---
title: "ശിവസൂര്യയുടെ തിരോധാനം ; അന്വേഷണം ഏറ്റെടുത്ത് ക്രൈം ബ്രാഞ്ച്, പിതാവ് ജിഗീഷിന്റെയും, ആക്ഷൻ കമ്മിറ്റി ഭാരവാഹികളുടെയും മൊഴിയെടുത്തു"
english_title: "Shivasurya Missing Case Crime Branch Takes Over Investigation Father Action Committee Statements"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/386147/shivasurya-missing-case-crime-branch-investigation-chokli"
published_at: "2026-10-08T19:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac7a331a94ef_1001443796.jpg"
keywords: ["shivasurya missing chokli", "crime branch investigation shivasurya", "ramavilasam school student missing"]
---

# ശിവസൂര്യയുടെ തിരോധാനം ; അന്വേഷണം ഏറ്റെടുത്ത് ക്രൈം ബ്രാഞ്ച്, പിതാവ് ജിഗീഷിന്റെയും, ആക്ഷൻ കമ്മിറ്റി ഭാരവാഹികളുടെയും മൊഴിയെടുത്തു

> **Lead Summary:** ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥി ശിവസൂര്യയെ കാണാതായിട്ട് രണ്ട് മാസം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയിരുന്നില്ല. കേരളത്തിനകത്തും പുറത്തും പ്രത്യേക സംഘം അന്വേഷണം വ്യാപിപ്പിച്ചിട്ടും 17കാരനെക്കുറിച്ച് ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല.

## Article Content

ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥി ശിവസൂര്യയെ കാണാതായിട്ട് രണ്ട് മാസം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയിരുന്നില്ല. കേരളത്തിനകത്തും പുറത്തും പ്രത്യേക സംഘം അന്വേഷണം വ്യാപിപ്പിച്ചിട്ടും 17കാരനെക്കുറിച്ച് ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല.

കരിയാട് പുളിയനമ്പ്രത്തെ ശിവപ്രിയത്തിൽ എ. ജിഗീഷിന്റെ മകനാണ് ശിവസൂര്യ. ആഗസ്റ്റ് എട്ടിനാണ് ശിവസൂര്യയെ വീട്ടിൽ നിന്ന് കാണാതായത്. വീട്ടിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ് കാശിയിലേക്ക് പോകുന്നതായും കുറിപ്പ് എഴുതിവെച്ചിരുന്നതായും കുടുംബം പറയുന്നു. മൊബൈൽ ഫോൺ അമിതമായി ഉപയോഗിക്കുന്നതിനെ തുടർന്ന് പിതാവ് ഫോൺ പിടിച്ചുവെച്ചതിന് പിന്നാലെയാണ് കുട്ടി വീട്ടിൽ നിന്ന് പോയതെന്നാണ് കുടുംബത്തിന്റെ വിശദീകരണം.

തലശ്ശേരി എ.എസ്.പി ഡോ. നന്ദഗോപന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘവും രൂപീകരിച്ചിരുന്നു. ശിവസൂര്യ യാത്ര ചെയ്യാൻ സാധ്യതയുള്ള വിവിധ ഭാഗങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചും അന്വേഷണം നടത്തിയെങ്കിലും നിർണായകമായ സൂചന ലഭിച്ചിട്ടില്ല.

ശിവസൂര്യയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിക്കുകയും ആഭ്യന്തര മന്ത്രിക്ക് നിവേദനം നൽകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ച് അന്വേഷണവും പ്രഖ്യാപിച്ചത്. കേസന്വേഷണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം ഇന്ന് ശിവ സൂര്യയുടെ വീട്ടിലെത്തി പരിശോധന നടത്തി. അച്ഛൻ ജിഗീഷിന്റെയും, ആക്ഷൻ കമ്മിറ്റി ഭാരവാഹികളുടെയും മൊഴിയെടുത്തു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/386147/shivasurya-missing-case-crime-branch-investigation-chokli)