---
title: "അമ്മയ്ക്ക് ആശുപത്രിയിൽ കൂട്ടിരുന്ന് വീട്ടിലേക്ക് മടങ്ങി ; വഴിയിൽ കാത്തിരുന്നത് മരണം, കണ്ണൂരിൽ  ബൈക്ക് ടിപ്പറിലിടിച്ച് 19-കാരന് ദാരുണാന്ത്യം"
english_title: "Kannur 19 Year Old Dies Bike Tipper Accident After Night Stay With Mother Hospital Vayattuparamba Abhinav Suresh"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/384882/kannur-19-year-old-dies-bike-tipper-accident-after-mother-hospital-visit-vayattuparamba"
published_at: "2026-09-30T15:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abcdcd819fa9_Untitled-2_copy.jpg"
keywords: ["Abhinav Suresh Accident Death", "Kannur Bike Tipper Accident", "Mudikkanam Junction Accident", "Pariyaram medical college"]
---

# അമ്മയ്ക്ക് ആശുപത്രിയിൽ കൂട്ടിരുന്ന് വീട്ടിലേക്ക് മടങ്ങി ; വഴിയിൽ കാത്തിരുന്നത് മരണം, കണ്ണൂരിൽ  ബൈക്ക് ടിപ്പറിലിടിച്ച് 19-കാരന് ദാരുണാന്ത്യം

> **Lead Summary:** കണ്ണൂർ: അമ്മയ്ക്ക് ആശുപത്രിയിൽ കൂട്ടിരുന്ന ശേഷം വീട്ടിലേക്ക് മടങ്ങിയ 19-കാരന് വഴിയിൽ ദാരുണാന്ത്യം. വായാട്ടുപറമ്പ് ജങ്ഷനിലെ സുരേഷ്–സ്മിത ദമ്പതികളുടെ മകൻ അഭിനവ് സുരേഷ് ആണ് വാഹനാപകടത്തിൽ മരിച്ചത്.ബുധനാഴ്ച രാവിലെ 7.30-ഓടെ പരിയാരം അമ്മാനപ്പാറയിലെ ചുടല–മാതമംഗലം റോഡിൽ മുടിക്കാനം ജങ്ഷനിലായിരുന്നു അപകടം.

## Article Content

കണ്ണൂർ: അമ്മയ്ക്ക് ആശുപത്രിയിൽ കൂട്ടിരുന്ന ശേഷം വീട്ടിലേക്ക് മടങ്ങിയ 19-കാരന് വഴിയിൽ ദാരുണാന്ത്യം. വായാട്ടുപറമ്പ് ജങ്ഷനിലെ സുരേഷ്–സ്മിത ദമ്പതികളുടെ മകൻ അഭിനവ് സുരേഷ് ആണ് വാഹനാപകടത്തിൽ മരിച്ചത്.ബുധനാഴ്ച രാവിലെ 7.30-ഓടെ പരിയാരം അമ്മാനപ്പാറയിലെ ചുടല–മാതമംഗലം റോഡിൽ മുടിക്കാനം ജങ്ഷനിലായിരുന്നു അപകടം.

പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അമ്മയ്ക്ക് രാത്രി കൂട്ടിരുന്ന ശേഷം രാവിലെയാണ് അഭിനവ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങിയത്. മുടിക്കാനം ജങ്ഷനിലെത്തിയപ്പോൾ നിയന്ത്രണംവിട്ട ബൈക്ക് മുന്നിലൂടെ പോകുകയായിരുന്ന കെ.എൽ. 59 എഫ്. 9727 നമ്പർ ചെങ്കൽ ലോറിയിൽ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ നിന്ന് തെറിച്ചുവീണ അഭിനവ് എതിർദിശയിൽ മാതമംഗലം ഭാഗത്തുനിന്ന് മണൽ കയറ്റി എത്തിയ ടോറസ് ലോറിയുടെ അടിയിലേക്ക് വീണു. പിന്നാലെ ടോറസ് ലോറി ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ അഭിനവ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. അപകടത്തിന്റെ ആഘാതത്തിൽ തലയ്ക്ക് ഉൾപ്പെടെ ഗുരുതരമായി പരിക്കേറ്റതായി ദൃക്സാക്ഷികൾ പറഞ്ഞു.

അപ്രതീക്ഷിതമായ ദുരന്തത്തിന്റെ നടുക്കത്തിലാണ് അഭിനവിന്റെ കുടുംബവും നാട്ടുകാരും. അമ്മയെ ആശുപത്രിയിൽ കണ്ടശേഷം വീട്ടിലേക്ക് മടങ്ങിയ യുവാവിന്റെ യാത്ര മരണത്തിലേക്ക് അവസാനിക്കുകയായിരുന്നു.

വിവരമറിഞ്ഞ് പരിയാരം പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

അപകടത്തിൽ പരിയാരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അപകടത്തിന്റെ സാഹചര്യം സംബന്ധിച്ചും വാഹനങ്ങളുടെ സഞ്ചാരത്തെക്കുറിച്ചും പൊലീസ് പരിശോധന തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/384882/kannur-19-year-old-dies-bike-tipper-accident-after-mother-hospital-visit-vayattuparamba)