---
title: "ചക്കരക്കല്ലിൽ  ബോംബേറിൽ സിപിഎം പ്രവർത്തകന് കാൽ നഷ്ടമായ കേസ് ; ആർഎസ്എസ്കാരനായ  ഒന്നാം പ്രതിക്ക് 29.6 വർഷവും,  മറ്റു നാല് പ്രതികൾക്ക് 13.6 വർഷവും തടവ്"
english_title: "Chakkara Kally Bomb Attack Case RSS Workers Sentenced 29 Years 13 Years CPM Worker Lost Leg"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/385387/chakkara-kally-bomb-attack-cpm-worker-leg-lost-rss-accused-sentenced-29-years"
published_at: "2026-10-03T19:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac11123d21f3_6abe459f02733_chakkarakkal-cpm-worker-bomb-attack-five-rss-workers-.jpg"
keywords: []
---

# ചക്കരക്കല്ലിൽ  ബോംബേറിൽ സിപിഎം പ്രവർത്തകന് കാൽ നഷ്ടമായ കേസ് ; ആർഎസ്എസ്കാരനായ  ഒന്നാം പ്രതിക്ക് 29.6 വർഷവും,  മറ്റു നാല് പ്രതികൾക്ക് 13.6 വർഷവും തടവ്

> **Lead Summary:** തലശ്ശേരി: ചക്കരക്കല്ല് തലമുണ്ടയിൽ സിപിഐ എം പ്രവർത്തകന്റെ കാൽ ബോംബെറിഞ്ഞ് തകർത്ത കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ അഞ്ച് ആർഎസ്എസ് പ്രവർത്തകർക്കുള്ള ശിക്ഷ കോടതി വിധിച്ചു. ഒന്നാം പ്രതിക്ക് 29 വർഷവും ആറുമാസവും കഠിനതടവും 1,35,000 രൂപ പിഴയുമാണ് തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി റൂബി കെ ജോസ് വിധിച്ചത്. മറ്റ് നാല് പ്രതികൾക്ക് പതിമൂന്നര വർഷം തടവും 75,000 രൂപ വീതം പിഴയും വിധിച്ചു.

## Article Content

തലശ്ശേരി: ചക്കരക്കല്ല് തലമുണ്ടയിൽ സിപിഐ എം പ്രവർത്തകന്റെ കാൽ ബോംബെറിഞ്ഞ് തകർത്ത കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ അഞ്ച് ആർഎസ്എസ് പ്രവർത്തകർക്കുള്ള ശിക്ഷ കോടതി വിധിച്ചു. ഒന്നാം പ്രതിക്ക് 29 വർഷവും ആറുമാസവും കഠിനതടവും 1,35,000 രൂപ പിഴയുമാണ് തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി റൂബി കെ ജോസ് വിധിച്ചത്. മറ്റ് നാല് പ്രതികൾക്ക് പതിമൂന്നര വർഷം തടവും 75,000 രൂപ വീതം പിഴയും വിധിച്ചു.

പ്രതികളിൽ നിന്ന് ഈടാക്കുന്ന പിഴത്തുകയിൽ നിന്നും മൂന്ന് ലക്ഷം രൂപ ബോംബേറിൽ കാൽ നഷ്ടപ്പെട്ട ഒന്നാം കക്ഷിക്ക് (സമേഷിന്) നൽകാനും കോടതി ഉത്തരവായി.

ഒന്നാം പ്രതിയായ കോയ്യോട് ചെമ്പിലോട് കോവിലിലെ കൊടിവളപ്പിൽ ഹൗസിൽ കെ.വി. സിനോജ് എന്ന ചക്കി സിനോജിനാണ് (37) വധശ്രമം, സ്ഫോടക വസ്തു നിയമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തി ഇരുപത്തിയൊൻപതര വർഷത്തെ തടവ് വിധിച്ചത്.

ഐപിസി 143 പ്രകാരം 6 മാസം, 147 പ്രകാരം 1 വർഷം, 148 പ്രകാരം 1 വർഷം, 326 പ്രകാരം 5 വർഷം തടവും 25,000 രൂപ പിഴയും, 307 (വധശ്രമം) പ്രകാരം 7 വർഷം തടവും 50,000 രൂപ പിഴയും, സ്ഫോടക വസ്തു നിയമം വകുപ്പ് 3 പ്രകാരം 10 വർഷം തടവും 50,000 രൂപ പിഴയും, വകുപ്പ് 5 പ്രകാരം 5 വർഷം തടവും 10,000 രൂപ പിഴയുമാണ് ഒന്നാം പ്രതിക്ക് ലഭിച്ച ശിക്ഷകൾ. ഐപിസി 148, സ്ഫോടക വസ്തു നിയമത്തിലെ 3, 5 എന്നീ വകുപ്പുകൾ ഒന്നാം പ്രതിക്ക് മാത്രമേ ചുമത്തിയിട്ടുള്ളൂ.

മറ്റ് പ്രതികളായ ഏച്ചൂർ അങ്കണവാടിക്കടുത്ത അയ്യപ്പൻ മല ചടയൻ ഹൗസിൽ സി. ലനീഷ് (33), ചെമ്പിലോട് കോവിൽ കോരൻ നായർ സ്മാരക വിജ്ഞാന കേന്ദ്രത്തിനടുത്ത മയൂരം ഹൗസിൽ കെ. ശിശിർ (31), സഹോദരൻ കെ.വി. ശാരോൺ (33), ചെമ്പിലോട് കോവിൽ പാറക്കൽ ഹൗസിൽ സി.കെ. ഷനിൽകുമാർ (44) എന്നിവർക്കാണ് പതിമൂന്നര വർഷം തടവ് വിധിച്ചത്.

ഇവർക്ക് ഐപിസി 143 പ്രകാരം 6 മാസം, 147 പ്രകാരം 1 വർഷം, 326 പ്രകാരം 5 വർഷം തടവും 25,000 രൂപ പിഴയും, 307 പ്രകാരം 7 വർഷം തടവും 50,000 രൂപ പിഴയുമാണ് കോടതി വിധിച്ച ശിക്ഷ.

2016 ജനുവരി മൂന്നിന് വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. സുഹൃത്ത് ഒ.കെ. രാജേഷിനൊപ്പം മോട്ടോർ സൈക്കിളിൽ യാത്രചെയ്യുകയായിരുന്ന തലമുണ്ട സ്വദേശി കെ. സമേഷിനെ ചെമ്പിലോട് കോവിൽറോഡ് ജങ്ഷനിൽ വെച്ച് ആർഎസ്എസ് സംഘം ബോംബെറിയുകയായിരുന്നു.

സമേഷിന്റെ കാലിൽ തട്ടി ബോംബ് പൊട്ടിത്തെറിച്ചതിനെ തുടർന്ന് കാൽ ചിതറിപ്പോവുകയും പിന്നീട് മുറിച്ചുമാറ്റുകയും ചെയ്തു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് രാജേഷിനും, സ്ഫോടനം നടന്ന സ്ഥലത്തിനടുത്ത വീട്ടിൽ നിൽക്കുകയായിരുന്ന സഫിയയ്ക്കും ബോംബിന്റെ ചീളുകൾ തെറിച്ച് പരിക്കേറ്റിരുന്നു. പത്ത് വർഷത്തിന് ശേഷമാണ് കേസിൽ വിധി വന്നിരിക്കുന്നത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ. രൂപേഷാണ് ഹാജരായത്. പ്രതികളുടെ ജാമ്യം റദ്ദാക്കി തലശേരി സബ് ജയിലിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/385387/chakkara-kally-bomb-attack-cpm-worker-leg-lost-rss-accused-sentenced-29-years)