---
title: "ചമ്പാടിന്റെ ഉറക്കം കെടുത്തി വീണ്ടും അജ്ഞാതന്റെ അതിക്രമം ; ചോതാവൂർ ഹയർ സെക്കന്ററി സ്കൂൾ കാന്റീനിലും മോഷണം"
english_title: "Chambad Unknown Intruder Vandalism Again Chothavoor Higher Secondary School Canteen Theft Panoor"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/389750/chambad-unknown-intruder-vandalism-chothavoor-hss-canteen-theft"
published_at: "2026-11-01T13:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae6f845582ac_chambad-unknown-intruder-vandalism-chothavoor-hss-canteen.jpg"
keywords: ["Chambad Theft", "Chothavoor Higher Secondary School Canteen", "Arayakkool Pushpalatha House Vandalism", "Panoor Police"]
---

# ചമ്പാടിന്റെ ഉറക്കം കെടുത്തി വീണ്ടും അജ്ഞാതന്റെ അതിക്രമം ; ചോതാവൂർ ഹയർ സെക്കന്ററി സ്കൂൾ കാന്റീനിലും മോഷണം

> **Lead Summary:** ചമ്പാട്: ചമ്പാട് മേഖലയിൽ വീട്ടിൽ അതിക്രമം നടത്തിയും, സ്കൂൾ കാന്റീൻ കുത്തിത്തുറന്ന് മിഠായികൾ കവർന്നും മോഷ്ടാവിന്റെ വിളയാട്ടം. ചമ്പാട് അരയാക്കൂലിലെ ജന്മീന്റവിട പുഷ്പലതയുടെ വീട്ടിലും, ചമ്പാട് ചേതാവൂർ ഹയർ സെക്കന്ററി സ്കൂൾ കാന്റീനിലുമാണ് മോഷണം നടന്നത്.

## Article Content

ചമ്പാട്: ചമ്പാട് മേഖലയിൽ വീട്ടിൽ അതിക്രമം നടത്തിയും, സ്കൂൾ കാന്റീൻ കുത്തിത്തുറന്ന് മിഠായികൾ കവർന്നും മോഷ്ടാവിന്റെ വിളയാട്ടം. ചമ്പാട് അരയാക്കൂലിലെ ജന്മീന്റവിട പുഷ്പലതയുടെ വീട്ടിലും, ചമ്പാട് ചേതാവൂർ ഹയർ സെക്കന്ററി സ്കൂൾ കാന്റീനിലുമാണ് മോഷണം നടന്നത്.

ചമ്പാട് ചോതാവൂർ ഹയർ സെക്കന്ററി സ്കൂളിലെ ശുചീകരണ തൊഴിലാളി ജന്മീന്റവിട പുഷ്പലത ശനിയാഴ്ച ഉച്ചക്ക് 2 മണിയോടെ വീടുപൂട്ടി സ്കൂളിലേക്ക് പോയതായിരുന്നു. വൈകീട്ട് 6 മണിയോടെ തിരിച്ചെത്തിയപ്പോഴാണ് വാതിൽ തുറന്ന നിലയിൽ കാണുന്നത്.

തുടർന്ന് പരിശോധിച്ചപ്പോൾ മുറിയിലെ സീലിംഗ് ഫാനിന്റെ ലീഫുകൾ ഒടിച്ച നിലയിലും, ടി.വിയും, മേശയും,അടുക്കളയിലെ മിക്സിയും മറിച്ചിട്ട നിലയിലും കാണുകയായിരുന്നു. വരാന്തയിൽ മലമൂത്രവിസർജനവും നടത്തിയിരുന്നു.

ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന മിഠായികൾ മാത്രമാണ് മോഷണം പോയത്. പുഷ്പലതയുടെ പരാതിയെ തുടർന്ന് പാനൂർ എസ്.ഐ മരിയ പ്രിൻസും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി സമീപവാസികളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. ഞായറാഴ്ച രാവിലെയാണ് ചമ്പാട് ചോതാവൂർ ഹയർ സെക്കന്ററി സ്കൂൾ കാന്റീനിലും മോഷണം നടന്ന വിവരം പുറത്തറിയുന്നത്.

കാന്റീനിന്റെ വാതിൽ തകർത്ത മോഷ്ടാവ് മിഠായികൾ കവർന്നു. സ്കൂളിൽ സി.സി ടി വി യുണ്ടെങ്കിലും കാന്റിനിന്റെ മുകളിൽ ഷീറ്റിട്ടതിനാൽ ദൃശ്യങ്ങൾ പതിഞ്ഞിട്ടില്ല. പിറകുവശം വഴിയാണ് മോഷ്ടാവ് എത്തിയെന്നാണ് നിഗമനം. പാനൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മോഷ്ടാവിനെ കണ്ടെത്തണമെന്നും, നാട്ടുകാരുടെ ആശങ്ക അകറ്റണമെന്നും വാർഡംഗങ്ങളായ നസീർ ഇടവലത്തും, കെ. ജിൻഷയും ആവശ്യപ്പെട്ടു.

English Summary: Unknown intruder again disturbs sleep of Chambad theft in Chothavoor Higher Secondary School canteen also. Thief's rampage by trespassing house and breaking open school canteen and stealing sweets in Chambad region. Theft happened at Janmintavida Pushpalatha house at Chambad Arayakkool and at Chambad Chothavoor Higher Secondary School canteen. Pushpalatha Janmintavida who is cleaning worker at Chambad Chothavoor Higher Secondary School had locked house and gone to school at 2 pm on Saturday. When returned at 6 pm evening saw door in open condition. Then on checking ceiling fan leaves in room were found broken and TV table mixer in kitchen were found overturned. Defecation urination was also done in verandah. Only sweets kept in fridge were stolen. Following Pushpalatha complaint Panoor SI Maria Prince and team reached spot conducted inspection and collected information from nearby residents. It was on Sunday morning that information of theft in Chambad Chothavoor Higher Secondary School canteen also came out. Thief broke door of canteen and stole sweets. Though school has CCTV since sheet is put above canteen visuals not captured. It is assumed thief came through back side. Panoor police reached spot and started investigation. Ward members Naseer Idavalath and K Jinsha demanded that thief should be found and concern of locals should be removed.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/389750/chambad-unknown-intruder-vandalism-chothavoor-hss-canteen-theft)