---
title: "17 കാരനായ പ്രതിയുടെ അതിവേഗം ജാമ്യം അത്ഭുതപ്പെടുത്തി ; പൊലീസിന് വീഴ്ച പറ്റി, നടപടിയുണ്ടാകുമെന്നും ആഭ്യന്തര മന്ത്രി"
english_title: "Cheranallur Benz Accident 17 Year Old Accused Bail Home Minister Ramesh Chennithala Assembly"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/388835/cheranallur-benz-accident-17-year-old-bail-police-lapse-home-minister"
published_at: "2026-10-26T15:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adf2be257f53_1001465910.jpg"
keywords: ["Cheranallur Accident", "17 Year Old Benz Accident", "Ramesh Chennithala", "Juvenile Court Bail", "Police Lapse"]
---

# 17 കാരനായ പ്രതിയുടെ അതിവേഗം ജാമ്യം അത്ഭുതപ്പെടുത്തി ; പൊലീസിന് വീഴ്ച പറ്റി, നടപടിയുണ്ടാകുമെന്നും ആഭ്യന്തര മന്ത്രി

> **Lead Summary:** ചേരാനല്ലൂരിൽ 17 കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവം നിയമസഭയിലും ചൂടേറിയ ചർച്ചയായി. പ്രതിപക്ഷ നേതാവ് പിണറായി വിജയനാണ് വിഷയം ഉന്നയിച്ചത്. പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിച്ചുള്ള അപകടങ്ങൾ വർധിപ്പിവരികയാണെന്നും ഉന്നത സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.

## Article Content

ചേരാനല്ലൂരിൽ 17 കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവം നിയമസഭയിലും ചൂടേറിയ ചർച്ചയായി. പ്രതിപക്ഷ നേതാവ് പിണറായി വിജയനാണ് വിഷയം ഉന്നയിച്ചത്. പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിച്ചുള്ള അപകടങ്ങൾ വർധിപ്പിവരികയാണെന്നും ഉന്നത സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.

പ്രതിപക്ഷ നേതാവ് ഉന്നയിച്ച വിഷയം ശരിയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. ചേരാനല്ലൂർ കേസിലെ പ്രതിയെ ജുവനൈൽ കോടതിയിൽ ഹാജരാക്കിയ ഉടൻ ജാമ്യം കിട്ടിയത് അത്ഭുതപ്പെടുത്തിയെന്നും ചെന്നിത്തല വിവരിച്ചു. ദാരുണമായ സംഭവമാണ് ചേരാനല്ലൂരിൽ ഉണ്ടായത്. തുടക്കത്തിൽ പൊലീസ് സ്വീകരിച്ച നിലപാട് ശരിയല്ലെന്നും ആഭ്യന്തര മന്ത്രി തുറന്ന് സമ്മതിച്ചു.

നരഹത്യാക്കുറ്റം ആദ്യം തന്നെ ചുമത്തേണ്ടതായിരുന്നു എന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി. ആ വകുപ്പ് ചുമത്താതിരുന്നത് പൊലീസിന്‍റെ വീഴ്ചയാണ്. അടിയന്തരമായി വിഷയത്തിൽ ഇടപെട്ട് ഡി ജി പിയോട് സംസാരിച്ചു. ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെട്ടെന്നും ചെന്നിത്തല വ്യക്തമാക്കി.

പിന്നീട് പൊലീസ് പ്രതിക്കെതിരെ നരഹത്യാക്കുറ്റം ചുമത്തി കേസെടുത്തു. പ്രതിയെ കസ്റ്റഡിയിലെടുത്ത് രാത്രി തന്നെ ജുവനൈൽ കോടതിക്ക് മുന്നിൽ ഹാജരാക്കി. സർപ്രൈസായാണ് തനിക്ക് അതിൽ ഒരു കാര്യം തോന്നിയത്. കോടതിയിൽ ഹാജരാക്കിയ ഉടൻ തന്നെ പ്രതിക്ക് ജാമ്യം അനുവദിച്ചു. ഇത് അത്ഭുതപ്പെടുത്തിയെന്നും ചെന്നിത്തല വിവരിച്ചു.

പ്രതിയുടെ ജാമ്യം റദ്ദാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. നീതി എല്ലാവർക്കും ഒരുപോലെ തന്നെയാണ്. അതിൽ പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ ഇല്ല. വാഹനം ഓടിച്ചത് പതിനേഴുകാരനാണ്. വാഹനം ജഡ്ജിയുടെ പേരിലാണെങ്കിൽ ജഡ്ജിക്കെതിരെയും കേസെടുക്കുമെന്നതിൽ ആർക്കും സംശയം വേണ്ടെന്നും ചെന്നിത്തല സഭയെ അറിയിച്ചു.

സഭയ്ക്ക് പുറത്തിറങ്ങിയ ശേഷവും ആഭ്യന്തര മന്ത്രി ഇക്കാര്യത്തിലെ നിലപാട് ആവർത്തിച്ചു. അപകടത്തിൽ പൊലീസ് സ്വീകരിക്കേണ്ട നടപടി എടുത്തില്ല എന്ന് തന്നെയാണ് അഭിപ്രായം എന്ന് അദ്ദേഹം വ്യക്തമാക്കി. വീഴ്ച സംബന്ധിച്ച് എ ഡി ജി പി വിജയനോട് അന്വേഷിക്കാൻ ആവശ്യപ്പെട്ടു. മരിച്ചയാളുടെ സംസ്കാരത്തിന് മുൻപ് തന്നെ അപകടമുണ്ടാക്കിയ ആൾക്ക് ജാമ്യം കിട്ടി. അത് വീഴ്ചയാണ്. അംഗീകരിക്കാൻ നിവൃത്തിയില്ല. വീഴ്ച വരുത്തിയവർക്കെതിരെ നടപടി ഉണ്ടാകും. വാഹന ഉടമക്കെതിരെയും നടപടി ഉണ്ടാകും.

ജഡ്ജി ആണെങ്കിലും വാദി ആണെങ്കിലും നിയമം എല്ലാവർക്കും ഒരുപോലെയെന്നും ആഭ്യന്തര മന്ത്രി ചൂണ്ടിക്കാട്ടി. മദ്യപിച്ച് വാഹനമോടിച്ചാൽ കർശന നടപടിയെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/388835/cheranallur-benz-accident-17-year-old-bail-police-lapse-home-minister)