---
title: "ആയിരങ്ങളുടെ പ്രാർത്ഥനകൾക്കിടയിൽ  മയ്യഴിഅമ്മയുടെ തിരുസ്വരൂപം പൊതുവണക്കത്തിന് വച്ചു ; മാഹി ബസിലിക്കയിൽ 18 നാൾ നീളുന്ന  തിരുനാൾ മഹോത്സവത്തിന് കൊടിയേറി"
english_title: "Mahe Basilica St Therese Feast Flag Hoisting Begins"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/385638/mahe-basilica-st-therese-feast-flag-hoisting-18-days"
published_at: "2026-10-05T16:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac38a4a2f704_mahe-basilica-st-therese-feast-flag-hoisting-18-days.jpg"
keywords: ["mahe basilica", "st therese feast", "mayyazhi amma"]
---

# ആയിരങ്ങളുടെ പ്രാർത്ഥനകൾക്കിടയിൽ  മയ്യഴിഅമ്മയുടെ തിരുസ്വരൂപം പൊതുവണക്കത്തിന് വച്ചു ; മാഹി ബസിലിക്കയിൽ 18 നാൾ നീളുന്ന  തിരുനാൾ മഹോത്സവത്തിന് കൊടിയേറി

> **Lead Summary:** മാഹി: വിശ്വാസികളുടെ സാന്നിധ്യത്തിൽ മാഹി ബസിലിക്കയിൽ വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുനാൾ ആഘോഷങ്ങൾക്ക് കൊടിയേറി. വടക്കൻ മലബാറിലെ പ്രധാന തീർഥാടന കേന്ദ്രമായ ബസിലിക്കയിൽ നടന്ന കൊടിയേറ്റച്ചടങ്ങിൽ റെക്ടർ ഫാ. സെബാസ്റ്റ്യൻ കാരക്കാട്ട് കാർമികത്വം വഹിച്ചു. മാഹി എം.എൽ.എ അഡ്വ. ടി. അശോക് കുമാർ ഉൾപ്പെടെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും വിശ്വാസികളും ചടങ്ങിൽ പങ്കെടുത്തു.

## Article Content

മാഹി: വിശ്വാസികളുടെ സാന്നിധ്യത്തിൽ മാഹി ബസിലിക്കയിൽ വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുനാൾ ആഘോഷങ്ങൾക്ക് കൊടിയേറി. വടക്കൻ മലബാറിലെ പ്രധാന തീർഥാടന കേന്ദ്രമായ ബസിലിക്കയിൽ നടന്ന കൊടിയേറ്റച്ചടങ്ങിൽ റെക്ടർ ഫാ. സെബാസ്റ്റ്യൻ കാരക്കാട്ട് കാർമികത്വം വഹിച്ചു. മാഹി എം.എൽ.എ അഡ്വ. ടി. അശോക് കുമാർ ഉൾപ്പെടെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും വിശ്വാസികളും ചടങ്ങിൽ പങ്കെടുത്തു.

കൊടിയേറ്റച്ചടങ്ങിൽ പങ്കെടുക്കാൻ ബസിലിക്ക അങ്കണത്തിലും പരിസരത്തും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. നീണ്ട ക്യൂവിൽ കാത്തുനിന്നാണ് വിശ്വാസികൾ വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുസ്വരൂപം ദർശിച്ച് പ്രാർഥന നടത്തിയത്.

 കൊടിയേറ്റത്തിന് പിന്നാലെ അൾത്താരയിലെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുസ്വരൂപം പൊതുവണക്കത്തിനായി പ്രത്യേകം തയ്യാറാക്കിയ പീഠത്തിൽ പ്രതിഷ്ഠിച്ചു. കതിനാവെടികളുടെയും മാഹി നഗരസഭയുടെ പ്രത്യേക സൈറണിന്റെയും അകമ്പടിയോടെ 18 ദിവസം നീളുന്ന തിരുനാൾ ആഘോഷങ്ങൾക്ക് ഭക്തിനിർഭര തുടക്കം.

ഒക്ടോബർ 14ന് തിരുനാൾ ജാഗര ദിനത്തിൽ വൈകിട്ട് ഏഴിന് വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുസ്വരൂപം വഹിച്ചുള്ള നഗരപ്രദക്ഷിണം നടക്കും. ഒക്ടോബർ 15നാണ് പ്രധാന തിരുനാൾ. പുലർച്ചെ ഒന്നുമുതൽ രാവിലെ ആറുവരെ വിശ്വാസികളുടെ നേർച്ചയായ ശയനപ്രദക്ഷിണവും നടക്കും. രാവിലെ 10.30ന് കോഴിക്കോട് അതിരൂപത മെത്രാപ്പൊലീത്ത റവ. ഡോ. വർഗീസ് ചക്കാലക്കലിന്റെ കാർമികത്വത്തിൽ ആഘോഷമായ ദിവ്യബലി നടക്കും.

വിവിധ ദിവസങ്ങളിലായി വിവിധ റീത്തുകളിൽ ദിവ്യബലിയും നൊവേനയും നടക്കും. ഒക്ടോബർ 22ന് ഉച്ചകഴിഞ്ഞ് വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുസ്വരൂപം അൾത്താരയിലേക്ക് മാറ്റുന്നതോടെ തിരുനാൾ ആഘോഷങ്ങൾക്ക് സമാപനമാകും.

English Summary:

The 18-day annual feast of St. Therese began at Mahe Basilica, a major pilgrimage centre in North Malabar, with flag hoisting. Rector Fr. Sebastian Karakkatt led the ceremony in presence of Mahe MLA Adv. T. Ashok Kumar and thousands of devotees. The holy statue kept in the secret chamber of the altar was placed for public veneration. City procession will be held on October 14 evening, main feast on October 15 with Sayanapradakshinam and solemn mass by Archbishop Rev. Dr. Varghese Chakkalakkal.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/385638/mahe-basilica-st-therese-feast-flag-hoisting-18-days)