറോളം പേർ യോഗത്തിൽ പങ്കെടുത്തു. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പങ്കെടുത്ത എല്ലാവർക്കും ഒച്ചുനശീകരണത്തിനുള്ള തുരിശ് വിതരണം ചെയ്തു. പ്രദേശത്ത് ഒച്ചുകളുടെ വ്യാപനം തടയാൻ കൂട്ടായ പ്രവർത്തനങ്ങൾ ശക്തമാക്കാനും യോഗത്തിൽ തീരുമാനമായി.

English Summary: A people's meeting was convened by Panniyannur Panchayat at Kurichikkara Sree Narayana Madam in Kizhakke Champad to tackle African snail menace in wards 6 and 12. Around 100 people attended. Locals said snails had multiplied and entered houses and destroyed crops. Thurisu for snail eradication was distributed to all participants. The meeting decided to strengthen collective preventive activities.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/390359/african-snail-menace-kizhakke-champad-meet-thurisu-distributed)