---
title: "ആരോട് പറയാൻ..?, ആര് കേൾക്കാൻ..? ; അരയാക്കൂലിൽ  പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകാൻ തുടങ്ങിയിട്ട് ദിവസങ്ങൾ,  നടപടിയെടുക്കാതെ അധികൃതർ"
english_title: "Arayakool Drinking Water Pipe Burst Pure Water Wasting Days No Action"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/387507/arayakool-pipe-burst-pure-water-wasting-no-action"
published_at: "2026-10-17T16:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad34ec34054e_arayakool-pipe-burst-pure-water-wasting-no-action.jpg"
keywords: []
---

# ആരോട് പറയാൻ..?, ആര് കേൾക്കാൻ..? ; അരയാക്കൂലിൽ  പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകാൻ തുടങ്ങിയിട്ട് ദിവസങ്ങൾ,  നടപടിയെടുക്കാതെ അധികൃതർ

> **Lead Summary:** ചമ്പാട്: പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകാൻ തുടങ്ങിയിട്ട് ദിവസങ്ങൾ പിന്നിട്ടിട്ടും അറ്റകുറ്റപ്പണി നടത്താൻ നടപടിയെടുക്കാതെ അധികൃതർ. കിഴക്കെ ചമ്പാട് അരയാക്കൂലിൽ യുവദീപ്തി ബസ് സ്റ്റോപ്പിന് സമീപം ലക്ഷം വീടിലേക്കുള്ള റോഡിലാണ് കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പുറത്തേക്ക് ഒഴുകുന്നത്. ദിവസേന ലിറ്റർ കണക്കിന് ശുദ്ധജലമാണ് ഇത്തരത്തിൽ പാഴാകുന്നത്. പ്രശ്നത്തിന് പരിഹാരം കാണാൻ അധികൃതർ തയ്യാറാകാത്തതിൽ പ്രദേശവാസികൾക്ക് പ്രതിഷേധമുണ്ട്.

## Article Content

ചമ്പാട്: പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകാൻ തുടങ്ങിയിട്ട് ദിവസങ്ങൾ പിന്നിട്ടിട്ടും അറ്റകുറ്റപ്പണി നടത്താൻ നടപടിയെടുക്കാതെ അധികൃതർ. കിഴക്കെ ചമ്പാട് അരയാക്കൂലിൽ യുവദീപ്തി ബസ് സ്റ്റോപ്പിന് സമീപം ലക്ഷം വീടിലേക്കുള്ള റോഡിലാണ് കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പുറത്തേക്ക് ഒഴുകുന്നത്. ദിവസേന ലിറ്റർ കണക്കിന് ശുദ്ധജലമാണ് ഇത്തരത്തിൽ പാഴാകുന്നത്. പ്രശ്നത്തിന് പരിഹാരം കാണാൻ അധികൃതർ തയ്യാറാകാത്തതിൽ പ്രദേശവാസികൾക്ക് പ്രതിഷേധമുണ്ട്.

വേനൽക്കാലം അടുത്തുവരുന്ന സാഹചര്യത്തിൽ കുടിവെള്ളത്തിന്റെ ഓരോ തുള്ളിക്കും പ്രാധാന്യമേറുമ്പോഴാണ് ഉപയോഗപ്രദമായ ശുദ്ധജലം ഇത്തരത്തിൽ പാഴാകുന്നത്. കുടിവെള്ളക്ഷാമം രൂക്ഷമാകുന്ന ഘട്ടങ്ങളിൽ ജലലഭ്യത ഉറപ്പാക്കാൻ വിവിധ തലങ്ങളിൽ ശ്രമങ്ങൾ നടക്കുമ്പോഴും, പൈപ്പ് പൊട്ടി ദിവസങ്ങളായി വെള്ളം ഒഴുകിപ്പോകുന്നത് അധികൃതരുടെ അനാസ്ഥയുടെ ഉദാഹരണമാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. പൈപ്പ് പൊട്ടിയ ഭാഗം അടിയന്തരമായി നന്നാക്കി ജലനഷ്ടം ഒഴിവാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

ഏറെക്കാലമായി തകർന്നുകിടന്ന് കാൽനടയാത്ര പോലും ദുഷ്കരമായിരുന്ന റോഡ് അടുത്തിടെയാണ് ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കിയത്. എന്നാൽ, റോഡിന്റെ സമീപത്തുകൂടിയുള്ള പൈപ്പുകൾ അടിക്കടി പൊട്ടുന്നത് റോഡിന്റെ നിലനിൽപ്പിനും ഭീഷണിയാകുകയാണ്. പൈപ്പ് പൊട്ടി വെള്ളം നിരന്തരം ഒഴുകുന്നതോടെ റോഡിന്റെ അടിത്തറ ദുർബലപ്പെടാനും ടാറിങ് തകരാനും സാധ്യതയുണ്ടെന്ന് നാട്ടുകാർ ആശങ്കപ്പെടുന്നു. റോഡ് പുനർനിർമാണത്തിന് ചെലവഴിച്ച തുകയുടെ പ്രയോജനം നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാൻ സമയബന്ധിതമായ ഇടപെടൽ അനിവാര്യമാണ്.

റോഡിന്റെ ഇരുവശങ്ങളിലും കോൺക്രീറ്റ് ചെയ്യണമെന്നത് നിർമാണക്കരാറിലെ വ്യവസ്ഥയായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. എന്നാൽ, റോഡിന്റെ ചില ഭാഗങ്ങളിൽ ഇതുവരെ കോൺക്രീറ്റ് പ്രവൃത്തി നടത്തിയിട്ടില്ല. നിർമാണത്തിലെ ഇത്തരം അപാകതകൾക്കൊപ്പം പൈപ്പ് പൊട്ടലും ആവർത്തിക്കുന്നത് റോഡിന്റെ ദീർഘകാല നിലനിൽപ്പിനെ ബാധിക്കുമെന്ന ആശങ്കയും ശക്തമാണ്.

ശുദ്ധജലം പാഴാകുന്നത് തടയുന്നതിനൊപ്പം പുതുതായി ടാർ ചെയ്ത റോഡ് സംരക്ഷിക്കാനും ബന്ധപ്പെട്ട അധികൃതർ അടിയന്തര നടപടി സ്വീകരിക്കണം. പൈപ്പ് അറ്റകുറ്റപ്പണി നടത്തി ജലവിതരണം കാര്യക്ഷമമാക്കുകയും റോഡിന്റെ ഇരുവശങ്ങളിലുമുള്ള കോൺക്രീറ്റ് പ്രവൃത്തി പൂർത്തിയാക്കുകയും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വേനൽക്കാലം കടന്നുവരാനിരിക്കെ, കുടിവെള്ളമായി ഉപയോഗിക്കേണ്ട ലിറ്റർ കണക്കിന് ശുദ്ധജലം ആർക്കും പ്രയോജനപ്പെടാതെ പാഴാകുന്നത് ഏറെ ദുഃഖകരമാണെന്ന് പരിസരവാസികളായ കെ. കിഷോർ ബാബുവും, പ്രിന്റോ സുനിലും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/387507/arayakool-pipe-burst-pure-water-wasting-no-action)