---
title: "ചൊക്ലിയിൽ ലൈസൻസില്ലാതെ വാഹനമോടിച്ചതിന് ഒരു മാസത്തിനിടെ  പിടിയിലായത് 15 ഓളം കൗമാരക്കാർ ; ആർ.സി ഓണർക്ക്  25,000 രൂപ പിഴയോ , 3 വർഷം കഠിന തടവോ ലഭിക്കാമെന്നും ജാഗ്രത പാലിക്കണമെന്നും എസ്.എച്ച്.ഒ ആർ.രാകേഷ്"
english_title: "Chokli Minor Driving Without License 15 Cases In One Month RC Owner 25000 Fine 3 Year Jail SHO Rakesh Warning"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/388219/chokli-license-less-driving-minors-15-cases-rc-owner-fine-jail-sho-rakesh"
published_at: "2026-10-22T17:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ada02aa18567_Untitled-8_copy.jpg"
keywords: ["Chokli Police", "Minor Driving", "Without License", "RC Owner Fine", "Kannur City Police", "SHO R Rakesh", "Two Wheeler License Rule"]
---

# ചൊക്ലിയിൽ ലൈസൻസില്ലാതെ വാഹനമോടിച്ചതിന് ഒരു മാസത്തിനിടെ  പിടിയിലായത് 15 ഓളം കൗമാരക്കാർ ; ആർ.സി ഓണർക്ക്  25,000 രൂപ പിഴയോ , 3 വർഷം കഠിന തടവോ ലഭിക്കാമെന്നും ജാഗ്രത പാലിക്കണമെന്നും എസ്.എച്ച്.ഒ ആർ.രാകേഷ്

> **Lead Summary:** ചൊക്ലി: പ്രായപൂർത്തിയാകുന്നതിന് മുമ്പേ ഇരുചക്രവാഹനങ്ങളുമായി നിരത്തിലിറങ്ങുന്ന കൗമാരക്കാർക്കെതിരെ നടപടികൾ ശക്തമാക്കി ചൊക്ലി പോലീസ്. കഴിഞ്ഞ ഒരു മാസത്തിനിടെ നടത്തിയ വാഹന പരിശോധനകളിൽ ലൈസൻസില്ലാതെ ഇരുചക്രവാഹനം ഓടിച്ച 15 ഓളം കൗമാരക്കാരെ പോലീസ് പിടികൂടി. ഇവർക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തു. പ്രായപൂർത്തിയാകാത്ത കുട്ടികൾ നിയമം ലംഘിച്ച് വാഹനമോടിക്കുന്ന പ്രവണത വർധിക്കുന്നത് ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്.

## Article Content

ചൊക്ലി: പ്രായപൂർത്തിയാകുന്നതിന് മുമ്പേ ഇരുചക്രവാഹനങ്ങളുമായി നിരത്തിലിറങ്ങുന്ന കൗമാരക്കാർക്കെതിരെ നടപടികൾ ശക്തമാക്കി ചൊക്ലി പോലീസ്. കഴിഞ്ഞ ഒരു മാസത്തിനിടെ നടത്തിയ വാഹന പരിശോധനകളിൽ ലൈസൻസില്ലാതെ ഇരുചക്രവാഹനം ഓടിച്ച 15 ഓളം കൗമാരക്കാരെ പോലീസ് പിടികൂടി. ഇവർക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തു. പ്രായപൂർത്തിയാകാത്ത കുട്ടികൾ നിയമം ലംഘിച്ച് വാഹനമോടിക്കുന്ന പ്രവണത വർധിക്കുന്നത് ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്.

കണ്ണൂർ സിറ്റി പോലീസ് പരിധിയിലെ വിവിധ സ്റ്റേഷനുകളുമായി താരതമ്യം ചെയ്യുമ്പോൾ ലൈസൻസില്ലാതെ വാഹനമോടിക്കൽ, ഹെൽമെറ്റ് ധരിക്കാതിരിക്കൽ തുടങ്ങിയ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത സ്റ്റേഷൻ പരിധി ചൊക്ലിയാണെന്നാണ് പോലീസിന്റെ കണക്ക്. കൗമാരക്കാർക്കിടയിലെ നിയമലംഘനങ്ങൾ അപകടസാധ്യത വർധിപ്പിക്കുന്നതിനൊപ്പം രക്ഷിതാക്കൾക്കും വലിയ നിയമ-സാമ്പത്തിക ബാധ്യതകൾ സൃഷ്ടിക്കുമെന്ന മുന്നറിയിപ്പും പോലീസ് നൽകുന്നു.

പ്രായപൂർത്തിയാവാത്ത കുട്ടികൾ വാഹനമോടിച്ചാൽ, ആർ.സി. ഉടമയുടെ പേരിലാണ് കേസ് എടുക്കുക ഇത്തരം കുറ്റ കൃത്യത്തിന് ഏറ്റവും ചെറിയ പിഴ 25,000 രൂപയോ,അല്ലെങ്കിൽ 3 വർഷം കഠിന തടവോ ആണ് . ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ച് അപകടത്തിൽ പെട്ടാൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ല എന്നത് ഇത്തരം കേസുകളുടെ ഗൗരവം വർധിപ്പിക്കുന്നു.

അതോടൊപ്പം വൻ തുകയാണ് പിഴയായി കോടതി വിധിക്കുന്നതും. കൂടാതെ ഇത്തരത്തിൽ കേസിൽ അകപ്പെടുന്നവർക്ക് 25 വയസ്സുവരെ ലൈസൻസ് ലഭിക്കില്ല എന്നുള്ളതും ഗൗരവമേറിയ കാര്യമാണെന്നും ചൊക്ലി എസ്.എച്ച്.ഒ. ആർ. രാകേഷ് പറഞ്ഞു.

English Summary: Chokli Police intensified action against minors riding two-wheelers before attaining majority. In vehicle checks in last one month, around 15 teenagers were caught driving without license and cases registered. Compared to other stations under Kannur City Police limit, Chokli has highest cases for driving without license and without helmet. Police warn that if minor drives, case will be registered against RC owner, with minimum fine Rs 25,000 or 3 years rigorous imprisonment. If accident occurs without license, insurance coverage will not be available, and those involved will not get license till age 25, said Chokli SHO R Rakesh.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/388219/chokli-license-less-driving-minors-15-cases-rc-owner-fine-jail-sho-rakesh)