---
title: "18 വയസുകാരന്റെ ആത്മഹത്യ; പ്രണയത്തിന്റെ പേരിൽ പൊലീസ് ക്രൂരമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് പിതാവിന്റെ കുറിപ്പ്"
english_title: "Father Alleges Police Torture Led to 18-Year-Old Son Suicide in Kodungallur Love Affair Case"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/386975/kodungallur-18-year-old-suicide-father-alleges-police-torture-love-affair"
published_at: "2026-10-14T11:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acf1518850d9_kodungallur-18-year-old-suicide-father-alleges-police-torture-love-affair.jpg"
keywords: ["Kodungallur Police", "Kodungallur Suicide", "Police Torture Allegation", "Love Affair Case"]
---

# 18 വയസുകാരന്റെ ആത്മഹത്യ; പ്രണയത്തിന്റെ പേരിൽ പൊലീസ് ക്രൂരമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് പിതാവിന്റെ കുറിപ്പ്

> **Lead Summary:** പ്രണയത്തിന്റെ പേരിൽ പൊലീസിൽ നിന്ന് നേരിട്ട ക്രൂരമായ ശാരീരിക-മാനസിക പീഡനങ്ങളെ തുടർന്നാണ് 18 വയസുകാരനായ മകൻ ജീവനൊടുക്കിയതെന്ന ഗുരുതര ആരോപണവുമായി പിതാവ് രംഗത്ത്. കൊടുങ്ങല്ലൂർ പഴുപറമ്പിൽ നൗഷാദാണ് കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ സിഐ ബൈജു, എസ്ഐ അതുൽ മോഹനൻ എന്നിവർക്കെതിരെ ആരോപണങ്ങളുമായി ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചത്. ഒക്ടോബർ ആറിനാണ് മകൻ മുഹമ്മദ് അസ്‌ലം ജീവനൊടുക്കിയത് എന്നാണ് പിതാവിന്റെ കുറിപ്പിൽ പറയുന്നത്.

## Article Content

പ്രണയത്തിന്റെ പേരിൽ പൊലീസിൽ നിന്ന് നേരിട്ട ക്രൂരമായ ശാരീരിക-മാനസിക പീഡനങ്ങളെ തുടർന്നാണ് 18 വയസുകാരനായ മകൻ ജീവനൊടുക്കിയതെന്ന ഗുരുതര ആരോപണവുമായി പിതാവ് രംഗത്ത്. കൊടുങ്ങല്ലൂർ പഴുപറമ്പിൽ നൗഷാദാണ് കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ സിഐ ബൈജു, എസ്ഐ അതുൽ മോഹനൻ എന്നിവർക്കെതിരെ ആരോപണങ്ങളുമായി ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചത്. ഒക്ടോബർ ആറിനാണ് മകൻ മുഹമ്മദ് അസ്‌ലം ജീവനൊടുക്കിയത് എന്നാണ് പിതാവിന്റെ കുറിപ്പിൽ പറയുന്നത്.

ഒരു പെൺകുട്ടിയുമായി അസ്‌ലം പ്രണയത്തിലായിരുന്നുവെന്നും ഇതിന്റെ പേരിൽ പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയെന്നുമാണ് പിതാവ് ഫേസ്ബുക്ക് കുറിപ്പിൽ ആരോപിക്കുന്നത്. തുടർന്ന് 20 പവൻ സ്വർണവും 50,000 രൂപയും ഭീഷണിപ്പെടുത്തി വാങ്ങി ഇന്നോവ കാർ വാങ്ങിയെന്ന ആരോപണം ഉന്നയിച്ചാണ് പൊലീസ് അസ്‌ലമിനെ കസ്റ്റഡിയിലെടുത്തത് എന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.

മൂന്ന് ദിവസമാണ് സിഐ ബൈജുവും എസ്ഐ അതുൽ മോഹനനും തന്റെ രണ്ട് മക്കളെയും സ്റ്റേഷനിൽ വെച്ച് പീഡിപ്പിച്ചത് എന്നാണ് പിതാവിന്റെ ആരോപണം. പ്രായപൂർത്തിയാകാത്ത പയ്യനെ ക്രൂരമായി മർദ്ദിക്കാൻ ആരാണ് പൊലീസിന് അധികാരം നൽകിയത് എന്നും കുറിപ്പിൽ അദ്ദേഹം ചോദിക്കുന്നു. സഹോദരന്റെ മുന്നിൽ വെച്ച് തന്നെ മർദ്ദിക്കുന്നത് കണ്ട് സഹിക്കാൻ കഴിയാതെ മൂത്ത മകൻ കുറ്റം ഏറ്റെടുത്തുവെന്നും പിതാവ് ആരോപിക്കുന്നു.

സെപ്റ്റംബർ 27ന് വൈകീട്ട് 6.45ന് കൊടുങ്ങല്ലൂർ ജനമൈത്രി പൊലീസ് സ്റ്റേഷനിൽ നിന്ന് സിഐ ആണെന്ന് പറഞ്ഞ് തനിക്ക് കോൾ വന്നെന്നും മകൻ സ്റ്റേഷനിലുണ്ടെന്നും ഉടൻ എത്താൻ ആവശ്യപ്പെട്ടെന്നും കുറിപ്പിൽ പറയുന്നു. താൻ ടാക്സി ഡ്രൈവറാണെന്നും ഓട്ടം കഴിഞ്ഞ് എത്താമെന്ന് പറഞ്ഞെങ്കിലും പൊലീസ് തൃപ്തനായില്ലെന്നും അദ്ദേഹം പറയുന്നു. പിന്നീട് സ്റ്റേഷനിൽ എത്തിയപ്പോൾ മൂത്ത മകനെ സെല്ലിലും ഇളയ മകനെ ബെഞ്ചിലുമാണ് ഇരുത്തിയിരുന്നത് എന്നും കുറിപ്പിൽ വിവരിക്കുന്നു.

മൂന്ന് ദിവസത്തിന് ശേഷമാണ് കോടതിയിൽ ഹാജരാക്കിയതെന്നും അറസ്റ്റ് രേഖപ്പെടുത്തിയത് തലേന്നാണെന്നും കാണിച്ച് പേപ്പറിൽ ഒപ്പിടാൻ ആവശ്യപ്പെട്ടെന്നും പിതാവ് ആരോപിക്കുന്നു. 22 വയസുള്ള മൂത്ത മകനെ കുറിച്ച് വീഡിയോ എടുത്ത് ന്യൂസ് ചാനലുകളിലും ഇൻസ്റ്റാഗ്രാമിലും പ്രചരിപ്പിച്ച് ജീവിതം നശിപ്പിച്ചെന്നും ഇളയ മകനെ ജുവനൈൽ ജസ്റ്റിസ് ബോർഡ് മെമ്പറുടെ മുന്നിൽ ഹാജരാക്കിയപ്പോൾ ജാമ്യം നിഷേധിക്കാൻ മുൻകൂട്ടി സജ്ജീകരണം നടത്തിയിരുന്നു എന്നും കുറിപ്പിൽ ആരോപണമുണ്ട്.

ഇളയ മകനെ നാല് ദിവസം കസ്റ്റഡിയിൽ വെച്ചെന്നും ആശുപത്രിയിൽ കാണിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും കാണിച്ചില്ലെന്നും പിതാവ് പറയുന്നു. ജാമ്യത്തിൽ ഇറങ്ങിയ ശേഷം സബ് ജയിലിലുള്ള ജ്യേഷ്ഠനെ കാണാൻ പോയി തിരികെ വന്ന രാത്രിയാണ് മകൻ ജീവനൊടുക്കിയത് എന്നാണ് കുറിപ്പിൽ പറയുന്നത്. സംഭവത്തിൽ പൊലീസിന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണം ലഭിച്ചിട്ടില്ല. പിതാവിന്റെ ഫേസ്ബുക്ക് കുറിപ്പിലെ ആരോപണങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്.

English Summary: Father Naushad from Kodungallur has alleged in a Facebook post that his 18-year-old son Muhammed Aslam died by suicide on Oct 6 after alleged brutal physical and mental torture by Kodungallur Police. He alleged CI Baiju and SI Atul Mohan took his two sons into custody over a love affair complaint, alleging extortion of 20 sovereigns gold and Rs 50000 to buy Innova car. Father claimed sons were tortured for three days, produced in court late, and his elder son's video was circulated. The post questions police procedure and seeks action. These are allegations made by the father in his post; police response is awaited.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/386975/kodungallur-18-year-old-suicide-father-alleges-police-torture-love-affair)