---
title: "പയ്യന്നൂരിൽ ഒന്നര വയസുകാരൻ ദേവാൻഷിന്റെ മരണം; ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോക്ടർമാരെ പ്രതി ചേർക്കും"
english_title: "Payyanur One and Half Year Old Devansh Death Medical Negligence Expert Panel Baby Memorial Hospital Doctors Accused"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/384828/payyanur-toddler-devansh-death-medical-negligence-expert-panel-baby-memorial-doctors"
published_at: "2026-09-30T11:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a95042b7ced9_payyannur-toddler-death-anesthesia-probe-delay-family-complaint.jpg"
keywords: []
---

# പയ്യന്നൂരിൽ ഒന്നര വയസുകാരൻ ദേവാൻഷിന്റെ മരണം; ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോക്ടർമാരെ പ്രതി ചേർക്കും

> **Lead Summary:** പയ്യന്നൂർ: പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണത്തിൽ ചികിത്സാ പിഴവുണ്ടായെന്ന് സംസ്ഥാനതല വിദഗ്ധ സമിതി റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോക്ടർമാരെ പ്രതി ചേർക്കും. സംസ്ഥാനതല വിദഗ്ധ സമിതി റിപ്പോർട്ട് പയ്യന്നൂർ പൊലീസിന് കൈമാറിയിട്ടുണ്ട്.

## Article Content

പയ്യന്നൂർ: പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണത്തിൽ ചികിത്സാ പിഴവുണ്ടായെന്ന് സംസ്ഥാനതല വിദഗ്ധ സമിതി റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോക്ടർമാരെ പ്രതി ചേർക്കും. സംസ്ഥാനതല വിദഗ്ധ സമിതി റിപ്പോർട്ട് പയ്യന്നൂർ പൊലീസിന് കൈമാറിയിട്ടുണ്ട്.

കഴിഞ്ഞ ജൂലൈ 11 നാണ് ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യ അനസ്തേഷ്യ നൽകുന്നതിനിടെ മരിച്ചത്. നിലവിൽ അനസ്തേഷ്യ നൽകിയ ഡോക്ടറെ മാത്രമാണ് കേസിൽ പ്രതി ചേർത്തിട്ടുള്ളത്.

ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള സമിതിയാണ് സംസ്ഥാനതല റിപ്പോർട്ട് തയ്യാറാക്കിയത്. ഒന്നര വയസുകാരന്റെ മരണത്തിൽ ഡോക്ടർമാർക്ക് ഗുരുതര പിഴവ് സംഭവിച്ചെന്ന് മെഡിക്കൽ ബോർഡ് നേരത്തെ വിലയിരുത്തിയിരുന്നു. ഡോക്ടർമാരുടെ ഭാഗത്ത് നിന്ന് ഉണ്ടായത് കുറ്റകരമായ അനാസ്ഥയാണെന്നും ബോർഡ് കണ്ടെത്തിയിരുന്നു.

വീട്ടിൽ കളിച്ചുകൊണ്ടിരിക്കെ മുറ്റത്ത് വീണ് പരുക്കേറ്റ കുഞ്ഞിന്റെ മുഖത്തെയും ചുണ്ടിലെയും മുറിവിന് സ്റ്റിച്ച് ഇടാനാണ് പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ നിസാര പരുക്ക് മാത്രമുള്ള കുഞ്ഞിന് ഡോക്ടർ അനസ്തേഷ്യ നൽകുകയായിരുന്നു.

നിസാര പരുക്ക് മാത്രമുണ്ടായിരുന്ന കുഞ്ഞിന് അനസ്തേഷ്യ നൽകേണ്ട സാഹചര്യം ഇല്ലായിരുന്നുവെന്നാണ് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട്. ഒരു സെന്റീമീറ്ററിൽ താഴെ മാത്രമായിരുന്നു മുറിവ്.

അനസ്തേഷ്യ നൽകി 10 മിനിറ്റിനുള്ളിൽ കുഞ്ഞിന്റെ മസ്തിഷ്കത്തിലേക്കുള്ള രക്തയോട്ടം നിലയ്ക്കുകയായിരുന്നു. സംഭവത്തിൽ നീതി ലഭിക്കാൻ കുട്ടിയുടെ പിതാവ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരനും നിവേദനം നൽകിയിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/384828/payyanur-toddler-devansh-death-medical-negligence-expert-panel-baby-memorial-doctors)