---
title: "പാനൂരിൽ കാട്ടുപന്നികളുടെ വിളയാട്ടം ; കാർഷിക വിളകൾ കൂട്ടത്തോടെ നശിപ്പിച്ചു."
english_title: "Wild Boar Menace Panoor Vallangad Crops Destroyed Farmer Loss"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/386018/wild-boar-attack-panoor-vallangad-crops-destroyed-farmer"
published_at: "2026-10-08T09:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac71029af6b7_wild-boar-attack-panoor-vallangad-crops-destroyed-farmer.jpg"
keywords: []
---

# പാനൂരിൽ കാട്ടുപന്നികളുടെ വിളയാട്ടം ; കാർഷിക വിളകൾ കൂട്ടത്തോടെ നശിപ്പിച്ചു.

> **Lead Summary:** പാനൂരിനടുത്ത വള്ളങ്ങാട്ടാണ് കർഷകന്റെ അധ്വാനത്തിന് മേൽ കാട്ടുപന്നികളുടെ ആക്രമണം.നേന്ത്രവാഴകളും കവുങ്ങിൻ തൈകളും തെങ്ങിൻ ചുവടുകളുമെല്ലാം നശിപ്പിച്ച് കാട്ടുപന്നികൾ മടങ്ങി.

## Article Content

പാനൂരിനടുത്ത വള്ളങ്ങാട്ടാണ് കർഷകന്റെ അധ്വാനത്തിന് മേൽ കാട്ടുപന്നികളുടെ ആക്രമണം.നേന്ത്രവാഴകളും കവുങ്ങിൻ തൈകളും തെങ്ങിൻ ചുവടുകളുമെല്ലാം നശിപ്പിച്ച് കാട്ടുപന്നികൾ മടങ്ങി.

മണ്ണിൽ അധ്വാനത്തിന്റെ വിയർപ്പു വീഴ്ത്തി, വിളവിന്റെ പ്രതീക്ഷയോടെ കാത്തിരുന്ന കർഷകന് മുന്നിൽ ഇപ്പോൾ അവശേഷിക്കുന്നത് നാശത്തിന്റെ കാഴ്ചകൾ.പാനൂർ ശ്രീലയത്തിൽ ശ്രീജേഷിന്റെ പറമ്പിലാണ് കാട്ടുപന്നിക്കൂട്ടം കൃഷി നശിപ്പിച്ചത്.രാത്രിയുടെ മറവിലെത്തിയ കാട്ടുപന്നികൾ പറമ്പിലാകെ കയറിയിറങ്ങി കാർഷിക വിളകൾക്ക് വ്യാപക നാശം വരുത്തുകയായിരുന്നു.

വളർത്തി വലുതാക്കിയ നേന്ത്രവാഴകൾ നശിപ്പിച്ച നിലയിലാണ്.വളർച്ചയുടെ പ്രതീക്ഷയിലായിരുന്ന കവുങ്ങിൻ തൈകളും കാട്ടുപന്നികളുടെ ആക്രമണത്തിൽ നിലംപൊത്തി.തെങ്ങിൻ ചുവടുകളും കുത്തിപ്പൊളിച്ച നിലയിലാണ്.കർഷകന്റെ മാസങ്ങളായുള്ള അധ്വാനവും പ്രതീക്ഷയുമാണ് നിമിഷങ്ങൾക്കകം തകർന്നത്.

കൃഷിയിടങ്ങളിൽ കാട്ടുപന്നികളുടെ സാന്നിധ്യം തുടർച്ചയായതോടെ പ്രദേശത്തെ കർഷകരും ആശങ്കയിലാണ്.രാത്രിയായാൽ കൃഷിയിടങ്ങളിലേക്ക് ഇറങ്ങാൻ പോലും കഴിയാത്ത സ്ഥിതിയാണെന്നാണ് നാട്ടുകാർ പറയുന്നത്.കൃഷിയെ ആശ്രയിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നവർക്ക് കാട്ടുപന്നി ശല്യം വലിയ ഭീഷണിയായി മാറുകയാണ്.

വിളകൾ നശിപ്പിക്കുന്ന കാട്ടുപന്നികളെ നിയന്ത്രിക്കുന്നതിനും കർഷകർക്ക് സംഭവിക്കുന്ന കൃഷിനാശത്തിന് അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കുന്നതിനും അടിയന്തര നടപടി വേണമെന്ന ആവശ്യവും ശക്തമാണ്.

കർഷകന്റെ വിയർപ്പിന് വിലയുള്ള നാട്ടിൽ, കാട്ടുപന്നികളുടെ വിളയാട്ടം അവസാനിപ്പിക്കാൻ അധികൃതരുടെ അടിയന്തര ഇടപെടൽ കാത്തിരിക്കുകയാണ് വള്ളങ്ങാട്ടെ കർഷകർ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/386018/wild-boar-attack-panoor-vallangad-crops-destroyed-farmer)