---
title: "അറുപതിന്റെ നിറവിൽ  അഞ്ചര പതിറ്റാണ്ടിന് ശേഷം വീണ്ടും ഒരുമിച്ച് കടവത്തൂർ വെസ്റ്റ് യു.പി സ്കൂളിലെ സഹപാഠികളുടെ വിനോദ യാത്ര"
english_title: "Kadavathur West UP School 1979 Batch Reunion Trip After 55 Years Komachi Park"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/385933/kadavathur-west-up-school-1979-batch-reunion-55-years-komachi-park"
published_at: "2026-10-07T14:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac60ef40e4fd_kadavathur-west-up-school-1979-batch-reunion-55-years-komachi.jpg"
keywords: []
---

# അറുപതിന്റെ നിറവിൽ  അഞ്ചര പതിറ്റാണ്ടിന് ശേഷം വീണ്ടും ഒരുമിച്ച് കടവത്തൂർ വെസ്റ്റ് യു.പി സ്കൂളിലെ സഹപാഠികളുടെ വിനോദ യാത്ര

> **Lead Summary:**  കടവത്തൂർ:അരനൂറ്റാണ്ടിലേറെ മുമ്പ് ഒരേ വിദ്യാലയത്തിന്റെ മുറ്റത്ത് അറിവും സൗഹൃദവും പങ്കിട്ടവർ വീണ്ടും ഒത്തുചേർന്ന് നടത്തിയ വിനോദയാത്ര വേറിട്ടൊരു അനുഭവമായി. കടവത്തൂർ വെസ്റ്റ് യു.പി. സ്കൂളിൽ പഠിച്ച 1979 ബാച്ചിലെ പൂർവവിദ്യാർഥികളാണ് സൗഹൃദത്തിന്റെയും ഓർമകളുടെയും പുതിയ അധ്യായം രചിച്ചത്.

## Article Content

 കടവത്തൂർ:അരനൂറ്റാണ്ടിലേറെ മുമ്പ് ഒരേ വിദ്യാലയത്തിന്റെ മുറ്റത്ത് അറിവും സൗഹൃദവും പങ്കിട്ടവർ വീണ്ടും ഒത്തുചേർന്ന് നടത്തിയ വിനോദയാത്ര വേറിട്ടൊരു അനുഭവമായി. കടവത്തൂർ വെസ്റ്റ് യു.പി. സ്കൂളിൽ പഠിച്ച 1979 ബാച്ചിലെ പൂർവവിദ്യാർഥികളാണ് സൗഹൃദത്തിന്റെയും ഓർമകളുടെയും പുതിയ അധ്യായം രചിച്ചത്.

‘സഹപാഠികളോടൊപ്പം അവരുടെ ഇണകളും’ എന്ന ആശയത്തിൽ സഹപാഠികളും ജീവിതപങ്കാളികളും ഒരുമിച്ചാണ് ഇത്തവണത്തെ യാത്ര നടത്തിയത്. പഠനകാലത്തെ ഓർമകൾ പുതുക്കിയും വിശേഷങ്ങൾ പങ്കുവെച്ചും ചിരിയും തമാശയും പാട്ടും നൃത്തവുമായി അറുപതിന്റെ നിറവിലും സൗഹൃദത്തിന് പ്രായമില്ലെന്ന് തെളിയിക്കുകയായിരുന്നു ഇവർ.

അഞ്ചര പതിറ്റാണ്ട് മുമ്പ് കടവത്തൂർ വെസ്റ്റ് യു.പി. സ്കൂളിൽ പ്രവേശനം നേടിയവരാണ് കൂട്ടായ്മയിലെ ഭൂരിഭാഗം പേരും. 1979-ൽ പ്രൈമറി പഠനം പൂർത്തിയാക്കിയ ശേഷം പല വഴികളിലായി പിരിഞ്ഞുപോയെങ്കിലും സൗഹൃദത്തിന്റെ കണ്ണികൾ മുറിഞ്ഞില്ല. നാല് വർഷം മുമ്പാണ് സഹപാഠികളെ വീണ്ടും ഒരുമിപ്പിക്കണമെന്ന ആശയം കൂട്ടായ്മയിൽ ഉയർന്നത്.

തുടർന്ന് പഴയ സഹപാഠികളുടെ മേൽവിലാസങ്ങൾ കണ്ടെത്തുകയായിരുന്നു ആദ്യ ദൗത്യം. എഴുപതോളം പേരെ ഉൾപ്പെടുത്തി വാട്സ്ആപ്പ് കൂട്ടായ്മ രൂപീകരിച്ചതോടെ വർഷങ്ങൾക്കുശേഷം സൗഹൃദബന്ധങ്ങൾ വീണ്ടും സജീവമായി. പിന്നീട് ഓരോ വർഷവും വിനോദയാത്രയും സൗഹൃദ സംഗമങ്ങളും സംഘടിപ്പിച്ച് കൂട്ടായ്മ ശക്തിപ്പെടുത്തുകയായിരുന്നു.

കഴിഞ്ഞ ദിവസം വയനാട്ടിലെ കോമാച്ചി പാർക്കിലേക്കായിരുന്നു നാലാമത്തെ യാത്ര. കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി കർണാടകയിലെ കുടക്, കോഴിക്കോട് ജില്ലയിലെ അകലാപ്പുഴ, ബേപ്പൂർ, വയനാട്ടിലെ കാരാപ്പുഴ, പൂക്കോട് തടാകം, ബാണാസുര ഡാം തുടങ്ങിയ സ്ഥലങ്ങളിലേക്കും സംഘം യാത്ര നടത്തിയിരുന്നു.

യാത്രകൾ വിനോദത്തിനപ്പുറം കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനുള്ള വേദി കൂടിയാണ്. ജീവകാരുണ്യ പ്രവർത്തനങ്ങളിലും വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളിലും കലാ-സാഹിത്യ വേദികളിലും 79 ബാച്ച് സജീവമായി ഇടപെടുന്നുണ്ട്.

വിദ്യാലയത്തിന്റെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി 79 ബാച്ചിന്റെ പ്രവർത്തനങ്ങളും സംഭാവനകളും കൂടുതൽ ശ്രദ്ധേയമായി അടയാളപ്പെടുത്താനുള്ള ആലോചനകളും ഇത്തവണത്തെ യാത്രയ്ക്കിടെ നടന്നു. നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ വിപുലമായ ബാച്ച് സംഗമവും സംഘടിപ്പിക്കുന്നുണ്ട്.

എഴുപതോളം പേരടങ്ങുന്ന വാട്സ്ആപ്പ് കൂട്ടായ്മയും 11 അംഗ എക്സിക്യൂട്ടീവ് ബോഡിയും ഭാരവാഹികളുമാണ് ബാച്ചിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. പാർക്കിലെ ഓഡിറ്റോറിയത്തിൽ നടന്ന സൗഹൃദ സംഗമത്തിൽ പ്രസിഡന്റ് ഡോ. അബൂബക്കർ കടവത്തൂർ, സെക്രട്ടറി സി.എച്ച്. ഇസ്മായിൽ ഫാറൂഖി, ട്രഷറർ മുസ്തഫ കളത്തിൽ, സഹഭാരവാഹികളായ എൻ.കെ. അഹ്മദ് മദനി, മറിയം അൻവാരിയ, ടി. അറഫ് മാസ്റ്റർ, പി.വി. മുഹമ്മദ്, സലാം പുനത്തുമ്മൽ, ടി. മുഹമ്മദ്, എം.കെ. ഇസ്മായിൽ എന്നിവർ നേതൃത്വം നൽകി.

പഠനകാലത്തെ ഓർമകൾ പങ്കുവെച്ചും പഴയ കഥകൾ പറഞ്ഞും പാട്ടുപാടിയും ആടിയും ചിരിച്ചും അറുപതിലെത്തിയ സഹപാഠികൾ വീണ്ടും കുട്ടിക്കാലത്തേക്ക് മടങ്ങിയെത്തിയ പ്രതീതിയായിരുന്നു യാത്രയിൽ. കാലം അഞ്ചര പതിറ്റാണ്ട് പിന്നിട്ടെങ്കിലും അന്നത്തെ സൗഹൃദത്തിന് ഒട്ടും മങ്ങലേറ്റിട്ടില്ലെന്ന് തെളിയിച്ചുകൊണ്ട് കടവത്തൂർ വെസ്റ്റ് യു.പി. സ്കൂളിലെ 79 ബാച്ച് സൗഹൃദത്തിന്റെ ചരിത്രത്തിൽ പുതിയൊരു അധ്യായം കൂടി കുറിച്ചു.

English Summary: After more than 50 years classmates of Kadavathur West UP School 1979 batch reunited for leisure trip creating new chapter of friendship. Trip under concept classmates along with spouses to Komachi Park Wayanad was fourth trip. Most joined school 55 years ago completed primary in 1979. After separating different paths friendship continued. Idea to reunite raised 4 years ago, found addresses, formed 70 member WhatsApp group. Previous trips to Coorg Karnataka, Akalappuzha Kozhikode, Beypore, Karappuzha Wayanad, Pookode Lake, Banasura Dam. Beyond leisure trips group active in charity, improving school infrastructure, cultural forums. Discussed marking batch contributions as part of school centenary. Grand batch reunion planned on Nov 1 Kerala Piravi day. 70 member WhatsApp group and 11 member executive led by President Dr Aboobacker Kadavathur, Secretary CH Ismail Farooqui, Treasurer Mustafa Kalathil and others led meet at park auditorium with songs dance and memories.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/385933/kadavathur-west-up-school-1979-batch-reunion-55-years-komachi-park)