---
title: "പരിയാരത്ത്  വയോധികയുടെ ഒന്നര പവൻ സ്വർണമാല കവർന്ന ദമ്പതികൾ  പിടിയിലായത് മണിക്കൂറുകൾക്കകം ; പൊട്ടിച്ചെടുത്ത മാല വിറ്റ പണവുമായി മൊബൈൽ ഫോൺ  കുടിശ്ശിക തീർത്തത് വഴിത്തിരിവായി"
english_title: "Pariyaram Elderly Woman Gold Chain Snatch Couple Arrested Mobile EMI Clue Payyanur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/384208/pariyaram-elderly-gold-chain-snatch-couple-arrested-mobile-emi-clue"
published_at: "2026-09-25T22:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab6af8ce6ed5_pariyaram-elderly-gold-chain-snatch-couple-arrested-mobile-emi-clue.jpg"
keywords: ["Pariyaram", "Gold Chain Snatching", "Payyanur Police", "Arjun Helen Arrest", "CCTV", "Mobile EMI"]
---

# പരിയാരത്ത്  വയോധികയുടെ ഒന്നര പവൻ സ്വർണമാല കവർന്ന ദമ്പതികൾ  പിടിയിലായത് മണിക്കൂറുകൾക്കകം ; പൊട്ടിച്ചെടുത്ത മാല വിറ്റ പണവുമായി മൊബൈൽ ഫോൺ  കുടിശ്ശിക തീർത്തത് വഴിത്തിരിവായി

> **Lead Summary:** വഴിയാത്രക്കാരിയായ വയോധികയുടെ സ്വർണമാല പൊട്ടിച്ചെടുത്ത ദമ്പതികൾ മണിക്കൂറുകൾക്കകം പോലീസ് പിടിയിലായി. തായിനേരി ഹാജി റോഡിലെ തറമ്മൽ അർജുൻ , ഭാര്യ കരിവെള്ളൂർ കൂക്കാനത്തെ ടി.വി ഹെലന എന്നിവരാണ് പിടിയിലായത്.

## Article Content

വഴിയാത്രക്കാരിയായ വയോധികയുടെ സ്വർണമാല പൊട്ടിച്ചെടുത്ത ദമ്പതികൾ മണിക്കൂറുകൾക്കകം പോലീസ് പിടിയിലായി. തായിനേരി ഹാജി റോഡിലെ തറമ്മൽ അർജുൻ , ഭാര്യ കരിവെള്ളൂർ കൂക്കാനത്തെ ടി.വി ഹെലന എന്നിവരാണ് പിടിയിലായത്.

ഉച്ചക്ക് ഏഴിലോട് പുറച്ചേരി റോഡിലൂടെ നടന്നുപോവുകയായിരുന്ന പുറച്ചേരിയിലെ സരോജിനിയുടെ 1,60,000രൂപ വിലമതി ക്കുന്ന ഒന്നര പവൻ മാല പൊട്ടിച്ചെടുത്ത കേസിലാണ് പയ്യന്നൂർ ഡിവൈ. എസ്.പി: പി.കെ മണിയുടെ നിർദേശപ്രകാരം പരിയാരം സി.ഐ: വിനോദ്‌കുമാറിന്റെ മേൽനോട്ടത്തിൽ നടന്ന അന്വേഷണത്തിൽ എസ്.ഐ പി. യദുകൃഷ്ണൻ പ്രതികളെ അറസ്റ്റ് ചെയ്തത്.

വഴി ചോദിക്കാനെന്ന വ്യാജേനയാണ് ബൈക്കിലെത്തിയ ദമ്പതികൾ സരോജിനിക്ക് സമീപമെത്തിയത്. പെട്ടെന്നു തന്നെ കഴുത്തിൽ നിന്ന് മാല പൊട്ടിച്ചെടുത്ത് രക്ഷപ്പെടുകയായിരുന്നു.

പരാതി ലഭിച്ചയുടൻ പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. അതിൽ നിന്ന് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികളുടെ വ്യക്തമായ ചിത്രം ലഭിച്ചു. എന്നാൽ ആദ്യത്തെ ദൃശ്യങ്ങളിൽ ബൈക്കിൻ്റെ

നമ്പർ വ്യക്തമായിരുന്നില്ല. പിന്നീട് ഒരു സി.സി.ടി.വിയിൽ നിന്ന് ബൈക്കിൻ്റെ നമ്പർ ലഭിച്ചു. നമ്പർ പരിശോധിച്ചപ്പോൾ അർജുന്റേതാണ് ബൈക്കെന്ന് മനസിലായി.അതിനിടയിൽ അർജുന്റെ പിതാവ് പരചയക്കാരനായ പരിയാരത്തെ ഒരു എസ്. ഐയെ ഫോണിൽ മറ്റൊരു ആവശ്യത്തിന് ബന്ധപ്പെട്ടിരുന്നു.

ഒരു പ്രശസ്ത മൊബൈൽ ഫോൺ വിൽപ്പനശാലയിൽ നിന്ന് ഇ.എം.ഐ അടിസ്ഥാനത്തിൽ അർജുൻ ഒരു ഫോൺ വാങ്ങിച്ചിരുന്നു. അതിൻ്റെ ഇ.എം.ഐ തിരിച്ചടക്കാത്തതനെ ത്തുടർന്ന് ഫോൺ വിൽപ്പനക്കാർ അർജുൻ്റെ പിതാവിനെ വിളിക്കുകയും ഫോൺ പിടിച്ചെടുക്കുമെന്ന് പറയുകയും ചെയ്ത‌ിരുന്നു.

ഇക്കാര്യമാണ് പിതാവ് എസ്.ഐയോട് പറഞ്ഞത്. സംശയം തോന്നിയ എസ്.ഐ മകൻ്റെ പേരെന്താണെന്ന് ചോദിച്ചപ്പോൾ അർജുൻ ആണെന്ന മറുപടി ലഭിച്ചു. ഇതോടെ പോലീസ് സംഘം മൊബൈൽ ഫോൺ വിൽപ്പന ഷോപ്പിൽ എത്തി. അവിടെ എത്തിയപ്പോൾ ഏതാനും സമയം മുമ്പ് അർജുൻ വന്ന് ഇ.എം.ഐ അടച്ചതായി മനസിലായി. സി.സി.ടി.വിയിൽ പതിഞ്ഞ അർജുന്റെ ദൃശ്യം കാണിച്ച് ഇയാളാണോ പണം അടച്ചതെന്ന് ചോദിച്ചപ്പോൾ മൊബൈൽ ഷോപ്പുകാർ സ്ഥിരീകരിക്കുകയും ചെയ്‌തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അർജുനും, ഭാര്യയും പിടിയിലായത്. വിൽപ്പന നടത്തിയിരുന്നു. അവിടെ പണയം വെച്ച ഒരു മാല തിരിച്ചെടുക്കുകയും ചെയ്തു. അവിടെ നിന്ന് ലഭിച്ച പണവുമായാണ് മൊബൈൽ ഷോപ്പിൽ എത്തിയത്.

അർജുൻ ചെങ്കൽ ലോറി ഡ്രൈവറാണ്. ഭാര്യക്ക് ജോലിയൊന്നുമില്ല. വലിയ കടബാധ്യത യുണ്ടെന്നും അതിനാലാണ് മാല കവർച്ച നടത്തിയതെന്നുമാണ് അർജുൻ പോലീസിന് നൽകിയ മൊഴി. എസ്.ഐ: ശ്രീകുമാർ, എ.എസ്.ഐമാരായ ടി.കെ ഗിരീഷ്, എസ്.കെ പ്രതീഷ്, സൈദ്, സീനിയർ സി.പി.ഒ: ഇ.സി ജിജേഷ്, സി.പി.ഒ: കെ. അനൂപ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/384208/pariyaram-elderly-gold-chain-snatch-couple-arrested-mobile-emi-clue)