---
title: "സ്വാതന്ത്ര്യസമരസേനാനി പി.വി. കുഞ്ഞിരാമന് പന്ന്യന്നൂരിൽ സ്മാരകം പണിയണമെന്ന ആവശ്യം ശക്തമാകുന്നു"
english_title: "Freedom Fighter PV Kunhiraman Memorial Demand Panniyannur Panchayat Family Health Centre Naming"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/388243/freedom-fighter-pv-kunhiraman-memorial-demand-panniyannur-family-health-centre"
published_at: "2026-10-22T21:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ada399152ce0_freedom-fighter-pv-kunhiraman-memorial-demand-panniyannur-family.jpg"
keywords: ["PV Kunhiraman", "Freedom Fighter", "Panniyannur Panchayat", "Communist Leader", "Mahe Liberation"]
---

# സ്വാതന്ത്ര്യസമരസേനാനി പി.വി. കുഞ്ഞിരാമന് പന്ന്യന്നൂരിൽ സ്മാരകം പണിയണമെന്ന ആവശ്യം ശക്തമാകുന്നു

> **Lead Summary:** ​പന്ന്യന്നൂർ:സ്വാതന്ത്ര്യസമരസേനാനിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ പി.വി. കുഞ്ഞിരാമന്റെ (പി.വി) ധീരമായ പോരാട്ടവീര്യവും മാതൃകാപരമായ ജീവിതവും വരുംതലമുറയിലേക്ക് എത്തിക്കുന്നതിനായി പന്ന്യന്നൂർ ഗ്രാമപഞ്ചായത്തിൽ ഉചിതമായ ഒരു സ്മാരകം നിർമ്മിക്കണമെന്ന ആവശ്യം നാടിന്റെ വിവിധ കോണുകളിൽ നിന്ന് ശക്തമാകുന്നു.

## Article Content

​പന്ന്യന്നൂർ:സ്വാതന്ത്ര്യസമരസേനാനിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ പി.വി. കുഞ്ഞിരാമന്റെ (പി.വി) ധീരമായ പോരാട്ടവീര്യവും മാതൃകാപരമായ ജീവിതവും വരുംതലമുറയിലേക്ക് എത്തിക്കുന്നതിനായി പന്ന്യന്നൂർ ഗ്രാമപഞ്ചായത്തിൽ ഉചിതമായ ഒരു സ്മാരകം നിർമ്മിക്കണമെന്ന ആവശ്യം നാടിന്റെ വിവിധ കോണുകളിൽ നിന്ന് ശക്തമാകുന്നു.

​1937-ൽ അരയാക്കൂൽ സ്കൂളിൽ നടന്ന വടക്കേമലബാർ കോൺഗ്രസ് സമ്മേളനത്തോടനുബന്ധിച്ചുള്ള മിശ്രഭോജനത്തിൽ പങ്കെടുത്തുകൊണ്ട്, തന്റെ പതിനൊന്നാം വയസ്സിലാണ് പി.വി. പൊതുപ്രവർത്തനത്തിലേക്ക് എടുത്തുചാടുന്നത്. 1942-ലെ ക്വിറ്റ് ഇന്ത്യ സമരകാലത്ത്, 16-ാം വയസ്സിൽ കതിരൂർ സ്കൂൾ വിദ്യാർത്ഥിയായിരിക്കെ എം.എസ്.പി. ക്യാമ്പിലേക്ക് നടത്തിയ പ്രകടനത്തിൽ പങ്കെടുത്തതിന് ഇദ്ദേഹം ക്രൂരമായ പോലീസ് മർദ്ദനത്തിന് ഇരയാവുകയുണ്ടായി.

​രാജ്യത്തിനകത്തും പുറത്തും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെയും ഫ്രഞ്ച്-പോർച്ചുഗീസ് അധിനിവേശങ്ങൾക്കെതിരെയും ഒരുപോലെ പൊരുതിയ അപൂർവ്വം നേതാക്കളിൽ ഒരാളാണ് പി.വി. കുഞ്ഞിരാമൻ. 1944-ൽ റോയൽ ഇന്ത്യൻ നേവിയിൽ സീമാനായി ജോലിയിൽ പ്രവേശിച്ച അദ്ദേഹം ബർമ്മ യുദ്ധവേളയിൽ മലേഷ്യ, സിംഗപ്പൂർ, അന്തമാൻ, ബർമ്മ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചു. മികച്ച സേവനത്തിന് വാർ മെഡലും ബർമ്മ സ്റ്റാറും ലഭിച്ചെങ്കിലും, 1946-ലെ സ്വാതന്ത്ര്യസമര പ്രക്ഷോഭത്തിന്റെ ഭാഗമായി താൻ സേവനമനുഷ്ഠിച്ച കപ്പലിലെ ബ്രിട്ടീഷ് യൂണിയൻ ജാക്ക് പതാക താഴെയിറക്കി ഇന്ത്യൻ ത്രിവർണ്ണപതാക ഉയർത്തിയതോടെ അദ്ദേഹത്തിന് ജോലി നഷ്ടപ്പെടുകയായിരുന്നു.

തുടർന്ന്, ഗോവയെ പോർച്ചുഗീസ് അധിനിവേശത്തിൽ നിന്ന് മോചിപ്പിക്കാൻ മുംബൈയിൽ നിന്നു പുറപ്പെട്ട ഏഴംഗ പ്രക്ഷോഭകരുടെ ലീഡറായതും പി.വി. ആയിരുന്നു. ഈ സമരത്തിനിടെ ഉണ്ടായ പോലീസ് വെടിവെപ്പിൽ അദ്ദേഹത്തിന് പരിക്കേൽക്കുകയുണ്ടായി. കൂടാതെ, മയ്യഴിയുടെയും (മാഹി) ചെറുകല്ലായിയുടെയും ഫ്രഞ്ച് വിരുദ്ധ മുക്തിപോരാട്ടങ്ങളിലും അദ്ദേഹം മുൻനിരയിൽ തന്നെ നിലയുറപ്പിച്ചു.

​1946 അവസാനം സി.പി.ഐ.യിൽ അംഗമായ അദ്ദേഹം 1951-ൽ ബോംബെ കമ്മറ്റി അംഗമായും പിന്നീട് പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായും പ്രവർത്തിച്ചു. തുടർന്ന്, 16 വർഷക്കാലം പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി മാതൃകാപരമായ സേവനമാണ് അദ്ദേഹം നാടിനായി കാഴ്ചവെച്ചത്.

​രാജ്യത്തിനുവേണ്ടി വൻ ത്യാഗങ്ങൾ സഹിച്ചെങ്കിലും വ്യക്തിപരമായ ആനുകൂല്യങ്ങളോ പദവികളോ അദ്ദേഹം ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. യഥാർത്ഥ സ്വാതന്ത്ര്യസമരസേനാനിയായിരുന്നിട്ടും സ്വാതന്ത്ര്യസമര പെൻഷൻ വാങ്ങാൻ തയാറാകാതിരുന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ആത്മാഭിമാനത്തിന്റെ ഉത്തമോദാഹരണമാണ്. 1970 മുതൽ വിവിധ സ്ഥാപനങ്ങളിൽ കണക്കെഴുത്തുകാരനായി (അക്കൗണ്ടന്റ്) ജോലി ചെയ്തു ലഭിച്ച വരുമാനം കൊണ്ടു മാത്രമാണ് അദ്ദേഹം കുടുംബം പുലർത്തിയത്. സ്വന്തം ജീവിതം നാടിന്റെ സ്വാതന്ത്ര്യത്തിനും വികസനത്തിനുമായി സമർപ്പിച്ച ഈ ധീരദേശാഭിമാനിക്ക് അർഹമായ ആദരവ് നൽകാൻ ഗ്രാമപഞ്ചായത്തിലെ പണി പൂർത്തിയാകാറായ പന്ന്യന്നുർ കുടുംബാരോഗ്യ കേന്ദ്രത്തിന് പിവിയുടെ നാമധേയം നൽകി അദ്ദേഹത്തോട് ഇനിയെങ്കിലും നീതി കാട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

English Summary: Demand intensifies in Panniyannur to build a memorial for freedom fighter and senior communist leader P.V. Kunhiraman. People demand naming the near-completion Panniyannur Family Health Centre after him. P.V. entered public life at age 11 participating in mixed feast during North Malabar Congress meet at Arayakkool School in 1937. At 16, as Kathirur school student, he was brutally beaten by police for participating in march to MSP Camp during Quit India Movement in 1942. One of rare leaders who fought British imperialism inside and outside country and against French-Portuguese occupation. Joined Royal Indian Navy as seaman in 1944, served in Malaysia, Singapore, Andaman, Burma during Burma war, received War Medal and Burma Star, but lost job in 1946 for lowering British Union Jack and hoisting Indian tricolour on his ship as part of freedom struggle. Led seven-member team from Mumbai to liberate Goa from Portuguese, injured in police firing. Also frontline in Mahe and Cherukallayi anti-French liberation struggles. Became CPI member in late 1946, Bombay Committee member in 1951, later State Executive member. Served as Panniyannur Grama Panchayat President for 16 years. Despite great sacrifices, never sought personal benefits, even refused freedom fighter pension, living only on income as accountant from 1970.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/388243/freedom-fighter-pv-kunhiraman-memorial-demand-panniyannur-family-health-centre)