---
title: "ചൊക്ലി വി.പി ഓറിയന്റൽ ഹൈസ്കൂളിൽ എൻ.എ. കരീമിന്റെ സ്മരണയ്ക്ക് സ്മാർട്ട് ക്ലാസ് റൂമൊരുക്കി മെഗാ അലൂമ്നി ; ഉദ്ഘാടനം ചെയ്ത് മകൻ ജസ്വീർ കരീം"
english_title: "Chokli VP Oriental High School NA Kareem Smart Class Room Mega Alumni"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/387236/chokli-vp-oriental-high-school-na-kareem-smart-classroom-jasveer-kareem"
published_at: "2026-10-15T18:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad0ceb0629a1_chokli-vp-oriental-high-school-na-kareem-smart-classroom-jasveer-kareem.jpg"
keywords: ["Chokli VP Oriental High School", "NA Kareem", "Smart Classroom", "Mega Alumni", "Jasveer Kareem"]
---

# ചൊക്ലി വി.പി ഓറിയന്റൽ ഹൈസ്കൂളിൽ എൻ.എ. കരീമിന്റെ സ്മരണയ്ക്ക് സ്മാർട്ട് ക്ലാസ് റൂമൊരുക്കി മെഗാ അലൂമ്നി ; ഉദ്ഘാടനം ചെയ്ത് മകൻ ജസ്വീർ കരീം

> **Lead Summary:** ചൊക്ലി: ചൊക്ലി വി.പി. ഓറിയന്റൽ ഹൈസ്കൂളിൽ അന്തരിച്ച സാമൂഹ്യ പ്രവർത്തകനും സ്കൂളിലെ മെഗാ അലൂമ്നി ധനകാര്യ കമ്മിറ്റി ചെയർമാനുമായിരുന്ന എൻ.എ. കരീമിന്റെ സ്മരണയ്ക്കായി സ്മാർട്ട് ക്ലാസ് റൂം ആരംഭിച്ചു.

## Article Content

ചൊക്ലി: ചൊക്ലി വി.പി. ഓറിയന്റൽ ഹൈസ്കൂളിൽ അന്തരിച്ച സാമൂഹ്യ പ്രവർത്തകനും സ്കൂളിലെ മെഗാ അലൂമ്നി ധനകാര്യ കമ്മിറ്റി ചെയർമാനുമായിരുന്ന എൻ.എ. കരീമിന്റെ സ്മരണയ്ക്കായി സ്മാർട്ട് ക്ലാസ് റൂം ആരംഭിച്ചു.

വിദ്യാർഥികൾക്ക് ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ കൂടുതൽ മികവുറ്റ പഠനാന്തരീക്ഷം ഒരുക്കുന്നതിനൊപ്പം, വിദ്യാഭ്യാസ മേഖലയ്ക്കും സാമൂഹിക പ്രവർത്തനങ്ങൾക്കും വിലപ്പെട്ട സംഭാവനകൾ നൽകിയ എൻ.എ. കരീമിന്റെ ഓർമകൾ പുതുതലമുറയ്ക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെയാണ് സ്മാർട്ട് ക്ലാസ് റൂം ഒരുക്കിയത്.

എൻ.എ. കരീമിന്റെ മകൻ ജസ്വീർ കരീം സ്മാർട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഇ.എ. നാസർ - എൻ.എ കരീം അനുസ്മരണ പ്രഭാഷണം നടത്തി. സ്കൂളിന്റെ പുരോഗതിക്കും പൂർവവിദ്യാർഥി കൂട്ടായ്മയുടെ പ്രവർത്തനങ്ങൾക്കും കരീം നൽകിയ സംഭാവനകൾ ചടങ്ങിൽ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ സ്മരണ നിലനിർത്തിക്കൊണ്ട് വിദ്യാർഥികളുടെ പഠനത്തിന് പ്രയോജനപ്പെടുന്ന രീതിയിൽ സ്മാർട്ട് ക്ലാസ് റൂം ഒരുക്കിയത് മാതൃകാപരമായ പ്രവർത്തനമാണെന്നും ചടങ്ങിൽ അഭിപ്രായമുയർന്നു.

ചടങ്ങിൽ മൊയ്തു മാസ്റ്റർ അധ്യക്ഷത വഹിച്ചു. വാർഡ് അംഗം കെ. പ്രദീപൻ, പ്രധാനാധ്യാപകൻ രമേശൻ, ഡോ. അബൂബക്കർ, മുസ്തഫ, അശോകൻ, അബ്ദുൽ ഖാദർ, രാജൻ, മൻസൂർ, സുരേഷ് ബാബു, അബ്ദുൽ ലത്തീഫ്, തസ്നി,ഗോപിക എന്നിവർ സംസാരിച്ചു.

ചടങ്ങിന്റെ ഭാഗമായി ഉപഹാര വിതരണവും നടന്നു. ജനറൽ കൺവീനർ തിലകൻ കെ. സാന്ദ്രം സ്വാഗതവും പി. റഷീദ് നന്ദിയും പറഞ്ഞു.

വിദ്യാർഥികൾക്ക് അറിവിന്റെ പുതിയ വാതായനങ്ങൾ തുറക്കുന്നതിനൊപ്പം, ഒരു സാമൂഹ്യ പ്രവർത്തകന്റെ സേവനങ്ങളെ ആദരവോടെ ഓർമിക്കുന്ന സ്മാരകം കൂടിയായി സ്മാർട്ട് ക്ലാസ് റൂം മാറി.

English Summary: Smart Classroom set up at Chokli VP Oriental High School in memory of late social worker and Mega Alumni Finance Committee Chairman NA Kareem. Inaugurated by his son Jasveer Kareem. EA Nasser delivered NA Kareem memorial speech. Function recalled Kareem's contributions to school progress and alumni activities. Presided by Moithu Master, attended by ward member K Pradeepan, Headmaster Rameshan and others. Prize distribution held, General Convener Thilakan K Sandram welcomed, P Rasheed thanked.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/387236/chokli-vp-oriental-high-school-na-kareem-smart-classroom-jasveer-kareem)