---
title: "വിജിലൻസ് ഇനി ഹൈടെക് ;  വിഎസിബി സ്യൂട്ട് 3.0 വഴി കേസുകളുടെ പുരോഗതി  ഉദ്യോഗസ്ഥർക്ക് തത്സമയം നിരീക്ഷിക്കാം"
english_title: " State Vigilance Hi Tech VACB Suite 3.0 Inauguration Home Minister Ramesh Chennithala"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/384204/state-vigilance-hi-tech-vacb-suite-3-0-inauguration-home-minister"
published_at: "2026-09-25T22:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab6a841daf23_state-vigilance-hi-tech-vacb-suite-3-0-inauguration-home-minister.jpg"
keywords: []
---

# വിജിലൻസ് ഇനി ഹൈടെക് ;  വിഎസിബി സ്യൂട്ട് 3.0 വഴി കേസുകളുടെ പുരോഗതി  ഉദ്യോഗസ്ഥർക്ക് തത്സമയം നിരീക്ഷിക്കാം

> **Lead Summary:** സംസ്ഥാന വിജിലൻസ് ഇനി ഹൈടെക്ക് നിലവാരത്തിലേയ്ക്ക്.വിഎസിബി സ്യൂട്ട് 3.0 യുടെ ഉദ്ഘാടനം ആഭ്യന്തരമന്ത്രി നിർവ്വഹിച്ചു.വിജിലൻസ് അന്വേഷണത്തിൽ നേരിട്ടുകൊണ്ടിരിക്കുന്ന കാലതാമസത്തിന് ഒരു പരിധിവരെ പരിഹാരമാകുന്നു. അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കേസുകളുടെയും അവയിന്മേലുള്ള അന്വേഷണങ്ങളുടേയും വിവരങ്ങൾ ഇനിമുതൽ ഡിജിറ്റൽ ഡേറ്റാ രൂപത്തിൽ ലഭിക്കും.

## Article Content

സംസ്ഥാന വിജിലൻസ് ഇനി ഹൈടെക്ക് നിലവാരത്തിലേയ്ക്ക്.വിഎസിബി സ്യൂട്ട് 3.0 യുടെ ഉദ്ഘാടനം ആഭ്യന്തരമന്ത്രി നിർവ്വഹിച്ചു.വിജിലൻസ് അന്വേഷണത്തിൽ നേരിട്ടുകൊണ്ടിരിക്കുന്ന കാലതാമസത്തിന് ഒരു പരിധിവരെ പരിഹാരമാകുന്നു. അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കേസുകളുടെയും അവയിന്മേലുള്ള അന്വേഷണങ്ങളുടേയും വിവരങ്ങൾ ഇനിമുതൽ ഡിജിറ്റൽ ഡേറ്റാ രൂപത്തിൽ ലഭിക്കും.

വിജിലൻസ് ആന്റ് ആന്റികറപ്ഷൻ ബ്യൂറോയുടെ നവീകരിച്ച ഡിജിറ്റൽ പ്ലാറ്റ്ഫോമായ വിഎസിബി സ്യൂട്ട് 3.0 ആണ് സംസ്ഥാന വിജിലൻസിനെ ഹൈടെക് ആക്കി മാറ്റിയിരിക്കുന്നത്.വിഎസിബി സ്യൂട്ട് 3.0 യുടെ ഉദ്ഘാടനം ആഭ്യന്തര വിജിലൻസ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിർവ്വഹിച്ചു.

വിജിലൻസ് കേസുകളുടെ അന്വേഷണത്തിനും ഏകോപനത്തിനും വേണ്ടിയുള്ള ഒരു സംയോജിത ഡിജിറ്റൽ പ്ലാറ്റ്ഫോമാണ് വിഎസിബി സ്യൂട്ട് 3.0 എന്ന് മന്ത്രി അറിയിച്ചു. രേഖകളുടെ മികച്ച പരിശോധനാ സംവിധാനം, ഡേറ്റാ സുരക്ഷിതത്വം, നിർവഹണവേഗത, ഉദ്യോഗസ്ഥ തലത്തിലുള്ള കാര്യക്ഷമമായ മേൽനോട്ടം തുടങ്ങിയവയാണ് പുതിയ സംവിധാനത്തിന്റെ സവിശേഷതകൾ. പൂർണ്ണമായും ബ്യൂറോയിലെ തന്നെ സാങ്കേതിക വിദഗ്ദ്ധരാണ് ഇത് വികസിപ്പിച്ചെടുത്തത് എന്ന പ്രത്യേകതയും ഇതിനുണ്ട്.

കേസന്വേഷണം സംബന്ധിച്ച എല്ലാ വിവരങ്ങളും ഡിജിറ്റൽ രൂപത്തിൽ ലഭ്യമാകുന്നത് അഴിമതിക്കെതിരെയുള്ള പ്രവർത്തനങ്ങളിൽ സർക്കാരിനും വകുപ്പിനും കൃത്യവും സമയബന്ധിതവുമായ തീരുമാനങ്ങൾ എടുക്കാൻ സഹായിക്കും. യൂണിറ്റ് മേധാവികൾക്കും മുതിർന്ന ഉദ്യോഗസ്ഥർക്കും അന്വേഷണത്തിന് ഫലപ്രദമായി മേൽനോട്ടം വഹിക്കുന്നതിനുള്ള നിരവധി സൗകര്യങ്ങൾ ആപ്ലിക്കേഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓരോ അന്വേഷണ ഉദ്യോഗസ്ഥനും അന്വേഷണം പൂർത്തിയാക്കാൻ എത്ര ദിവസം എടുക്കുന്നു, ഓരോ കേസും എത്ര ദിവസമായി തീർപ്പാക്കാതെ കിടക്കുന്നു എന്നിവ കൃത്യമായി മനസ്സിലാക്കാൻ മുതിർന്ന ഉദ്യോഗസ്ഥർക്ക് സാധിക്കും. ഇതിലൂടെ, ശരിയായ അന്വേഷണ നടപടികൾക്കാവശ്യമായ നിർദ്ദേശങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും കൃത്യസമയത്ത് നൽകാൻ അവർക്ക് കഴിയുമെന്നും ആഭ്യന്തരമന്ത്രി കൂട്ടിച്ചേർത്തു.

വിഎസിബി സ്യൂട്ട് 3.0 യുടെ ഉപയോഗത്തിനായുള്ള മാനുവലിന്റെ പ്രകാശനം, പുതുതായി രൂപകൽപ്പനചെയ്ത യൂണിഫോമിന്റെ വിതരണം എന്നിവയും ആഭ്യന്തര മന്ത്രി നിർവ്വഹിച്ചു. രാഷ്ട്രപതിയുടെ പുരസ്കാരങ്ങൾ നേടിയ വിജിലൻസ് ഉദ്യോഗസ്ഥർ അടക്കമുള്ളവർക്കുള്ള ബാഡ്ജ് ഓഫ് ഹോണറിന്റെ വിതരണവും അദ്ദേഹം നിർവ്വഹിച്ചു.

തൈക്കാട് പോലീസ് ട്രെയിനിംഗ് കോളേജിലെ മൈൻഡ് ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖർ അധ്യക്ഷത വഹിച്ചു. ഡി.ജി.പിയും വിജിലൻസ് & ആന്റി കറപ്ഷൻ ബ്യൂറോ ഡയറക്ടറുമായ മനോജ് എബ്രഹാം സ്വാഗതമാശംസിച്ചു.

ആഭ്യന്തരവകുപ്പ് ഉപദേഷ്ടാവും മുൻ ഡി.ജി.പിയുമായ എ. ഹേമചന്ദ്രൻ മുഖ്യാതിഥിയായി. വിജിലൻസ് & ആന്റി കറപ്ഷൻ ബ്യൂറോ ആസ്ഥാനത്തെ എസ്.പി എസ്.ആർ ജ്യോതിഷ് കുമാർ ആശംസകളർപ്പിച്ചു. വിജിലൻസ് ഇന്റലിജൻസ് എസ്.പി ഉജ്ജ്വൽ കുമാർ നന്ദി പറഞ്ഞു. ചടങ്ങിന് ശേഷം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഉദ്യോഗസ്ഥർക്കായി പ്രത്യേക പരിശീലന പരിപാടിയും സംഘടിപ്പിച്ചിരുന്നു.ഡോ. അഞ്ചൽ കൃഷ്ണകുമാർ, ഡെപ്യൂട്ടി ഡയറക്ടർ, സ്റ്റേറ്റ് പോലീസ് മീഡിയ സെന്റർ

English Summary: State Vigilance goes hi-tech with upgraded digital platform VACB Suite 3.0. Home Vigilance Minister Ramesh Chennithala inaugurated it. Developed entirely by bureau's own technical experts, the integrated platform will make case details available in digital data form, ensuring document verification, data security, execution speed and effective supervision. Senior officials can track investigation pendency days and guide timely action. Manual release, new uniform distribution and Badge of Honour for President's medal winners were also done. Event held at Thycaud Police Training College Mind Auditorium was presided by State Police Chief Rawada Azad Chandra Sekhar, welcomed by DGP and VACB Director Manoj Abraham, with former DGP A Hemachandran as chief guest.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/384204/state-vigilance-hi-tech-vacb-suite-3-0-inauguration-home-minister)