---
title: "പരിചിത മുഖങ്ങളെ ക്യാൻവാസിൽ ജീവൻ തുടിക്കുന്ന ചിത്രങ്ങളാക്കി മാറ്റിയ പ്രശസ്ത ചിത്രകാരൻ പ്രശാന്ത് ഒളവിലത്തിന്റെ ചിത്രപ്രദർശനം മാഹി മലയാള കലാഗ്രാമത്തിൽ ആസ്വാദക ശ്രദ്ധ നേടുന്നു."
english_title: " Prashanth Olavilam Watercolor Portrait Exhibition Mahe Malayala Kalagramam Thalassery"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/384702/prashanth-olavilam-painting-exhibition-mahe-malayala-kalagramam-thalassery"
published_at: "2026-09-29T14:30:00+05:30"
category: "Panoor Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abb7eab058db_Untitled-2_copy.jpg"
keywords: ["Prashanth Olavilam", "Mahe Malayala Kalagramam", "Thalassery Painting Exhibition", "Watercolor Artist Kerala"]
---

# പരിചിത മുഖങ്ങളെ ക്യാൻവാസിൽ ജീവൻ തുടിക്കുന്ന ചിത്രങ്ങളാക്കി മാറ്റിയ പ്രശസ്ത ചിത്രകാരൻ പ്രശാന്ത് ഒളവിലത്തിന്റെ ചിത്രപ്രദർശനം മാഹി മലയാള കലാഗ്രാമത്തിൽ ആസ്വാദക ശ്രദ്ധ നേടുന്നു.

> **Lead Summary:**  മാഹി: തലശേരിയുടെയും, പരിസരങ്ങളുടെയും സാംസ്കാരിക ജീവിതത്തിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വങ്ങളുടെ മുഖചിത്രങ്ങൾ ഉൾപ്പെടെ 30 വാട്ടർ കളർ ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്.

## Article Content

 മാഹി: തലശേരിയുടെയും, പരിസരങ്ങളുടെയും സാംസ്കാരിക ജീവിതത്തിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വങ്ങളുടെ മുഖചിത്രങ്ങൾ ഉൾപ്പെടെ 30 വാട്ടർ കളർ ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്.

തലശേരിയുടെ ഓർമ്മകളിൽ ഇടം നേടിയ നിരവധി പരിചിത മുഖങ്ങളാണ് പ്രശാന്തിന്റെ ചിത്രങ്ങളിലൂടെ വീണ്ടും ആസ്വാദകർക്ക് മുന്നിലെത്തുന്നത്. മുൻ മന്ത്രി കോടിയേരി ബാലകൃഷ്ണൻ, പ്രശസ്ത സംഗീത സംവിധായകൻ കെ. രാഘവൻ മാസ്റ്റർ, ചിത്രകാരൻ എം.വി. ദേവൻ, പ്രിയദർശിനി ടീച്ചർ, അവധൂതമ്മ തുടങ്ങിയവരുടെ ചിത്രങ്ങൾ പ്രദർശനത്തിലെ ശ്രദ്ധേയ സൃഷ്ടികളാണ്.

വെറും മുഖസാദൃശ്യം പകർത്തുന്നതിൽ ഒതുങ്ങാതെ വ്യക്തികളുടെ സ്വഭാവവും ജീവിതാനുഭവങ്ങളും മുഖഭാവങ്ങളിലൂടെ ക്യാൻവാസിൽ എത്തിക്കാനുള്ള ശ്രമമാണ് ഓരോ ചിത്രത്തിലും കാണാനാകുന്നത്. ജലച്ചായത്തിന്റെ ലാളിത്യവും സൂക്ഷ്മമായ ബ്രഷ് സ്ട്രോക്കുകളും ചിത്രങ്ങൾക്ക് കൂടുതൽ ജീവൻ പകരുന്നു. തലശേരിയുടെ സാംസ്കാരിക ഓർമ്മകളെ ചിത്രങ്ങളിലൂടെ അടയാളപ്പെടുത്തുന്ന പ്രദർശനം എന്ന പ്രത്യേകതയും ഇതിനുണ്ട്.

മാഹി മലയാള കലാഗ്രാമത്തിൽ ചിത്രകലാ അധ്യാപകനായി പ്രവർത്തിക്കുന്ന പ്രശാന്ത് ഒളവിലം കേരളത്തിലെ ശ്രദ്ധേയരായ വാട്ടർ കളർ ചിത്രകാരന്മാരിൽ ഒരാളാണ്. സാഹിത്യകൃതികൾക്ക് ചിത്രരചനയിലൂടെയും അദ്ദേഹം സാന്നിധ്യമറിയിച്ചിട്ടുണ്ട്. മാതൃഭൂമി പ്രസിദ്ധീകരിച്ച എം. മുകുന്ദന്റെ എംബസിക്കാലം, ജി.ആർ. ഇന്ദുഗോപന്റെ ആനോ എന്നീ കൃതികൾക്ക് ചിത്രങ്ങൾ ഒരുക്കിയത് പ്രശാന്താണ്.

2012ലും 2018ലും കേരള ലളിതകലാ അക്കാദമി പുരസ്കാരം നേടിയിട്ടുള്ള പ്രശാന്ത് കേരളത്തിനകത്തും പുറത്തുമായി നിരവധി ഏകാംഗ, സംഘചിത്ര പ്രദർശനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ചിത്രകലയിലെ വ്യത്യസ്ത പരീക്ഷണങ്ങൾക്കൊപ്പം തനിക്കു ചുറ്റുമുള്ള മനുഷ്യരെയും അവരുടെ ജീവിതങ്ങളെയും കലയുടെ ഭാഗമാക്കുന്ന രീതിയാണ് അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ പ്രത്യേകത.

തലശേരിയുടെയും പരിസരങ്ങളുടെയും സാംസ്കാരിക ഓർമ്മകളെ നിറങ്ങളിലൂടെ പുനരാവിഷ്കരിക്കുന്ന ഈ ചിത്രപ്രദർശനം സെപ്റ്റംബർ 30ന് സമാപിക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/384702/prashanth-olavilam-painting-exhibition-mahe-malayala-kalagramam-thalassery)