---
title: "പള്ളൂരിൽ പെട്രോൾ പമ്പുകളിൽ ഇന്ധന ടാങ്കിൽ ചോർച്ച ;  20 ഓളം കുടുംബങ്ങളുടെ കുടിവെള്ളം മുട്ടി, 23 ന് ആർ.എ ഓഫീസ് മാർച്ച്, പുതിയ പമ്പുകൾ ആരംഭിക്കുന്നത്   തടയാൻ നാട്ടുകാർ"
english_title: "Pallur Petrol Pump Fuel Tank Leakage Drinking Water Crisis RA Office March Protest"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/387256/pallur-petrol-pump-fuel-leakage-20-families-drinking-water-crisis-ra-office-march"
published_at: "2026-10-15T21:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad0f431405ce_pallur-petrol-pump-fuel-leakage-20-families-drinking-water-crisis-ra-office-march.jpg"
keywords: ["Pallur Mahe", "Petrol Pump Leakage", "Drinking Water Crisis", "Kunjipura Mukku", "Mahe RA Office March", "Petroleum Contamination"]
---

# പള്ളൂരിൽ പെട്രോൾ പമ്പുകളിൽ ഇന്ധന ടാങ്കിൽ ചോർച്ച ;  20 ഓളം കുടുംബങ്ങളുടെ കുടിവെള്ളം മുട്ടി, 23 ന് ആർ.എ ഓഫീസ് മാർച്ച്, പുതിയ പമ്പുകൾ ആരംഭിക്കുന്നത്   തടയാൻ നാട്ടുകാർ

> **Lead Summary:** മാഹി: ബൈപാസ് ഉദ്ഘാടനം കഴിഞ്ഞതോടെ നികുതി ഇളവുകളുടെ ആനുകൂല്യത്തിൽ പെട്രോൾ പമ്പുകൾ പെരുകിയ മാഹി പള്ളൂരിൽ ഗുരുതരമായ കുടിവെള്ള പ്രതിസന്ധി.

## Article Content

മാഹി: ബൈപാസ് ഉദ്ഘാടനം കഴിഞ്ഞതോടെ നികുതി ഇളവുകളുടെ ആനുകൂല്യത്തിൽ പെട്രോൾ പമ്പുകൾ പെരുകിയ മാഹി പള്ളൂരിൽ ഗുരുതരമായ കുടിവെള്ള പ്രതിസന്ധി.

പള്ളൂർ കുഞ്ഞിപ്പുര മുക്കിൽ പ്രവർത്തനം ആരംഭിച്ച പെട്രോൾ പമ്പുകളിൽ നിന്നുള്ള ഇന്ധനച്ചോർച്ചയാണ് സമീപത്തെ വീട്ടു കിണറുകളിലെ വെള്ളം മലിനമാക്കിയതെന്നാണ് നാട്ടുകാരുടെ പരാതി. ഇതോടെ 20 ഓളം കുടുംബങ്ങളുടെ കുടിവെള്ളമാണ് പ്രതിസന്ധിയിലായത്. പ്രതിഷേധ സൂചകമായി 23ന് പള്ളൂരിൽ നിന്നും ആർ എ ഓഫീസിലേക്ക് സമാധാന മാർച്ച് നടത്തുമെന്ന് വീട്ടുകാർ തലശേരിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കഴിഞ്ഞ ജനുവരി മുതലാണ് പ്രദേശത്തെ കിണറുകളിലെ വെള്ളത്തിന് പെട്രോളിന്റെയും ഡീസലിന്റെയും ഗന്ധം അനുഭവപ്പെട്ടു തുടങ്ങിയത്. കെ.പി. നദീറയുടെ വീട്ടുകിണറിലാണ് ആദ്യം ഇന്ധനത്തിന്റെ ഗന്ധം ശ്രദ്ധയിൽപ്പെട്ടത്. പിന്നാലെ എം. സുമതി, എൻ.കെ. രജുന്ദാസ്, കെ.സി. ഗിരീശൻ, കെ.എം. പീതാംബരൻ, പി.ടി. പ്രേമരാജൻ തുടങ്ങിയവരുടെ കിണറുകളിലെ വെള്ളവും മലിനമായതായി നാട്ടുകാർ പറയുന്നു.

ബൈപാസ് ഉദ്ഘാടനത്തിനുശേഷം പള്ളൂർ മേഖലയിൽ 100 മീറ്ററിനുള്ളിൽ 11 പെട്രോൾ പമ്പുകൾ പ്രത്യക്ഷപ്പെട്ടതായാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്. രാപകൽ പ്രവർത്തിക്കുന്ന പമ്പുകളിൽ നിന്നുള്ള ഇന്ധനച്ചോർച്ചയാണ് കിണറുകളിലേക്ക് മലിനീകരണമെത്താൻ കാരണമെന്നാണ് ഇവരുടെ ആരോപണം. എന്നാൽ, മലിനീകരണത്തിന്റെ കൃത്യമായ ഉറവിടം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

കഴിഞ്ഞ ഒൻപത് മാസത്തോളമായി കിണർവെള്ളം ദൈനംദിന ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാകാത്ത സ്ഥിതിയിലാണ് കുടുംബങ്ങൾ. പ്രശ്നത്തിന് പരിഹാരം തേടി ഇന്ധനഗന്ധമുള്ള വെള്ളവുമായാണ് ഇവർ മാഹി റീജണൽ അഡ്മിനിസ്ട്രേറ്ററെ സമീപിച്ചത്. തുടർന്ന് അദ്ദേഹത്തിന്റെ നിർദേശപ്രകാരം മയ്യഴി ആരോഗ്യവകുപ്പും റവന്യൂ വകുപ്പും ഇടപെട്ട് കിണറുകളിലെ വെള്ളം പരിശോധനയ്ക്കയച്ചു.

പരിശോധനയിൽ ആറോളം കിണറുകളിലെ വെള്ളത്തിൽ പെട്രോളിയം ഹൈഡ്രോകാർബണിന്റെ സാന്നിധ്യം കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. ഇതോടെ ഈ കിണറുകളിലെ വെള്ളം കുടിക്കാനോ കുളിക്കാനോ മറ്റ് ഗാർഹിക ആവശ്യങ്ങൾക്കോ ഉപയോഗിക്കരുതെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. ഇതോടെ കുടുംബങ്ങളുടെ ദുരിതം ഇരട്ടിയായി.

പ്രതിസന്ധിയിലായ കുടുംബങ്ങൾക്ക് പ്രതിദിനം 20 ലിറ്റർ വീതം കുടിവെള്ളം എത്തിക്കാൻ റീജണൽ അഡ്മിനിസ്ട്രേറ്ററുടെ ഇടപെടലിൽ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഇത്രയും കുറഞ്ഞ അളവിലുള്ള വെള്ളം ദൈനംദിന ആവശ്യങ്ങൾക്ക് തികയാത്തതിനാൽ ബന്ധുവീടുകളിൽ നിന്നും ദൂരസ്ഥലങ്ങളിൽ നിന്നും സ്വന്തം ചെലവിൽ ശുദ്ധജലം എത്തിച്ചാണ് കുടുംബങ്ങൾ കഴിയുന്നത്.

കുടിവെള്ളത്തിനായി നെട്ടോട്ടമോടേണ്ടിവരുന്ന സാഹചര്യവും തുടർച്ചയായ മാനസിക സമ്മർദവും ചില കുടുംബങ്ങളുടെ ജീവിതം ദുസ്സഹമാക്കിയിട്ടുണ്ട്. ദുരിതം സഹിക്കാനാകാതെ ഒന്നുരണ്ട് കുടുംബങ്ങൾ വർഷങ്ങളായി താമസിച്ചിരുന്ന വീടുകൾ ഉപേക്ഷിച്ച് മറ്റ് സ്ഥലങ്ങളിലേക്ക് മാറിയതായും നാട്ടുകാർ പറയുന്നു.

പ്രശ്നത്തിന് അടിയന്തരവും ശാശ്വതവുമായ പരിഹാരം ആവശ്യപ്പെട്ട് പ്രക്ഷോഭത്തിനൊരുങ്ങുകയാണ് കുഞ്ഞിപ്പുര മുക്കിലെ താമസക്കാർ. ജീവിക്കാനാവശ്യമായ ശുദ്ധജലം അടിയന്തരമായി ലഭ്യമാക്കുക, പ്രദേശത്തെ പെട്രോൾ പമ്പുകളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കുക, ഭാവിയിൽ ഇന്ധനമാലിന്യങ്ങൾ കിണറുകളിൽ കലരുന്നത് തടയാൻ ശാസ്ത്രീയമായ നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഇവർ ഉന്നയിക്കുന്നത്. അതിനിടെ പള്ളൂരിലും, പന്തക്കലിലും, മൂലക്കടവിലും ഒക്കെയായി പുതിയ പമ്പുകൾ തുടങ്ങാനുള്ള ഒരുക്കങ്ങൾ അണിയറയിൽ ചടുലമാണ്. തൊട്ടടുത്തള്ള വീട്ടുകാരിൽ നിന്നും എൻ.ഒ.സിപോലും വാങ്ങാതെയാണ് പമ്പുകൾ പ്രവർത്തനമാരംഭിക്കുന്നത്. വർഷങ്ങൾക്കിപ്പുറം ടാങ്കുകൾ ചോർന്ന് കിണറുകൾ മലിനമാകാതിരിക്കാൻ ജാഗരൂകരായി അടിയന്തര ഇടപെടൽ നടത്തണമെന്നാണ് ഇവർക്ക് പറയാനുള്ളത്.

ആവശ്യങ്ങൾ ഉന്നയിച്ച് ഈ മാസം 23ന് രാവിലെ 11ന് മാഹി റീജണൽ അഡ്മിനിസ്ട്രേറ്ററുടെ ഓഫീസിലേക്ക് സമാധാന ജാഥ നടത്തുമെന്ന് കുഞ്ഞിപ്പുര മുക്ക് റസിഡൻസ് വെൽഫെയർ അസോസിയേഷൻ ആക്ഷൻ കമ്മിറ്റി അറിയിച്ചു.

ആക്ഷൻ കമ്മിറ്റി കൺവീനർ പി.ടി. പ്രേമരാജൻ, ഭാരവാഹികളായ കെ.എം. പീതാംബരൻ, കെ.സി. ഗിരീശൻ, എൻ.കെ. രജുന്ദാസ്, കെ.പി. നദീറ, എം. സുമതി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

English Summary: In Pallur, Mahe, alleged fuel leakage from petrol pumps has caused severe drinking water crisis for 20 families in Kunjipura Mukku. Well water has had petrol/diesel smell since January, first noticed in KP Nadira's well, later in wells of M Sumathi, NK Rajundas, KC Gireesan, KM Peethambaran, PT Premarajan. Locals say 11 petrol pumps appeared within 100 meters after bypass inauguration taking advantage of tax exemptions. Health and Revenue departments tested water, found petroleum hydrocarbon in six wells, advised not to use for drinking or domestic purposes. Administration provides 20 litres per day, insufficient, families fetch water at own expense from relatives and distant places, some families left homes. Residents Welfare Association Action Committee announced peaceful march from Pallur to Mahe Regional Administrator Office on 23rd at 11 am demanding urgent clean water, temporary halt of pumps, scientific preventive measures and stoppage of new pumps being started in Pallur, Panthakkal, Moolakkadavu without NOC from neighbours.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/387256/pallur-petrol-pump-fuel-leakage-20-families-drinking-water-crisis-ra-office-march)