---
title: "ലഹരിക്കെതിരെ ‘തൂഫാൻ’ ഉയർത്തി പാനൂർ കെ.കെ.വി.എം സ്കൂൾ ; തൂഫാൻ വാരിയേഴ്സ് പ്രഖ്യാപനവും, മെഗാ വാക്കത്തോണും നടത്തി."
english_title: "Panoor KKVM School Anti Drug Toofan Warriors Mega Walkathon NSS"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/384067/panoor-kkvm-school-toofan-warriors-anti-drug-walkathon"
published_at: "2026-09-24T18:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab5196786611_panoor-kkvm-school-toofan-warriors-anti-drug.jpg"
keywords: []
---

# ലഹരിക്കെതിരെ ‘തൂഫാൻ’ ഉയർത്തി പാനൂർ കെ.കെ.വി.എം സ്കൂൾ ; തൂഫാൻ വാരിയേഴ്സ് പ്രഖ്യാപനവും, മെഗാ വാക്കത്തോണും നടത്തി.

> **Lead Summary:** പാനൂർ: ലഹരിക്കെതിരെ വിദ്യാർഥികളുടെ കൂട്ടായ്മ ശക്തമാക്കി പാനൂർ കെ.കെ.വി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ്. എൻ.എസ്.എസിന്റെ നേതൃത്വത്തിൽ ‘തൂഫാൻ വാരിയേഴ്സ്’ പ്രഖ്യാപനവും ലഹരി വിരുദ്ധ പ്രതിജ്ഞയും മെഗാ വാക്കത്തോണും സംഘടിപ്പിച്ചു.

## Article Content

പാനൂർ: ലഹരിക്കെതിരെ വിദ്യാർഥികളുടെ കൂട്ടായ്മ ശക്തമാക്കി പാനൂർ കെ.കെ.വി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ്. എൻ.എസ്.എസിന്റെ നേതൃത്വത്തിൽ ‘തൂഫാൻ വാരിയേഴ്സ്’ പ്രഖ്യാപനവും ലഹരി വിരുദ്ധ പ്രതിജ്ഞയും മെഗാ വാക്കത്തോണും സംഘടിപ്പിച്ചു.

പുതുതായി രൂപീകരിച്ച തൂഫാൻ കമാൻഡോസിന്റെ നേതൃത്വത്തിലായിരുന്നു മെഗാ വാക്കത്തോൺ. ലഹരിക്കെതിരെ വിദ്യാർഥികളിൽ അവബോധം സൃഷ്ടിക്കുകയും ലഹരിമുക്ത വിദ്യാലയവും സമൂഹവും എന്ന സന്ദേശം പൊതുസമൂഹത്തിലെത്തിക്കുകയും ചെയ്യുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം.

പാനൂർ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ കെ.സി. ഹസീന പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.കെ. ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ പി.വി. അൽഫോൻസ സ്വാഗതം പറഞ്ഞു.

പാനൂർ എസ്.ഐ മറിയ പ്രിൻസ് ‘തൂഫാൻ വാരിയേഴ്സ്’ പ്രഖ്യാപനം നടത്തി. തുടർന്ന് വിദ്യാർഥികളും അധ്യാപകരും ഉൾപ്പെടെ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. മുതിർന്ന മാധ്യമപ്രവർത്തകൻ വി.പി. ചാത്തു മാസ്റ്റർ, ഹെൽത്ത് ഇൻസ്പെക്ടർ സജിത്ത് കുമാർ, സ്റ്റാഫ് സെക്രട്ടറി പ്രിയ തുടങ്ങിയവർ സംസാരിച്ചു.

ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് വിദ്യാർഥികളെ ബോധവത്കരിക്കുകയും ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ അവരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യുകയാണ് തൂഫാൻ കമാൻഡോസ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. സ്കൂളുകളിൽ നടക്കുന്ന ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് വിദ്യാർഥികളുടെ നേതൃത്വവും പങ്കാളിത്തവും ഉറപ്പാക്കുന്നതിനൊപ്പം അധ്യാപകർ, രക്ഷിതാക്കൾ, പോലീസ്, തദ്ദേശസ്ഥാപനങ്ങൾ എന്നിവരുടെ സഹകരണത്തോടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.

വിദ്യാർഥികൾക്ക് സുരക്ഷിതമായ അന്തരീക്ഷത്തിൽ ലഹരിക്കെതിരായ പ്രവർത്തനങ്ങളുടെ ഭാഗമാകാനും സമൂഹത്തിൽ ബോധവത്കരണ സന്ദേശമെത്തിക്കാനും തൂഫാൻ കമാൻഡോസ് കൂട്ടായ്മയിലൂടെ അവസരമൊരുക്കും. മെഗാ വാക്കത്തോണിൽ വിദ്യാർഥികളുടെ സജീവ പങ്കാളിത്തം ശ്രദ്ധേയമായി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/384067/panoor-kkvm-school-toofan-warriors-anti-drug-walkathon)