---
title: "ഉന്നത വിദ്യാഭ്യാസ രംഗത്ത് കൂടുതൽ അവസരങ്ങളൊരുക്കി  കടവത്തൂർ എൻ.ഐ.എ. കോളേജിൽ രണ്ട് പുതിയ എയ്ഡഡ് കോഴ്സുകൾ കൂടി ; പ്രവേശനം ഉടൻ ആരംഭിക്കും"
english_title: "Kadavathur NIA College Two New Aided Courses BCom Computer Application BA Functional English Admission Soon"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/388217/kadavathur-nia-college-two-new-aided-courses-bcom-ba-functional-english"
published_at: "2026-10-22T17:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad9fced84acc_kadavathur-nia-college-two-new-aided-courses-bcom-ba-functional-english.jpg"
keywords: ["Kadavathur NIA College", "New Aided Courses", "BCom Computer Application", "BA Functional English", "Kannur University", "NIA College Admission"]
---

# ഉന്നത വിദ്യാഭ്യാസ രംഗത്ത് കൂടുതൽ അവസരങ്ങളൊരുക്കി  കടവത്തൂർ എൻ.ഐ.എ. കോളേജിൽ രണ്ട് പുതിയ എയ്ഡഡ് കോഴ്സുകൾ കൂടി ; പ്രവേശനം ഉടൻ ആരംഭിക്കും

> **Lead Summary:** കടവത്തൂർ: ഉന്നതവിദ്യാഭ്യാസ രംഗത്ത് കൂടുതൽ അവസരങ്ങളൊരുക്കി കടവത്തൂർ എൻ.ഐ.എ. കോളേജിൽ രണ്ട് പുതിയ എയ്ഡഡ് ബിരുദ കോഴ്സുകൾക്ക് അനുമതി ലഭിച്ചു. ബി.കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ബി.എ ഫംഗ്ഷണൽ ഇംഗ്ലീഷ് എന്നീ കോഴ്സുകളാണ് പുതുതായി ആരംഭിക്കുന്നത്. സംസ്ഥാന സർക്കാറിന്റെയും കണ്ണൂർ സർവകലാശാലയുടെയും അനുമതി ലഭിച്ചതോടെ കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികൾ ഉടൻ ആരംഭിക്കുമെന്ന് അധികൃതർ കോളേജിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ അറിയിച്ചു.

## Article Content

കടവത്തൂർ: ഉന്നതവിദ്യാഭ്യാസ രംഗത്ത് കൂടുതൽ അവസരങ്ങളൊരുക്കി കടവത്തൂർ എൻ.ഐ.എ. കോളേജിൽ രണ്ട് പുതിയ എയ്ഡഡ് ബിരുദ കോഴ്സുകൾക്ക് അനുമതി ലഭിച്ചു. ബി.കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ബി.എ ഫംഗ്ഷണൽ ഇംഗ്ലീഷ് എന്നീ കോഴ്സുകളാണ് പുതുതായി ആരംഭിക്കുന്നത്. സംസ്ഥാന സർക്കാറിന്റെയും കണ്ണൂർ സർവകലാശാലയുടെയും അനുമതി ലഭിച്ചതോടെ കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികൾ ഉടൻ ആരംഭിക്കുമെന്ന് അധികൃതർ കോളേജിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ അറിയിച്ചു.

പ്രദേശത്തെ വിദ്യാർത്ഥികൾക്ക് സ്വന്തം നാട്ടിൽത്തന്നെ മികച്ച ഉന്നതവിദ്യാഭ്യാസം നേടാനുള്ള അവസരമാണ് പുതിയ കോഴ്സുകളിലൂടെ ഒരുങ്ങുന്നത്. ഉന്നതപഠനത്തിനായി ദൂരസ്ഥലങ്ങളിലേക്ക് പോകേണ്ടിവരുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പുതിയ തീരുമാനം ആശ്വാസമാകുമെന്നാണ് കോളേജ് അധികൃതരുടെ പ്രതീക്ഷ.

തൊഴിൽ സാധ്യതകൾക്ക് പ്രാധാന്യം

കാലഘട്ടത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് വിദ്യാർത്ഥികളുടെ അക്കാദമിക നിലവാരം ഉയർത്തുന്നതിനും തൊഴിൽ സാധ്യതകൾ വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് പുതിയ കോഴ്സുകൾ ആരംഭിക്കുന്നത്. കമ്പ്യൂട്ടർ അധിഷ്ഠിത പഠനത്തിനും വാണിജ്യ മേഖലയിലെ തൊഴിൽ സാധ്യതകൾക്കും പ്രാധാന്യം നൽകുന്ന ബി.കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്സും ഭാഷാ പ്രാവീണ്യം, ആശയവിനിമയ ശേഷി, ഇംഗ്ലീഷ് ഭാഷയുടെ പ്രായോഗിക ഉപയോഗം എന്നിവയ്ക്ക് ഊന്നൽ നൽകുന്ന ബി.എ ഫംഗ്ഷണൽ ഇംഗ്ലീഷ് കോഴ്സും വിദ്യാർത്ഥികൾക്ക് കൂടുതൽ പഠന-തൊഴിൽ സാധ്യതകൾ തുറന്നുനൽകും.

നിലവിൽ എം.എ അറബിക്, ബി.എ അഫ്സലുൽ ഉലമ, അഫ്സലുൽ ഉലമ പ്രിലിമിനറി കോഴ്സുകളാണ് കോളേജിൽ നടന്നുവരുന്നത്. പുതിയ കോഴ്സുകൾ കൂടി ആരംഭിക്കുന്നതോടെ സ്ഥാപനത്തിലെ പഠനസൗകര്യങ്ങളും കോഴ്സുകളുടെ വൈവിധ്യവും വർധിക്കും.

1977 മുതൽ വിദ്യാഭ്യാസ രംഗത്ത്

1977-ലാണ് കടവത്തൂർ എൻ.ഐ.എ. കോളേജ് സ്ഥാപിതമായത്. 1995-ൽ സർവകലാശാല അഫിലിയേഷനും 2010-ൽ യു.ജി.സി അംഗീകാരവും ലഭിച്ചു. തുടർന്ന് 2013-ൽ ബിരുദാനന്തര ബിരുദ പഠനസൗകര്യങ്ങളുള്ള പി.ജി കോളേജായി സ്ഥാപനം ഉയർത്തപ്പെട്ടു.

നാലര പതിറ്റാണ്ടിലേറെയായി വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനത്തിൽനിന്ന് പഠിച്ചിറങ്ങിയ ആയിരക്കണക്കിന് വിദ്യാർത്ഥികൾ ഇന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും വിദേശത്തുമായി വിവിധ മേഖലകളിൽ സേവനം ചെയ്യുന്നുണ്ട്. പ്രമുഖ സർവകലാശാലകളിലും വിദ്യാലയങ്ങളിലും അധ്യാപകരായി പ്രവർത്തിക്കുന്ന നിരവധി പൂർവവിദ്യാർത്ഥികൾ സ്ഥാപനത്തിന്റെ നേട്ടങ്ങളിൽ പ്രധാന പങ്കുവഹിക്കുന്നതായി അധികൃതർ പറഞ്ഞു.

പഠനത്തോടൊപ്പം വ്യക്തിത്വ വികസനവും

അക്കാദമിക മികവിനൊപ്പം വിദ്യാർത്ഥികളുടെ വ്യക്തിത്വ വികസനത്തിനും തൊഴിൽ നൈപുണ്യത്തിനും കോളേജ് പ്രത്യേക പരിഗണന നൽകുന്നുണ്ട്. സർവകലാശാല കലോത്സവങ്ങൾ, കായിക മത്സരങ്ങൾ, ഇന്റർ കോളേജിയേറ്റ് മത്സരങ്ങൾ എന്നിവയിൽ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാനും മികവ് തെളിയിക്കാനും ആവശ്യമായ പ്രോത്സാഹനവും പരിശീലനവും നൽകിവരുന്നു.

വിദ്യാർത്ഥികളുടെ സമഗ്ര വളർച്ച ലക്ഷ്യമിട്ട് മികച്ച അടിസ്ഥാന സൗകര്യങ്ങളും കാമ്പസിൽ ഒരുക്കിയിട്ടുണ്ട്. വിപുലമായ പുസ്തകശേഖരമുള്ള ലൈബ്രറിയും ആധുനിക സംവിധാനങ്ങളോടുകൂടിയ കമ്പ്യൂട്ടർ ലാബും ഇതിൽ ഉൾപ്പെടുന്നു. പൊതുജനങ്ങൾക്കും കൂടി ഉപകാര പ്രദമാകുന്ന തരത്തിൽ 5 കോടി രൂപയുടെ ലൈബ്രറി, അക്കാദമി ബ്ലോക്ക്, അഡ്മിനിസ്ട്രേഷൻ, കാന്റീൻ നവീകരണം തുടങ്ങിയവ കൂടിയാകുമ്പോൾ 5 ഏക്കറിലുള്ള കോളേജ് ക്യാമ്പസിന്റെ മുഖം മാറും. ആൺ / പെൺ കുട്ടികൾക്ക് ഹോസ്റ്റൽ സൗകര്യവുമുണ്ട്. പുതിയ കോഴ്സുകൾ ആരംഭിക്കുന്നതോടെ പഠനത്തിനും തൊഴിൽപരമായ മുന്നേറ്റത്തിനും സഹായകമായ കൂടുതൽ അവസരങ്ങൾ വിദ്യാർത്ഥികൾക്ക് ലഭ്യമാകുമെന്നാണ് പ്രതീക്ഷ.

പുതിയ കോഴ്സുകളിലേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് 9946751701, 9497646864, 9846931380, 9947445294 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് പൊട്ടങ്കണ്ടി അബ്ദുള്ള, സെക്രട്ടറി ടി. മുഹമ്മദ് അഷ്റഫ് മാസ്റ്റർ, കോളേജ് മാനേജർ കെ.എം. മുഹമ്മദ്, പ്രിൻസിപ്പൽ കെ.പി. മുഹമ്മദ് സലീം, എൻ.കെ. അഹ്മദ് മദനി, അബ്ദുള്ള കാവുക്കുന്നുമ്മൽ, കാട്ടൂർ മഹമൂദ്, സി.എച്ച്. ഇസ്മായിൽ ഫാറൂഖി, നാസർ പുത്തലത്ത്, തൊടുവയിൽ മുഹമ്മദ്, എ.പി. മുഹമ്മദ്, എ.സി. അബൂബക്കർ, മഹ്‌റൂഫ് കാട്ടിൽ എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

English Summary: Two new aided degree courses BCom Computer Application and BA Functional English approved for Kadavathur NIA College, offering more opportunities in higher education. With approval from State Government and Kannur University, admission will start soon, authorities informed in press conference. Courses focus on job-oriented learning, computer-based commerce and English communication skills. Currently MA Arabic, BA Afzal Ul Ulama courses running. Established in 1977, got affiliation in 1995, UGC recognition in 2010, upgraded to PG College in 2013. College also emphasizes personality development, sports, arts with library and computer lab facilities. Contact numbers for admission provided.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/388217/kadavathur-nia-college-two-new-aided-courses-bcom-ba-functional-english)