---
title: "കണ്ണൂർ പിലാത്തറയിലെ സ്വർണം പൊട്ടിക്കൽ കേസ്; മുഖ്യ പ്രതികൾ പിടിയിൽ"
english_title: "Kannur Pilathara Gold Robbery Case Main Accused Arrested Mysore Payyannur Police"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/388176/kannur-pilathara-gold-robbery-main-accused-arrested-mysore"
published_at: "2026-10-22T12:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad9b17daae62_1001461730.jpg"
keywords: []
---

# കണ്ണൂർ പിലാത്തറയിലെ സ്വർണം പൊട്ടിക്കൽ കേസ്; മുഖ്യ പ്രതികൾ പിടിയിൽ

> **Lead Summary:** കണ്ണൂർ: കണ്ണൂർ പിലാത്തറയിലെ സ്വർണം പൊട്ടിക്കൽ കേസിൽ മുഖ്യ പ്രതികൾ പിടിയിൽ. സായൂജ് പി, ജിഷ്ണു വി, സുന്ദരൻ എം എന്നിവരാണ് പിടിയിലായത്. മൈസൂരുവിൽ നിന്നാണ് പയ്യന്നൂർ പോലീസ് പ്രതികളെ പിടികൂടിയത്. പ്രതികളെ കണ്ണൂരിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തും.

## Article Content

കണ്ണൂർ: കണ്ണൂർ പിലാത്തറയിലെ സ്വർണം പൊട്ടിക്കൽ കേസിൽ മുഖ്യ പ്രതികൾ പിടിയിൽ. സായൂജ് പി, ജിഷ്ണു വി, സുന്ദരൻ എം എന്നിവരാണ് പിടിയിലായത്. മൈസൂരുവിൽ നിന്നാണ് പയ്യന്നൂർ പോലീസ് പ്രതികളെ പിടികൂടിയത്. പ്രതികളെ കണ്ണൂരിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തും.

കേസിൽ ആദ്യം പ്രാദേശിക ബിജെപി നേതാവും കണ്ണൂർ അഞ്ചാംപീടിക സ്വദേശിയുമായ സനു സന്തോഷ് (42) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ജൂൺ മാസം രണ്ടാം തീയതിയാണ് മഹാരാഷ്ട്ര സ്വദേശികൾ സഞ്ചരിച്ച കാർ ആക്രമിച്ച് സ്വർണവും 55 ലക്ഷം രൂപയും കവർന്നത്.

മഹാരാഷ്ട്ര സ്വദേശി കുമാർ ജലന്ധർ നിഗമിന്റെ പരാതിയിലാണ് കേസെടുത്തത്. പരാതിക്കാരൻ സഞ്ചരിച്ച കാർ തടഞ്ഞുവെച്ച് ആക്രമിച്ചാണ് പണവും സ്വർണവും കവർന്നത്. പരാതിക്കാരന്റെ ഭാര്യയുടെ ബാഗിൽ ഉണ്ടായിരുന്ന 25 ഗ്രാം സ്വർണവും നഷ്ടപ്പെട്ടിരുന്നു. BNS 310 വകുപ്പ് പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തത്.

പിലാത്തറ കോ-ഓപ്പറേറ്റീവ് കോളേജിന് സമീപത്താണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കാർ കണ്ടെത്തിയിരുന്നത്. കാറിനകത്തുണ്ടായിരുന്ന വസ്ത്രങ്ങൾ താഴെ വലിച്ചെറിഞ്ഞ നിലയിലായിരുന്നു. കോളേജിലെ സെക്യൂരിറ്റി ജീവനക്കാരനാണ് സംഭവം ആദ്യം കണ്ടത്. തുടർന്ന് വിവരം പരിയാരം പോലീസിൽ അറിയിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/388176/kannur-pilathara-gold-robbery-main-accused-arrested-mysore)